ഓണം കാണാൻ ബറോസില്ലേ? സ്ക്രീനിൽ 'സംവിധാനം മോഹൻലാൽ' തെളിയാൻ വൈകുമെന്ന് റിപ്പോർട്ട്
നേരത്തെ 2024 മാർച്ച് 28ന് ബറോസ് റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു.
'സംവിധാനം മോഹൻലാൽ', ബിഗ് സ്ക്രീനിൽ ഈ എഴുത്ത് കാണാൻ കാത്തിരിക്കുന്നവരാണ് ഓരോ മോഹൻലാൽ ആരാധകരും സിനിമാസ്വാദകരും. ബറോസ് എന്ന ചിത്രത്തിലൂടെയാണ് മോഹൻലാൽ ആദ്യമായി സംവിധായകന്റെ മേലങ്കി അണിയാൻ ഒരുങ്ങുന്നത്. വർഷങ്ങൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ നിന്നും ഉൾകൊണ്ട പാഠങ്ങളുമായാണ് മോഹൻലാൽ തന്റെ സിനിമ ഒരുക്കിയത്. മുണ്ടും മടക്കി കുത്തി, മീശ പിരിച്ച് മാസ് ആക്ഷനുമായി ബിഗ് സ്ക്രീനിൽ തിളങ്ങിയ അദ്ദേഹം സംവിധായകനാകുമ്പോൾ എങ്ങനെയുണ്ടാകുമെന്ന് അറിയാൻ കാത്തിരിക്കുകയാണ് ഒട്ടനവധിപേർ.
സെപ്റ്റംബർ 12നാണ് ബറോസ് റിലീസിന് ഒരുങ്ങുന്നത്. എന്നാൽ ചിത്രത്തിന്റെ റിലീസ് മാറ്റിയെന്ന തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചാരം നടക്കുകയാണ്. പ്രമുഖ എന്റർടെയ്ൻമെന്റ് സൈറ്റായ പിങ്ക് വില്ലയും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിയറ്റർ ക്ലാഷ് ഒഴിവാക്കുന്നതിന് വേണ്ടിയാണ് റിലീസ് മാറ്റുന്നതെന്നാണ് റിപ്പോർട്ട്. ദ ഗോട്ട്, ലക്കി ഭാസ്കർ തുടങ്ങിയ സിനിമകളാണ് സെപ്റ്റംബറിൽ റിലീസിന് ഒരുങ്ങുന്നത്. അജയന്റെ രണ്ടാം മോഷണവും സെപ്റ്റംബറിൽ റിലീസ് ചെയ്യുമെന്നാണ് അനൗദ്യോഗിക വിവരം.
നേരത്തെ 2024 മാർച്ച് 28ന് ബറോസ് റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. എന്നാൽ പല കാരണങ്ങളാൽ ഇത് മാറ്റി. പിന്നാലെയാണ് സെപ്റ്റംബർ 12ന് റിലീസ് ചെയ്യുമെന്ന ഔദ്യോഗിക പ്രഖ്യാപനം വന്നത്. പിങ്ക് വില്ലയുടെ റിപ്പോർട്ട് പ്രകാരം ഒക്ടോബറിൽ ബറോസ് തിയറ്ററിൽ എത്തുമെന്നാണ് പറയപ്പെടുന്നത്. എന്തായാലും മോഹൻലാലിന്റെ ആദ്യ സംവിധാന ചിത്രം കാണാൻ ഇനിയും വൈകുമോ ഇല്ലയോ എന്നത് വരുംദിവസങ്ങളിൽ അറിയാനാകും.
എന്താണ് കഥ? ചോദ്യവുമായി മമ്മൂട്ടി; ഒടുവിൽ മരണവംശം 'മമ്മൂക്ക'യുടെ കയ്യിലെത്തിച്ച് പി വി ഷാജി കുമാർ
അതേസമയം, എമ്പുരാൻ, എൽ 360 എന്നീ ചിത്രങ്ങളാണ് മോഹൻലാലിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സിനിമയാണ് എൽ 360 എന്ന് താൽകാലികമായി പേര് നൽകിയിരിക്കുന്ന ചിത്രം.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..