Asianet News MalayalamAsianet News Malayalam

'സ്വാധീനിക്കാനായി മകളെ കൊണ്ട് വിളിപ്പിച്ചു'; മഞ്ജുവിന്‍റെ മൊഴി കോടതി രേഖപ്പെടുത്തിയില്ലെന്ന് സര്‍ക്കാര്‍

കേസില്‍ മൊഴി കൊടുക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് മകള്‍ മഞ്ജുവിനെ വിളിച്ച് ദിലീപിനെതിരെ മൊഴി നല്‍കരുതെന്ന് ആവശ്യപ്പെട്ടുവെന്നാണ് മഞ്ജു നല്‍കിയ മൊഴി. എന്നാല്‍ ഈ സുപ്രധാന മൊഴി വിചാരണക്കോടതി രേഖപ്പെടുത്തിയില്ല. കേസിനെ സ്വാധീനിക്കാനുളള പ്രതിയുടെ ശ്രമമെന്നറിഞ്ഞിട്ടും ഇടപെട്ടില്ലെന്നും സർക്കാർ ഹൈക്കോടതിയില്‍ സത്യവാങ്മൂലത്തില്‍ വിശദമാക്കുന്നു

by making call by daughter  actor Dileep attempts influence  manju Warrier main witness in actress attack case government affidavit
Author
Kochi, First Published Nov 2, 2020, 11:36 AM IST

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായ മഞ്ജുവിന്‍റെ മൊഴി വിചാരണക്കോടതി രേഖപ്പെടുത്തിയില്ല. കേസിലെ എട്ടാം പ്രതിയായ ദിലീപ് മകളെ ഉപയോഗിച്ച് മഞ്ജു വാര്യരെ സ്വാധീനിക്കാന്‍ നടത്തിയ ശ്രമത്തെക്കുറിച്ചുള്ള മൊഴി രേഖപ്പെടുത്തുന്നതില്‍ കോടതിയില്‍ വീഴ്ചയുണ്ടായി. കേസില്‍ മൊഴി കൊടുക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് മകള്‍ മഞ്ജുവിനെ വിളിച്ച് ദിലീപിനെതിരെ മൊഴി നല്‍കരുതെന്ന് ആവശ്യപ്പെട്ടുവെന്നാണ് മഞ്ജു നല്‍കിയ മൊഴി. എന്നാല്‍ ഈ സുപ്രധാന മൊഴി വിചാരണക്കോടതി രേഖപ്പെടുത്തിയില്ല. കേസിനെ സ്വാധീനിക്കാനുളള പ്രതിയുടെ ശ്രമമെന്നറിഞ്ഞിട്ടും ഇടപെട്ടില്ലെന്നും സർക്കാർ ഹൈക്കോടതിയില്‍ സത്യവാങ്മൂലത്തില്‍ വിശദമാക്കുന്നു. നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിക്കെതിരെ ഗുരുതര ആരോപണമാണ് സർക്കാർ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നടത്തിയിട്ടുള്ളത്.

ആക്രമിക്കപ്പെട്ട നടിയുടെ മൊഴി രേഖപ്പെടുത്തുന്നതിലും കോടതിക്ക് പിഴവുപറ്റി. തന്നെ വകവരുത്തുമെന്ന് ദീലിപ് നടി ഭാമയോട് പറഞ്ഞതായി ആക്രമിക്കപ്പെട്ട നടി മൊഴി നൽകിയിരുന്നു. എന്നാൽ ഇക്കാര്യവും രേഖപ്പെടുത്താൻ കോടതി തയാറായില്ല. കേട്ടറിവ് മാത്രമെന്നായിരുന്നു വിചാരണക്കാടതിയുടെ ന്യായമെന്നും സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. കേസിൽ വിചാരണ കോടതിയുടെ വിസ്താരം വെള്ളിയാഴ്ച വരെ ഹൈക്കോടതി തടഞ്ഞു. വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടിയും സര്‍ക്കാരും നൽകിയ ഹര്‍ജി ഹൈക്കോടതി പരിഗണിച്ചാണ് തീരുമാനം. ഹര്‍ജിയിൽ ഹൈക്കോടതി വിശദമായ വാദം കേൾക്കും.

വിചാരണ കോടതിയിൽ വിശ്വാസം ഇല്ലെന്ന് പറഞ്ഞ് പ്രോസിക്യൂഷൻ കോടതിയിൽ നിന്ന് ഇറങ്ങി പോകുന്ന സാഹചര്യം വരെ ഉണ്ടായിരുന്നതിനാൽ വിചാരണക്കോടതി നടപടികൾ നിലവിൽ നടക്കുന്നില്ല. കോടതി കേസ് പരിഗണിച്ച ഉടനെ തന്നെ സാക്ഷികളെ ആക്ഷേപിക്കപ്പെട്ടതിനാൽ പലരും കോടതിയിലേക്ക് വരാൻ പോലും തയ്യാറാകുന്നില്ലെന്നായിരുന്നു നടിയുടെ വാദം. പല സാക്ഷികളേയും ആക്ഷേപിച്ചിട്ടും കോടതി ഇടപെട്ടില്ല. സാക്ഷികൾ കോടതിയിൽ വരാൻ തയ്യാറായി ഇരിക്കുന്നു എന്നും നടി അറിയിച്ചു. നടി നൽകിയ സത്യവാങ്മൂലം കിട്ടിയെന്ന് കോടതി പറഞ്ഞു. മുദ്രവച്ച കവറിൽ സര്‍ക്കാരും രേഖകൾ സമര്‍പ്പിച്ചിട്ടുണ്ട്. 

അനാവശ്യ പരാമര്‍ശങ്ങൾ പോലും വിചാരണ കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായി എന്ന് സര്‍ക്കാര്‍ അറിയിച്ചു. രേഖകൾ കിട്ടിയില്ല. ഫൊറൻസിക് പരിശോധന ഫലം സംബന്ധിച്ച കാര്യങ്ങൾ പോലും ഇരുട്ടിൽ വയ്ക്കുകയാണ്. ഫോറൻസിക് ലാബിലേക്ക് ഒരു ഘട്ടത്തിൽ വിചാരണ കോടതി ജഡ്ജി നേരിട്ട് വിളിക്കുന്ന സാഹചര്യം വരെ ഉണ്ടായെന്നും ഹൈക്കോടതിയെ അറിയിച്ചു.വിചാരണക്കോടതി ജഡ്ജിക്ക് പക്ഷപാതിത്തം ഉണ്ടെന്ന് പറയാനാകുമോ എന്ന് കേസ് പരിഗണിച്ച ഹൈക്കോടതി ചോദിച്ചു. വിചാരണയുമായി മുന്നോട്ട് പോകാൻ ജഡ്ജിക്ക് താൽപര്യം ഉണ്ടോ എന്ന് അന്വേഷിക്കണമെന്ന് പ്രോസിക്യൂഷൻ പറഞ്ഞു.  പുതിയ ജഡ്ജി ആരാകണമെന്ന് പറയുന്നില്ല. പക്ഷെ ഒരടിപോലും മുന്നോട്ട് പോകാനാകാത്ത സാഹര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്നും സര്‍ക്കാര്‍ അറിയിച്ചു. തുടര്‍ന്നാണ് വിശദമായ വാദം വെള്ളിയാഴ്ച കേൾക്കാമെന്ന് ഹൈക്കോടതി അറിയിച്ചത്. 

Follow Us:
Download App:
  • android
  • ios