ഒടിടി ഡയറക്ട് റിലീസ് ആയി ഓണത്തിന് പ്രേക്ഷകരിലേക്കെത്തി മികച്ച പ്രതികരണം നേടിയ 'സി യു സൂണി'ന്‍റെ ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റില്‍. ദീപാവലി സ്പെഷല്‍ ചിത്രം ആയാണ് ചിത്രം ടെലിവിഷന്‍ പ്രീമിയറിന് ഒരുങ്ങുന്നത്.

ലോക്ക് ഡൗണ്‍ കാലയളവില്‍ പരിമിതമായ സാഹചര്യങ്ങളില്‍ ഒരുക്കപ്പെട്ട ചിത്രം ചലച്ചിത്രഭാഷ കൊണ്ടും സമീപനം കൊണ്ടും കൈയ്യടി നേടിയ സിനിമയാണ്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഫഹദ് ഫാസില്‍, ദര്‍ശന രാജേന്ദ്രന്‍, റോഷന്‍ മാത്യു, സൈജു കുറുപ്പ്, മാല പാര്‍വ്വതി എന്നിവരാണ് അഭിനയിച്ചത്. കഥാപാത്രങ്ങള്‍ക്കിടയില്‍ സംഭവിക്കുന്ന വീഡിയോ കോളുകളിലൂടെയും ചാറ്റുകളിലൂടെയുമാണ് മഹേഷ് നാരായണന്‍ വേറിട്ട ചലച്ചിത്രഭാഷ ഒരുക്കിയത്.

അതേസമയം 'സി യു സൂണി'നുശേഷം ഫഹദും ദര്‍ശനയും മറ്റൊരു ചിത്രത്തിലും ഒരുമിച്ച് അഭിനയിക്കുന്നുണ്ട്. നസീഫ് യൂസഫ് ഇസുദ്ദീന്‍ എന്ന നവാഗത സംവിധായകന്‍ ഒരുക്കുന്ന 'ഇരുള്‍' എന്ന ചിത്രമാണ് ഇത്. സെപ്റ്റംബര്‍ 16ന് കുട്ടിക്കാനത്താണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ആന്‍റോ ജോസഫ് ഫിലിം കമ്പനിയും പ്ലാന്‍ ജെ സ്റ്റുഡിയോസും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.