Asianet News MalayalamAsianet News Malayalam

KPAC Lalitha|കെപിഎസി ലളിതയുടെ ചികിത്സ ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും

നടി കെപിഎസി ലളിതയുടെ ചികിത്സ ചെലവ് വഹിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Cabinet decided to take over KPAC Lalitha treatment expense
Author
Kochi, First Published Nov 17, 2021, 2:25 PM IST

കരള്‍ രോഗത്തിന് ചികിത്സയില്‍ കഴിയുന്ന കെപിഎസി ലളിതയുടെ (KPAC Lalith) ചികിത്സ ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയിലാണ് കെപിഎസി ലളിതയുള്ളത്. ചികിത്സാ ചിലവ് ഏറ്റെടുക്കുന്നത് സംബന്ധിച്ച മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്. കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്‍സണാണ് കെപിഎസി ലളിത.

കെപിഎസി ലളിതയുടെ ആരോഗ്യത്തില്‍ പുരോഗതിയുണ്ടെന്ന് കഴിഞ്ഞ ദിവസം ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. ഭയപ്പെടേണ്ട ഒരു സാഹചര്യവുമില്ലെന്ന് കെപിഎസിയുടെ മകനും നടനുമായ സിദ്ധാര്‍ഥ് ഭരതൻ സാമൂഹ്യമാധ്യമത്തിലൂടെ നേരത്തെ അറിയിച്ചിരുന്നു. പ്രചരിക്കുന്ന വാര്‍ത്തകള്‍ പോലെ അതിഭയാനകമായ സാഹചര്യമില്ല. നിലവിൽ അമ്മ സുഖമായിരിക്കുന്നുവെന്ന് സിദ്ധാര്‍ഥ് ഭരതൻ, കെപിഎസി ലളിതയെ ആശുപത്രിയിലേക്ക് മാറ്റിയതിന്റെ പിറ്റേദിവസം അറിയിച്ചിരുന്നു.

ആരോഗ്യനില വഷളായതിനെ തുടർന്ന്  കെപിഎ‌സി ലളിതയെ  തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചിരുന്നത്. മെച്ചപ്പെട്ട ചികിത്സയുടെ ഭാഗമായി കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യപ്രശ്‍നങ്ങളുണ്ടെങ്കിലും അഭിനയത്തില്‍ സജീവമായിരുന്നു കെപിഎസി ലളിത. സീരിയലടക്കമുള്ളവയില്‍ അഭിനയിച്ചുവരികയായിരുന്നു.

നാടകരംഗത്തിലൂടെയാണ് കെപിഎസി ലളിത ആദ്യം കലാലോകത്ത് എത്തിയത്. തുടര്‍ന്ന് വെള്ളിത്തിരയില്‍ എത്തിയ കെപിഎസി ലളിത മലയാള സിനിമയുടെ അവിഭാജ്യഘടകമായി വളരെ പെട്ടെന്നായിരുന്നു മാറിയത്. മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് രണ്ട് തവണ കെപിഎസി ലളിത സ്വന്തമാക്കിയിട്ടുണ്ട്.  1975, 1978, 1990, 1991 വര്‍ഷങ്ങളില്‍ മികച്ച സഹനടിക്കുള്ള സംസ്ഥാന അവാര്‍ഡും കെപിഎസി ലളിത സ്വന്തമാക്കി.
 

Follow Us:
Download App:
  • android
  • ios