അടിമുടി വാക്കാലും, പ്രവൃത്തിയാലും  ഇന്ത്യൻ ദേശീയതയുടെ പ്രതീകമായി  നിറഞ്ഞു നിൽക്കുന്ന അക്ഷയ് കുമാറിന്റെ മനസ്സിൽ ആകെ കലുഷിതമായിരുന്നിരിക്കും. കാരണം, രണ്ടിടങ്ങളിലാണ് ഒരേസമയം തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒന്ന്  ജന്മഭൂമി ഇന്ത്യയിലെ  തന്റെ കർമ്മഭൂമിയുമായ ബോളിവുഡ് സ്ഥിതിചെയ്യുന്ന മഹാരാഷ്ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പ്. രണ്ട്, അത്യാവശ്യം ജീവിതവിജയമൊക്കെ ആർജ്ജിച്ചപ്പോൾ അദ്ദേഹം ആജീവനാന്തം കഴിഞ്ഞുകൂടാൻ യോഗ്യമെന്നു തിരഞ്ഞെടുത്ത കാനഡ എന്ന രാജ്യത്തിന്റെ ഭാവി നിർണയിക്കുന്ന തെരഞ്ഞെടുപ്പും ഇന്നുതന്നെ. പക്ഷേ, ഇനി വേണമെന്ന് കരുതിയിരുന്നെങ്കിൽ പോലും അദ്ദേഹത്തിന് മഹാരാഷ്ട്രയിൽ നിന്ന് വോട്ടുചെയ്യാൻ സാധിക്കുമായിരുന്നില്ല. കാരണമെന്തെന്നോ..? അദ്ദേഹം ഒരു ഇന്ത്യൻ പൗരനല്ല, അത് തന്നെ. ഔദ്യോഗിക രേഖകൾ പ്രകാരം ഒരു കനേഡിയൻ പൗരനാണ് അക്ഷയ് കുമാർ.

അക്ഷയ് കുമാറിന് വോട്ട് ചെയ്യാനാവില്ലെന്ന വസ്തുത  ഇന്ത്യയിൽ പലർക്കും നന്നായി അറിയാം. അതുകൊണ്ടുതന്നെ അദ്ദേഹത്തെ കളിയാക്കിക്കൊണ്ട്, അദ്ദേഹത്തോട് മറ്റുള്ള ബോളിവുഡ് നടന്മാരെപ്പോലെ വോട്ടുചെയ്ത ശേഷമുളള സെൽഫി പോസ്റ്റ് ചെയ്യാൻ പറഞ്ഞു കൊണ്ട് നിരവധി ട്രോളുകൾ ഇന്ന് പകൽ മുഴുവൻ പ്രത്യക്ഷപ്പെടുകയുണ്ടായി. 

 

ചിലപ്പോൾ നിങ്ങൾ കരുതും, അദ്ദേഹം കാനഡയിൽ  ജനിച്ചു വളർന്നതിന്റെ പേരിൽ  അവിടത്തെ പൗരത്വമുള്ള ഒരാളാണെന്ന്. അല്ല. അദ്ദേഹത്തിന്റെ മുന്നിൽ, ഇന്ത്യൻ പൗരത്വം വേണോ, കനേഡിയൻ പൗരത്വം വേണോ എന്ന ചോദ്യം വരുന്നത് 2014 -ലാണ്. അന്നാണ്, അദ്ദേഹത്തിന് കനേഡിയൻ ഗവണ്മെന്റ് ആദരസൂചകമായി പൗരത്വം സമ്മാനിക്കുന്നത്. ഇന്ത്യൻ പൗരത്വ നിയമങ്ങൾ ഇരട്ട പൗരത്വത്തിന് സാധുത നൽകുന്നതല്ല. അതുകൊണ്ടുതന്നെ ഇപ്പോൾ അക്ഷയ് കുമാറിന്റെ പൗരത്വം കനേഡിയൻ ആണ്. 

ബോളിവുഡിൽ ഒരു ഗോഡ് ഫാദറിന്റെയും സഹായമില്ലാതെ തന്റേതായ ഒരു ഇടം നേടിയെടുത്ത അക്ഷയ് കുമാറിന്റെ പൂർവാശ്രമത്തിലെ പേര്  രാജീവ് ഹരി ഓം ഭാട്ടിയ. പഞ്ചാബിൽ ആർമി ഓഫീസറായിരുന്ന ഹരി ഓം ഭാട്ടിയയ്ക്കും അരുണാ ഭാട്ടിയയ്ക്കും പിറന്ന പുത്രൻ. അച്ഛന് കാട്ടാ ഗുസ്തിയിൽ ചെറുതല്ലാത്ത കമ്പമുണ്ടായിരുന്നു. മകൻ രാജീവിനും അദ്ദേഹം ഒട്ടുമിക്ക മാർഷ്യൽ ആർട്ടുകളിലും ട്രെയിനിങ്ങ് നൽകി. ദില്ലിയിലെ ചാന്ദ്നി ചൗക്കിലും മുംബൈയിലെ കോളിവാഡയിലുമായി കഴിച്ചുകൂട്ടിയ ബാല്യകൗമാരങ്ങളിലും രാജീവ് തന്റെ ആയോധന കലകളിലുള്ള താത്പര്യം നിലനിർത്തി. ഇന്ത്യയിൽ നിന്ന് തന്നെ തായ്‌ക്വൊണ്ടോയിൽ ബ്ലാക്ക് ബെൽറ്റ് നേടിയ ശേഷം  അഞ്ചുവർഷം തായ്‌ലൻഡിൽ ചെന്ന് താമസിച്ച് മ്വേയ് തായ് അഭ്യസിച്ചു. പഠനത്തിനിടെ രാജീവ് ചെയ്യാത്ത ജോലികളില്ല. ഷെഫായും, വെയ്റ്ററായും ഒക്കെ അവിടെ പണിയെടുത്തു. 

തിരിച്ച് ഇന്ത്യയിൽ വന്ന ശേഷം രാജീവ് സിനിമയിൽ അവസരങ്ങൾക്കായി ശ്രമിച്ചു. അപ്പോഴും ഉപജീവനാർത്ഥം  ജൂവലറിയിൽ സെയിൽസ് മാനായും ട്രാവൽ ഏജന്റായും ഒക്കെ ജോലി നോക്കി.  1987 -ൽ മഹേഷ് ഭട്ട് സംവിധാനം ചെയ്ത് കുമാർ ഗൗരവ് നായകവേഷം ചെയ്ത ആജ് എന്ന ചിത്രത്തിൽ രാജീവിന് കഷ്ടിച്ച് അഞ്ചു സെക്കൻഡ് നേരമുള്ള ഒരു വേഷം കിട്ടി. അതിലെ നായകനായ കുമാർ ഗൗരവിന്റെ കഥാപാത്രത്തിന്റെ പേരായിരുന്നു അക്ഷയ് എന്നത്.  വേഷം അഭിനയിച്ചതിന്റെ അടുത്ത ദിവസം രാജീവ് ഭാട്ടിയ മുംബൈയിലെ മുൻസിഫ് കോടതിയിൽ ചെന്ന് തന്റെ പേര് അക്ഷയ് കുമാർ എന്നാക്കി മാറ്റി. 

പിന്നീടുള്ള അക്ഷയ് കുമാറിന്റെ വളർച്ച ആരെയും അതിശയിപ്പിക്കുന്നതായിരുന്നു. 1991 -ൽ ഖിലാഡി എന്ന ചിത്രം അക്ഷയ് കുമാറിന് ഒരു വലിയ ബ്രേക്കായിരുന്നു. പിന്നീട് ഖിലാഡി ഫ്രാഞ്ചൈസിലെ പല ഹിറ്റ് സിനിമകളിലും വേഷമിട്ടു.  2000 -ൽ പ്രിയദർശൻ റാംജിറാവ് സ്പീകിംഗ് ഹിന്ദിയിലാക്കിയ 'ഹേരാ ഫേരി'യിലൂടെ നർമ്മ ചിത്രങ്ങളിൽ തന്റെ ഭാഗ്യം പരീക്ഷിച്ച അക്ഷയ് കുമാർ അടുത്ത ഒരു ദശാബ്ദക്കാലം റൊമാന്റിക് കോമഡി ചിത്രങ്ങളിലാണ് കാര്യമായി അഭിനയിച്ചുപോന്നത്. നിരവധി മെഗാഹിറ്റ് ചിത്രങ്ങളിൽ അദ്ദേഹം ഇക്കാലത്ത് അഭിനയിച്ചു. 

2010 -നു ശേഷം അക്ഷയ് കുമാർ അഭിനയിച്ച ചിത്രങ്ങളിൽ ഭൂരിഭാഗവും ഒരു ദേശീയ ഹീറോ സ്വഭാവമുള്ളവയായിരുന്നു. സ്‌പെഷ്യൽ 26, ഹോളിഡേ, ബേബി, പാഡ് മാൻ, ടോയ്‌ലെറ്റ് ഏക് പ്രേം കഥ, റുസ്തം, എയർ ലിഫ്റ്റ്, കേസരി തുടങ്ങിയ മിക്കവാറും ചിത്രങ്ങളും ദേശീയതയെ പ്രോത്സാഹിപ്പിക്കുന്നതോ അല്ലെങ്കിൽ സാമൂഹിക സന്ദേശ സ്വഭാവമുള്ളവയോ ആയിരുന്നു. ദേശഭക്തി പ്രമേയമായ നിരവധി സിനിമകളിലൂടെ പണം സമ്പാദിച്ചു കൂട്ടുന്ന അക്ഷയ് കുമാർ പൗരത്വത്തിന്റെ കാര്യം വന്നപ്പോൾ ഇന്ത്യയേക്കാൾ മുൻ‌തൂക്കം കൊടുത്തത് കാനഡയ്ക്കാണ്.