Asianet News MalayalamAsianet News Malayalam

താണ്ഡവ് വെബ് സീരിസിന്‍റെ അണിയറക്കാര്‍ക്കെതിരെ കേസെടുത്ത് യുപി പൊലീസ്

താണ്ഡവ് സീരിസിനെതിരെ മഹാരാഷ്ട്ര ബിജെപി എംഎല്‍എ റാം കഥം നല്‍കിയ പരാതിയില്‍ ആമസോണ്‍ പ്രൈമില്‍ നിന്നും വാര്‍ത്ത വിനിമയമന്ത്രാലയം വിശദീകരണം തേടി എന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് പുതിയ വാര്‍ത്ത വരുന്നത്. 

Case Against Makers Of Amazon Prime's Tandav In UP, Warning Of Arrests
Author
Lucknow, First Published Jan 18, 2021, 10:43 AM IST

ലഖ്നൗ: ആമസോണ്‍ പ്രൈമില്‍ സ്ട്രീം ചെയ്യുന്ന താണ്ഡവ് വെബ് സീരിസിന്‍റെ അണിയറക്കാര്‍ക്കും, ആമസോണ്‍ പ്രൈമിനും എതിരെ ഉത്തര്‍ പ്രദേശ് പൊലീസ് കേസ് റജിസ്ട്രര്‍ ചെയ്തു. ഹിന്ദു ദൈവങ്ങളെ അപമാനിച്ചുവെന്ന പരാതിയിലാണ് കേസ്. ചിലപ്പോള്‍ അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങിയേക്കാം എന്നാണ് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.

താണ്ഡവ് സീരിസിനെതിരെ മഹാരാഷ്ട്ര ബിജെപി എംഎല്‍എ റാം കഥം നല്‍കിയ പരാതിയില്‍ ആമസോണ്‍ പ്രൈമില്‍ നിന്നും വാര്‍ത്ത വിനിമയമന്ത്രാലയം വിശദീകരണം തേടി എന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് പുതിയ വാര്‍ത്ത വരുന്നത്.  ആമസോൺ ഒറിജിനൽ കണ്ടെന്റ് മേധാവി അപർണ പുരോഹിത്, സംവിധായകൻ അലി അബ്ബാസ്, നിർമ്മാതാവ് ഹിമാൻഷു മെഹ്‌റ, രചയിതാവ് ഗൗരവ് സോളങ്കി എന്നിവർക്കെതിരെയാണ് എഫ്.ഐ.ആർ, പ്രധാന താരങ്ങളായ സെയ്ഫ് അലി ഖാന്‍, ഡിംപിള്‍ കപാഡിയ എന്നിവര്‍ക്കെതിരെയും കേസുണ്ട്. ദൈവങ്ങളെയും മതപരമായ ചടങ്ങുകളെയും അപകീര്‍ത്തിപ്പെടുത്തിയതിനാണ് കേസ് എടുത്തിരിക്കുന്നത്. 

മതനിന്ദയും, സമൂഹത്തിലെ സമാധാനാന്തരീക്ഷം തകർക്കുന്നതുമായ തരത്തിലാണ് സീരിസ് എന്നാണ് എഫ്ഐആര്‍ പറയുന്നത്. അതിനാല്‍ അത് സംബന്ധമായ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നത്. ലഖ്നൗവിലെ ഹസ്ത്രഖഞ്ച് പൊലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയെ തുടര്‍ന്നാണ് കേസ് എടുത്തിരിക്കുന്നത്. 

ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ മാധ്യമ ഉപദേശകന്‍ മണി ത്രിപാഠി കേസ് ഫയല്‍ ചെയ്തതിന്‍റെ രേഖകള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ജനങ്ങളുടെ വികാരങ്ങള്‍ വച്ച് കളിക്കുന്നതിനെ യോഗി ആദിത്യനാഥിന്‍റെ യുപിയില്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ലെന്ന്- ഇദ്ദേഹത്തിന്‍റെ ട്വീറ്റില്‍ ഹിന്ദിയില്‍ എഴുതിയിരിക്കുന്നുണ്ട്. വളരെ ഗൗരവമായ കേസ് വിദ്വേഷം പ്രചരിപ്പിക്കുന്ന സീരിസായ താണ്ഡവിന്‍റെ അണിയറക്കാര്‍ക്കെതിരെ എടുത്തുവെന്നും ട്വീറ്റിലുണ്ട്. ആറസ്റ്റിന് വേണ്ടി തയ്യാറാകൂ എന്നും ട്വീറ്റിലുണ്ട്.

ആമസോൺ പ്രൈം വീഡിയോയിൽ വെള്ളിയാഴ്ച റിലീസ് ചെയ്ത 'താണ്ഡവ്' ഒൻപത് എപ്പിസോഡ് നീളുന്ന പൊളിറ്റിക്കൽ ഡ്രാമയാണ്. സെയ്ഫ് അലി ഖാൻ, ഡിംപിൾ കപാഡിയ, സുനിൽ ഗ്രോവർ, ടിഗ്‌മാൻഷു ദുലിയ, ദിനോ മോറിയ കുമുദ് മിശ്ര, ഗൌഹർ ഖാൻ, അമീറ ദസ്തൂർ, മുഹമ്മദ് എന്നിവർ വേഷമിട്ടിട്ടുണ്ട്.

മതവികാരം വ്രണപ്പെടുത്തുന്നു എന്ന പേരിൽ സീരീസിനെതിരെ ദില്ലി പോലീസിലും പരാതി ലഭിച്ചിരുന്നു. താണ്ഡവിനെതിരെ ഹിന്ദു സംഘടനകളും വിമർശനമുന്നയിച്ചിരുന്നു. സീരീസ് നിരോധിക്കണം എന്നും ആവശ്യമുയർന്നിരുന്നു.

Follow Us:
Download App:
  • android
  • ios