സിനിമയുടെ ലാഭവിഹിതം പങ്കുവച്ചില്ലെന്നായിരുന്നു പരാതിക്കാരനായ സിറാജ് വലിയ തറ നല്‍കിയ കേസ്. 

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമ്മാതാക്കൾക്കെതിരായ ക്രിമിനൽ നടപടികൾക്ക് ഹൈക്കോടതിയുടെ സ്‌റ്റേ. നിര്‍മ്മാതാക്കള്‍ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കേസിലെ ആരോപണ വിധേയരായ സൗബിന്‍ ഷാഹിറിന്‍റെയും ഷോൺ ആന്‍റണിയുടെയും അറസ്റ്റ് നേരത്തെ കോടതി തടഞ്ഞിരുന്നു.

സിനിമയുടെ ലാഭവിഹിതം പങ്കുവച്ചില്ലെന്നായിരുന്നു പരാതിക്കാരനായ സിറാജ് വലിയ തറ നല്‍കിയ കേസ്. എന്നാൽ ഇതൊരു സിവിൽ കേസാണെന്നും ക്രിമിനൽ നടപടികൾക്ക് പ്രസക്തിയില്ലെന്നുമായിരുന്നു കീഴ്ക്കോടതി വിധി ചോദ്യം ചെയ്ത് നിര്‍മ്മാതാവായ ഷാഹിർ ബാബു നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. ജസ്റ്റിസ്‌ വിജു എബ്രഹാം ആണ് ഒരു മാസത്തേക്ക് ഈ കേസ് സംബന്ധിച്ച നടപടികൾക്ക് സ്റ്റേ നൽകിയത്.

സിറാജ് വലിയതറ എന്ന പരാതിക്കാരൻ സിനിമക്ക് വേണ്ടി നൽകേണ്ടിയിരുന്ന പണം കൃത്യ സമയത്ത് നൽകാതിരിക്കുകയും, അത് മൂലം കനത്ത നഷ്ടം സഹിക്കേണ്ടി വന്നു എന്നും ആയിരുന്നു കുറ്റാരോപിതരുടെ വാദം. കൃത്യ സമയത്ത് പണം ലഭിക്കാത്തതിനാൽ ഷൂട്ട്‌ ഷെഡ്യൂളുകൾ മുടങ്ങുകയും,ഷൂട്ടിംഗ് നീണ്ടു പോകുകയും ചെയ്‌തെന്നും അവർ കോടതിയെ അറിയിച്ചു.

നേരത്തെ മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ നിർമ്മാണത്തിനായി പണം വാങ്ങി വ‌ഞ്ചിച്ചെന്ന് പരാതിക്കാരനായ സിറാജ് വലിയത്തറ പരാതിയില്‍ പറഞ്ഞിരുന്നു. 7 കോടി രൂപയാണ് സിറാജ് നൽകിയതെന്നും ഇതിൽ അഞ്ച് കോടി തൊണ്ണൂറ്റി അഞ്ച് ലക്ഷം രൂപ ബാങ്ക് വഴിയാണ് കൈമാറിയതെന്നും ഇയാള്‍ പറഞ്ഞിരുന്നു. പറവ ഫിലിംസിന്‍റേയും(സൗബിന്‍) പാർട്ണർ ഷോൺ ആന്‍റണിയുടെയും ബാങ്ക് അക്കൗണ്ടുകൾ കോടതി മരവിപ്പിച്ചിരുന്നു. 

ഇരുന്നൂറ്‌ കോടിയോളം രൂപ നേടി ഇൻഡസ്ട്രിയൽ ഹിറ്റ് ആയി മാറിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. ചിദംബരം സംവിധാനം ചെയ്ത ചിത്രം കേരളത്തിനകത്തും പുറത്തും വലിയ രീതിയിലുള്ള സ്വീകാര്യത നേടി. ഫെബ്രുവരി 22 നാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയത്.

36 ലക്ഷത്തിന് വാങ്ങിയ സ്ഥലം ഇന്ന് വില 24 കോടി: തന്‍റെ സ്ഥലം സംരംക്ഷിക്കാന്‍ ജൂനിയര്‍ എന്‍ടിആര്‍ കോടതിയില്‍

മൂന്നാം ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി മാര്‍ക്കോ; ഒരുങ്ങുന്നത് ഉണ്ണി മുകുന്ദന്‍റെ ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രം