ഐപിസി 295(എ) വകുപ്പ് പ്രകാരം ശ്വേത തിവാരിക്കെതിരെ കേസെടുത്തെന്ന് ശ്യാംല ഹില്‍സ് പൊലീസ് പറഞ്ഞു. സോനു പ്രജാപതി എന്നയാളുടെ പരാതിയിലാണ് നടപടി. 

ഭോപ്പാല്‍: മതനിന്ദാ പരാമര്‍ശം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് നടി ശ്വേത തിവാരിക്കെതിരെ (Shweta Tiwari) പൊലീസ് (Police) കേസെടുത്തു. മതവിശ്വാസം വ്രണപ്പെടുത്തിയെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. പുതിയ വെബ്‌സീരീസ് ഷോ സ്‌റ്റോപ്പര്‍ റിലീസിനോടനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് നടി വിവാദ പരാമര്‍ശം നടത്തിയത്. 'ഈ സീരീസില്‍ ദൈവമാണ് എന്റെ ബ്രായുടെ അളവെടുക്കുന്നത്'-എന്നായിരുന്നു നടിയുടെ പ്രസ്താവന. ഈ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി. തുടര്‍ന്ന് നിരവധി പേര്‍ നടിക്കെതിരെ രംഗത്തെത്തി. സീരീസില്‍ ശ്വേത തിവാരിക്കൊപ്പം അഭിനയിക്കുന്ന സൗരഭ് ജെയിന്‍ മഹാഭാരതം സീരിയലില്‍ കൃഷ്ണനായി വേഷമിട്ട നടനാണ്. പുതിയ സീരീസില്‍ ബ്രാ ഫിറ്ററുടെ വേഷത്തിലാണ് സൗരഭ് എത്തുന്നത്. ഇക്കാര്യം സൂചിപ്പിച്ചായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ ശ്വേത തിവാരി സംസാരിച്ചത്. 

ഐപിസി 295(എ) വകുപ്പ് പ്രകാരം ശ്വേത തിവാരിക്കെതിരെ കേസെടുത്തെന്ന് ശ്യാംല ഹില്‍സ് പൊലീസ് പറഞ്ഞു. സോനു പ്രജാപതി എന്നയാളുടെ പരാതിയിലാണ് നടപടി. പരാതിയില്‍ നടിയെ വിളിച്ചുവരുത്തുമെന്നും പൊലീസ് പറഞ്ഞു. നടിയെ അറസ്റ്റ് ഔദ്യോഗികമായി ചെയ്ത് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിടുമെന്ന് കോട്വാലി എസിപി ബിട്ടു ശര്‍മ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. തന്റെ പരാമര്‍ശത്തില്‍ ആര്‍ക്കെങ്കിലും വേദന തോന്നിയെങ്കില്‍ മാപ്പ് പറയുന്നതായി നടി പ്രസ്താവനയിറക്കിയിരുന്നു.