കൊവിഡിനെ മികച്ച രീതിയില്‍ പ്രതിരോധിക്കുന്ന സംസ്ഥാനമെന്ന നിലയില്‍ പ്രവര്‍ത്തനങ്ങള്‍ ശ്ലാഖിക്കപ്പെട്ട മാസങ്ങള്‍ക്കു പിന്നാലെയാണ് സംസ്ഥാന സര്‍ക്കാരിനെതിരായ നിരവധി വിവാദങ്ങള്‍ തലപൊക്കിയത്. സ്പ്രിന്‍ക്ലര്‍, സ്വര്‍ണ്ണക്കടത്ത് കേസ്, എം ശിവശങ്കറിന്‍റെ അറസ്റ്റ് എന്നിങ്ങനെ തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കെ സര്‍ക്കാരിനെതിരെ പ്രതിപക്ഷത്തിന് വീണുകിട്ടിയ 'അവസരങ്ങള്‍ക്കൊ'പ്പം ആദ്യതാളില്‍ത്തന്നെ കോടിയേരി എന്ന പേരുമുണ്ടായിരുന്നു. ബിനോയ് കോടിയേരി ബിഹാര്‍ സ്വദേശിനിയെ വിവാഹ വാഗ്‍ദാനം നല്‍കി പീഡിപ്പിച്ചതായ കേസ് സജീവ ചര്‍ച്ചകളില്‍ നിന്ന് ഒഴിഞ്ഞുനിന്ന സമയത്താണ് ബിനീഷിനെതിരായ മയക്കുമരുന്ന് കേസ് വരുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ സംസ്ഥാന സെക്രട്ടറിയുടെ മകനെതിരെ ഉയര്‍ന്ന പ്രാധാന്യമുള്ള കേസ് പ്രതിപക്ഷത്തിന് ലഭിച്ച വലിയ രാഷ്ട്രീയ ആയുധമായിരുന്നു. എന്നാല്‍ തുടക്കം മുതല്‍ അതീവശ്രദ്ധയോടെയും സംയമനത്തോടെയും ഈ വിഷയത്തെ സിപിഎമ്മിന് കൈകാര്യം ചെയ്യാനായി എന്നത് എല്‍ഡിഎഫ് ഇപ്പോള്‍ നേടിയ വിജയത്തില്‍ നിര്‍ണ്ണായകമായി.

ബിനോയ്‍യുടെ കേസ് വന്ന സമയത്ത് നിരപരാധിത്വം തെളിയിക്കേണ്ടത് മകന്‍റെ ബാധ്യതയാണെന്നും പാര്‍ട്ടി അദ്ദേഹത്തെ സംരക്ഷിക്കില്ലെന്നുമായിരുന്നു കോടിയേരിയുടെ നിലപാട്. പ്രതിപക്ഷ നേതാക്കള്‍ കേസ് രാഷ്ട്രീയ ആയുധമാക്കുന്നതിനിടെ പ്രതിസന്ധിയിലായ സിപിഎമ്മിന്‍റെ പല മുതിര്‍ന്ന നേതാക്കളും സമാന അഭിപ്രായവുമായി രംഗത്തെത്തി. പാര്‍ട്ടി സെക്രട്ടറിയുടെ മകനെങ്കിലും ഒരു വ്യക്തിക്കെതിരെ ഉയര്‍ന്ന പീഢന പരാതി എന്ന നിലയില്‍ ഈ നിലപാട് കോടിയേരിയെയും സിപിഎമ്മിനെയും ഒരു പരിധിവരെ സുരക്ഷിതമാക്കാന്‍ പര്യാപ്തമായിരുന്നു. എന്നാല്‍ ബിനീഷിനെതിരെ ഉയര്‍ന്നുവന്ന കേസ് അങ്ങനെ ആയിരുന്നില്ല. തദ്ദേശ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ അവശേഷിക്കെ, സ്പ്രിന്‍ക്ലര്‍, സ്വര്‍ണ്ണക്കടത്ത് കേസുകള്‍ക്ക് പിന്നാലെ, ഏറ്റവും നിര്‍ണ്ണായകമായ സമയത്തെത്തിയ ഒരു 'അഗ്നിപരീക്ഷ' തന്നെയായിരുന്നു സര്‍ക്കാരിനും സിപിഎമ്മിനും ഈ കേസ്. 

 

ഇതേ കാരണങ്ങളാല്‍ കോടിയേരിയെ മാത്രമായിരുന്നില്ല ബിനീഷ് കേസിലൂടെ യുഡിഎഫും ബിജെപിയും ലക്ഷ്യം വച്ചത്. ബംഗളൂരു മയക്കുമരുന്ന് റാക്കറ്റിന് സ്വര്‍ണ്ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ വാദം കൂടി പുറത്തുവന്നതോടെ മുഖ്യമന്ത്രിയുടെ രാജി എന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചുതുടങ്ങി. ബിനീഷ് കോടിയേരിയുടെ ബിനാമി ഇടപാടുകള്‍ സിപിഎം നേതാക്കളുടെ അറിവോടെയാണെന്ന് കെ സുരേന്ദ്രനും ബിനീഷിന്‍റെ വീട്ടിലെ പരിശോധന മുഖ്യമന്ത്രിയിലേക്ക് എത്തുമെന്ന് മുല്ലപ്പള്ളിയും വെടിയുതിര്‍ത്തു തുടങ്ങി. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കേസ് ചര്‍ച്ച ചെയ്ത സിപിഎം കേന്ദ്ര കമ്മിറ്റിയും പിന്നാലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റും കോടിയേരി സംസ്ഥാന സെക്രട്ടറി പദവി ഒഴിയേണ്ട എന്ന നിലപാടിലായിരുന്നു. എന്നാല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് കൂടിയ ആറാം ദിവസം പാര്‍ട്ടിക്കും മുന്നണിക്കും ആശ്വാസം പകര്‍ന്ന കോടിയേരിയുടെ നിലപാട് എത്തി. 

പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനം സ്വമേധയാ ഒഴിയാനായിരുന്നു അദ്ദേഹത്തിന്‍റെ തീരുമാനം. കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ച് കേന്ദ്ര കമ്മിറ്റി അംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ എ വിജയരാഘവന്‍റെ പേര് കോടിയേരി തന്നെയാണ് നിര്‍ദശിച്ചത്. സംസ്ഥാന സെക്രട്ടറി പദവി ഒഴിയാന്‍ കോടിയേരി എടുത്ത തീരുമാനം എല്‍ഡിഎഫിന് എത്രത്തോളം നിര്‍ണ്ണായകമായിരുന്നു എന്നത് തുടര്‍ദിവസങ്ങളില്‍ യുഡിഎഫ്, ബിജെപി നേതാക്കളുടെ പ്രതികരണങ്ങളില്‍ കാണാമായിരുന്നു. കോടിയേരി ഒഴിഞ്ഞു, ഇനി പിണറായി എന്ന മട്ടില്‍ പക്ഷേ കാടടച്ച് വെടിയിതുര്‍ത്തുവെന്നല്ലാതെ തെരഞ്ഞെടുപ്പിലേക്ക് അടുത്തുകൊണ്ടിരുന്ന ആഴ്ചകളില്‍ സര്‍ക്കാരിനെതിരായ ആക്രമണത്തിന് മൂര്‍ച്ഛ കൂട്ടാന്‍ അവര്‍ക്കായില്ല. കോടിയേരിയുടെ രാജി ഒരു തരത്തില്‍ പ്രതിപക്ഷത്തെ നിരായുധരാക്കുന്ന തീരുമാനമായിരുന്നു.