Asianet News MalayalamAsianet News Malayalam

'സേതുരാമയ്യരു'ടെ അന്വേഷണം അവസാനിച്ചിട്ടില്ല! ആറാം ഭാഗം ഉറപ്പിച്ച് കെ മധു

മിഥുന്‍ മാനുവല്‍ തോമസ് ആയിരിക്കും സിബിഐ 6 ന് തിരക്കഥ ഒരുക്കുകയെന്ന് നേരത്തെ സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ടായിരുന്നു

cbi 6 movie announcement soon confirms director k madhu mammootty midhun manuel thomas sn swamy nsn
Author
First Published Oct 10, 2023, 10:40 PM IST

കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ മമ്മൂട്ടി അവതരിപ്പിച്ച് കാണികളുടെ മനസില്‍ മായാതെ നില്‍ക്കുന്ന നിരവധി കഥാപാത്രങ്ങളുണ്ട്. എന്നാല്‍ സേതുരാമയ്യര്‍ എന്ന സിബിഐ ഉദ്യോഗസ്ഥന് ലഭിച്ച ഒരു ഭാഗ്യം അവരിലാര്‍ക്കും കിട്ടിയിട്ടില്ല. പ്രേക്ഷകര്‍ക്ക് മുന്നില്‍ ഏറ്റവുമധികം തവണ ആവര്‍ത്തിച്ചെത്തിയ കഥാപാത്രമാണത്. സിബിഐ ഫ്രാഞ്ചൈസിയില്‍ ഏറ്റവുമൊടുവിലെത്തിയ ചിത്രം കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സിബിഐ 5: ദി ബ്രെയിന്‍ ആയിരുന്നു. ചിത്രം അഞ്ച് ഭാഗങ്ങളില്‍ അവസാനിക്കില്ലെന്നും തുടര്‍ച്ചയുണ്ടാകുമെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഇപ്പോഴിതാ അക്കാര്യത്തില്‍ സംവിധായകന്‍ തന്നെ സ്ഥിരീകരണം നടത്തിയിരിക്കുകയാണ്.

മസ്കറ്റിലെ ഹരിപ്പാട് സ്വദേശികളുടെ കൂട്ടായ്മയുടെ വാര്‍ഷികാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് സിബിഐ സിരീസിലെ വരാനിരിക്കുന്ന ചിത്രത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്. ചിത്രത്തിന് ആറാം ഭാഗം ഉണ്ടാവുമെന്നും ഇതിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ നടക്കുമെന്നും കെ മധു പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.

അതേസമയം യുവ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് ആയിരിക്കും സിബിഐ 6 ന് തിരക്കഥ ഒരുക്കുകയെന്ന് നേരത്തെ സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ടായിരുന്നു. ഇതുവരെ സിബിഐ സിരീസില്‍ എത്തിയ അഞ്ച് ചിത്രങ്ങളുടെയും രചന നിര്‍വ്വഹിച്ചത് എസ് എന്‍ സ്വാമി ആണ്. വന്‍ പ്രീ റിലീസ് ഹൈപ്പോടെയെത്തിയ സിബിഐ 5 പ്രേക്ഷകാഭിപ്രായം നേടുന്നതില്‍ പരാജയപ്പെട്ടിരുന്നു. ബോധപൂര്‍വ്വം നെഗറ്റീവ് പ്രചരണം നടന്നുവെന്ന് സോഷ്യല്‍ മീഡിയയിലെ നെഗറ്റീവ് റിവ്യൂസിനെക്കുറിച്ച് സംവിധായകന്‍ കെ മധു പ്രതികരിച്ചിരുന്നു. അതേസമയം ചിത്രം ബോക്സ് ഓഫീസില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്നു. വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 2 മില്യണ്‍ ഡോളര്‍ മാര്‍ക്ക് മറികടന്നിരുന്നു ചിത്രം. മുകേഷ്, സായ്‍കുമാര്‍, മുകേഷ്, രണ്‍ജി പണിക്കര്‍, ആശ ശരത്ത്, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, അനൂപ് മേനോന്‍, പ്രശാന്ത് അലക്സാണ്ടര്‍, ജയകൃഷ്‍ണന്‍ എന്നിവര്‍ക്കൊപ്പം ജഗതി ശ്രീകുമാറും സ്ക്രീനില്‍ എത്തിയിരുന്നു.

ALSO READ : 'ഇതാണോ നിങ്ങളുടെ പ്രതിഫലം? കഷ്ടം'! ആ തിരക്കഥാകൃത്ത് രജനിയെ അന്ന് തിരുത്തി; രജനികാന്തിന്‍റെ ആദ്യകാല പ്രതിഫലം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios