രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് ഷൈൻ താമസിക്കുന്ന സ്ഥലത്ത് എത്തിയത്. റെയ്ഡ് വിവരം ചോർന്നതിന് പിന്നിൽ ഹോട്ടൽ ജീവനക്കാർക്ക് പങ്കുണ്ടോ എന്നും പൊലീസ് സംശയിക്കുന്നു. ജീവനക്കാരുടെയും മൊഴി എടുക്കും. 

കൊച്ചി: ലഹരി പരിശോധനക്കിടെ നടൻ ഷൈൻ ടോം ചാക്കോ ഹോട്ടലിൽ നിന്നും ഇറങ്ങിയോടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കലൂരിലുള്ള പിജിഎസ് വേദാന്ത എന്ന ഹോട്ടലിൽ നിന്നാണ് ഷൈൻ ഇറങ്ങി ഓടിയത്. മൂന്നാം നിലയിലെ മുറിയുടെ ജനാല വഴി ഷൈൻ രണ്ടാം നിലയിലെ ഷീറ്റിനു മുകളിലേക്ക് ചാടി. ചാട്ടത്തിന്റെ ആഘാതത്തിൽ ഷീറ്റ് പൊട്ടി. തുടർന്ന് രണ്ടാം നിലയിലെ സ്വിമ്മിംഗ് പൂളിലേക്ക് ചാടി. ഇവിടെ നിന്നും സ്റ്റെയർകെയ്സ് വഴി ഷൈൻ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് ഷൈൻ താമസിക്കുന്ന സ്ഥലത്ത് എത്തിയത്. റെയ്ഡ് വിവരം ചോർന്നതിന് പിന്നിൽ ഹോട്ടൽ ജീവനക്കാർക്ക് പങ്കുണ്ടോ എന്നും പൊലീസ് സംശയിക്കുന്നു. ജീവനക്കാരുടെയും മൊഴി എടുക്കും. 

ഡാൻസാഫ് പരിശോധനയ്ക്ക് എത്തുമ്പോൾ മുർഷിദ് എന്നയാളാണ് മുറിയിൽ ഉണ്ടായിരുന്നത്. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ആൾ എന്നാണ് പോലീസിനോട് മുർഷിദ് പറഞ്ഞത്.മുറിയിൽ അനന്തകൃഷ്ണൻ എന്നു പേരുള്ള മറ്റൊരാൾ കൂടി ഉണ്ടായിരുന്നു.ഡാൻസാഫ് സംഘം എത്തുമ്പോൾ ഇയാൾ മുറിയിൽ ഉണ്ടായിരുന്നില്ല.പിന്നീട് ഇയാളെയും വിളിച്ചുവരുത്തി ചോദ്യം ചെയ്തു.

ഇന്നലെ രാത്രിയാണ് പൊലീസിന്റെ ലഹരി പരിശോധനയ്ക്കിടെ നടൻ ഷൈൻ ടോം ചാക്കോ ഇറങ്ങിയോടിയത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ പരിശോധന നടത്തുന്നതിനിടെയാണ് സംഭവമുണ്ടായത്. ഷൈനും സംഘവും ലഹരി ഉപയോഗിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഹോട്ടലിലെ പരിശോധന. 314 നമ്പർ മുറിയിലായിരുന്നു ഷൈൻ ഉണ്ടായിരുന്നത്. ഡാൻസാഫ് സംഘം എത്തിയെന്നറിഞ്ഞ ഷൈൻ മൂന്നാം നിലയിലെ മുറിയിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. 

അതേ സമയം സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന് കഴിഞ്ഞ ദിവസം നടി വിൻസി അലോഷ്യസ് പരാതി പറഞ്ഞത് നടൻ ഷൈൻ ടോം ചാക്കോയെക്കുറിച്ചാണെന്ന വിവരം പുറത്ത് വന്നു. ഷൈനിനെതിരെ വിൻസി ഫിലിം ചേംബറിന് പരാതി നൽകിയിട്ടുണ്ട്. പരാതി പരിഗണിക്കാൻ തിങ്കളാഴ്ച ചേംബർ മോണിറ്ററിംഗ് കമ്മിറ്റിയുടെ അടിയന്തരയോഗം ചേരും. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് നടിക്കെതിരെ ലഹരി ഉപയോഗിച്ച് ഷൈൻ മോശം പെരുമാറ്റം നടത്തിയത്. കഴിഞ്ഞ ദിവസമാണ് സിനിമാ സെറ്റില്‍ വെച്ച് ലഹരി ഉപയോഗിച്ച് സഹതാരം മോശമായി പെരുമാറിയെന്ന് വിന്‍സി വെളിപ്പെടുത്തിയത്. സംഭവത്തിൽ കേസെടുക്കാൻ പര്യാപ്തമായ വിവരങ്ങൾ ലഭിച്ചാൽ തുടർനടപടിയുണ്ടാകുമെന്ന് എക്സൈസ് വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടും അന്വേഷണം തുടരുകയാണ്. 

നടി വിൻസിയുടെ പരാതി: ഷൈൻ ടോം ചാക്കോയെ പുറത്താക്കാൻ താര സംഘടന അമ്മ

YouTube video player

YouTube video player