ഹോളിവുഡ് ചിത്രമായ ഫോര്‍ഡ് വേഴ്‍സസ് ഫെറാറി എന്ന സിനിമയിലെ മദ്യപാന രംഗങ്ങള്‍ക്ക് എതിരെ നടപടിയുമായി സെൻട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷൻ എന്ന്  റിപ്പോര്‍ട്ട്. ഓസ്‍കര്‍ നാമനിര്‍ദ്ദേശത്തിന് വരെ സാധ്യത കല്‍പ്പിക്കപ്പെടുന്ന സിനിമയാണ് ഫോര്‍ഡ് വേഴ്‍സസ് ഫെറാറി. ഫോര്‍ഡ് വേഴ്‍സസ് ഫെറാറി എന്ന സിനിമയിലെ രംഗങ്ങളില്‍ മദ്യഗ്ലാസ്സും മദ്യക്കുപ്പിയും അവ്യക്തമായിട്ടു മാത്രമേ കാണിക്കാവൂ എന്ന് സിബിഎഫ്‍സി നിര്‍ദ്ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അത്തരം ഒരു കാര്യം നിര്‍ദ്ദേശിച്ചുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് സിബിഎഫ്‍സി റീജിയണല്‍ ഓഫീസര്‍ തുഷാര്‍ കര്‍മാകര്‍ പ്രതികരിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ജെയിംസ് മാങ്കോള്‍ഡ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫോര്‍ഡ് വേഴ്‍സസ് ഫെറാറി. ക്രിസ്റ്റ്യൻ ബെയ്‍ലും മാറ്റ് ഡാമണും ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രം നാളെ ഇന്ത്യയിലടക്കം റിലീസ് ചെയ്യാനിരിക്കുകയാണ്.  ചിത്രത്തിലെ ചില രംഗങ്ങളിലുള്ള മദ്യക്കുപ്പികളും മദ്യമുള്ള ഗ്ലാസ്സുമൊക്കെ വ്യക്തമായി കാണിക്കാൻ പാടില്ല എന്ന് സിബിഎഫ്‍സി നിര്‍ദ്ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അത്തരം ഒരു മാറ്റങ്ങളും നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് തുഷാര്‍ കര്‍മാകര്‍ പറയുന്നു. ചില ശകാരവാക്കുകള്‍ 'മ്യൂട്ട്' ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പുകയില വിരുദ്ധ പ്രസ്‍താവനകളും ആ രംഗങ്ങളില്‍ ഉള്‍പ്പെടുത്തുക. 80 ലക്ഷം ആള്‍ക്കാര്‍ ഒരു വര്‍ഷം പുകയില കാരണം മരിക്കുന്നുവെന്ന് പുകവലി രംഗങ്ങള്‍ ഉള്ളപ്പോള്‍ കാണിക്കുക എന്ന  നിര്‍ദ്ദേശവുമാണ് മുന്നോട്ടുവച്ചതെന്ന് തുഷാര്‍ കര്‍മാകര്‍ പറയുന്നു.