മോഹൻലാലും മമ്മൂട്ടിയും 18 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രം
മലയാള സിനിമയിലെ അപ്കമിംഗ് റിലീസുകളില്‍ ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തി എത്തുന്ന ചിത്രം ഏതെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളൂ. പേട്രിയറ്റ് എന്നാണ് അത്. നീണ്ട 18 വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും മമ്മൂട്ടിയും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം എന്നതാണ് അതിന് കാരണം. ഇവര്‍ക്കൊപ്പം ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിങ്ങനെ നീണ്ട താരനിരയും. നേരത്തെ തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നാലെ ചര്‍ച്ചയില്‍ ഇത് പിന്‍വലിക്കുകയും ചെയ്തു. ഇപ്പോഴിതാ മെയ് 1 ന് തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രത്തിന് മറ്റൊരു തടസവും നേരിട്ടിരിക്കുകയാണ്. സെന്‍സര്‍ ബോര്‍ഡില്‍ നിന്നാണ് ഇത്.
ചിത്രത്തിലെ ചില രംഗങ്ങളും പേരുകളും വിവാദമാവാന്‍ സാധ്യതയുള്ളതിനാല്‍ അവ ഒഴിവാക്കാന്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിക്കുകയായിരുന്നു. ചിത്രത്തിലെ വില്ലന്‍റെ പേരിന് ഒരു രാഷ്ട്രീയ നേതാവിന്‍റെ മകന്‍റെ പേരുമായി സാമ്യമുള്ളതിനാല്‍ ആ പേര് മാറ്റാനും സെന്‍സര്‍ ബോര്‍ഡ് അണിയറ പ്രവര്‍ത്തകരോട് നിര്‍ദേശിച്ചതായാണ് സൂചന. ലഭിച്ച നിര്‍ദേശങ്ങള്‍ അനുസരിച്ച് ചിത്രം റീ എഡിറ്റ് ചെയ്ത് സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിക്കും. പുതിയ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടുള്ള ചിത്രത്തിന്‍റെ റീ എഡിറ്റിംഗ് കൊച്ചിയിലെ ലാല്‍ മീഡിയ സ്റ്റുഡിയോയില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട് അണിയറക്കാര്‍. ഈ മാറ്റങ്ങളോടെയാവും ചിത്രം മെയ് 1 ന് തിയറ്ററുകളില്‍ എത്തുക.
പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് ഇത്. ഡോ. ഡാനിയേല്‍ ജെയിംസ് എന്നാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. മോഹന്‍ലാല്‍ കേണല്‍ റഹിം നായിക് ആയും ഫഹദ് ശക്തിയായും കുഞ്ചാക്കോ ബോബന്‍ മൈക്കള്‍ ദൈവസ്സിയായും എത്തുന്നു. രാജീവ് മേനോനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
അതേസമയം കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലെത്തിയ മറ്റൊരു ബിഗ് ബജറ്റ് ചിത്രം വിവാദത്തെ തുടര്‍ന്ന് നിര്‍മ്മാതാക്കളുടെ ആവശ്യപ്രകാരം റീ സെന്‍സര്‍ ചെയ്തിരുന്നു. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍ ആയിരുന്നു അത്. വില്ലന്‍റെ പേര് ആയിരുന്നു അവിടെയും പ്രധാന പ്രശ്നം. ബാബ ബജ്റംഗി എന്നായിരുന്നു ചിത്രത്തിലെ പ്രതിനായകന്‍റെ പേര്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ട ബാബു ബജ്റംഗിയെ അനുസ്മരിപ്പിക്കുന്ന പേര് എന്നായിരുന്നു വിമര്‍ശനം. ഇതടക്കമുള്ള ചിത്രത്തിന്‍റെ ഉള്ളടക്കത്തില്‍ വിമര്‍ശനവുമായി സംഘപരിവാര്‍ സംഘടനകള്‍ എത്തിയതിന് പിന്നാലെ സിനിമയില്‍ മാറ്റങ്ങള്‍ വരുത്താന്‍ ആവശ്യപ്പെട്ട് നിര്‍മ്മാതാക്കള്‍ തന്നെ സെന്‍സര്‍ ബോര്‍ഡിനെ സമീപിക്കുകയായിരുന്നു അന്ന്.



