Asianet News MalayalamAsianet News Malayalam

സിനിമാ നിയമങ്ങൾ സമ​ഗ്രമായി പരിഷ്കരിക്കാൻ കേന്ദ്ര സർക്കാർ; സിനിമാട്ടോഗ്രാഫ് ഭേദഗതി ബില്ലിന്റെ കരട് തയാറാക്കി

സിനിമാട്ടോഗ്രാഫ് ഭേദഗതി ബില്ലിന്റെ കരട് തയാറാക്കി. സെൻസർ ചെയ്ത ചിത്രങ്ങൾ വീണ്ടും പരിശോധിക്കാൻ നിർദേശം നൽകാൻ കേന്ദ്ര സർക്കാരിന്  അധികാരം നൽകുന്നതാണ് ബില്ല്.

central government to reform cinema laws comprehensively
Author
Delhi, First Published Jun 19, 2021, 9:12 AM IST

ദില്ലി: സിനിമ രംഗത്ത് കൂടുതല്‍ ഇടപെടലിന് കേന്ദ്രസർക്കാര്‍ നീക്കം. സിനിമാട്ടോഗ്രാഫ് ഭേദഗതി ബില്ലിന്‍റെ കരട് സ‍ർക്കാര്‍ തയ്യാറാക്കി. സെന്‍സര്‍ ചെയ്ത് ചിത്രങ്ങള്‍ വീണ്ടും പരിശോധിക്കാൻ  സർക്കാരിന് അധികാരം നല്‍കുന്നതാണ് ബില്ല്. കരടിന്‍മേല്‍ സ‍ർക്കാര്‍  ജനാഭിപ്രായം തേടിയിട്ടുണ്ട്.

ഒടിടി, സാമൂഹിക മാധ്യമങ്ങള്‍ എന്നിവയിലെ ഇടപെടലിനായി ചട്ടം കൊണ്ടുവന്ന സർക്കാര്‍ സിനിമ രംഗത്തെ പരിഷ്ക്കരണത്തിനാണ് ഒരുങ്ങുന്നത് . കേന്ദ്രസ‍ർക്കാരിന് സിനിമകളില്‍ കൂടുതല്‍ ഇടപെടല്‍ നടത്താന്‍ അധികാരം നല്‍കുന്നതാണ് ഇപ്പോള്‍ പുറത്തിറക്കിയ കരട് ബില്‍. സിനിമക്ക് സെന്‍സര്‍ ബോർഡ് പ്രദര്‍ശനാനുമതി നല്‍കിയാലും സര്‍ക്കാരിന് ആവശ്യമെങ്കില്‍ സിനിമ വീണ്ടും പരിശോധിക്കാന്‍ ബില്ലിലൂടെ അധികാരം ലഭിക്കും. ചട്ട വിരുദ്ധമായി എന്തെങ്കിലും കണ്ടെത്തിയാല്‍ സെന്‍സര്‍ ബോര്‍ഡ‍് പ്രദർശനാനുമതി നല്‍കിയാലും അത് റദ്ദാക്കാന്‍ സർക്കാരിന് സാധിക്കും. 

സിനിമകള്‍ വീണ്ടും പരിശോധിക്കാന്‍ സർക്കാരിന് അനുമതി നല്‍കാനുള്ള നീക്കം 2000ല്‍ കര്‍ണാടക ഹൈക്കോടതി തട‌ഞ്ഞിരുന്നു. ഇത് സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടുവെങ്കിലും കര്‍ണാടക ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവക്കുകയായിരുന്നു. ഇതാണ് വീണ്ടും കൊണ്ടു വരാന്‍ സർക്കാര്‍ ഒരുങ്ങുന്നത്. അതേസമയം സിനിമയുടെ വ്യാജപതിപ്പുകള്‍ നിര്‍മ്മിക്കുന്നവര്‍ക്കെതിരായ കര്‍ശനമായി നടപടിയും ബില്ലിലുണ്ട്. വ്യാജപതിപ്പുകള്‍ നിര്‍മ്മിക്കുന്നവര്‍ക്ക് പരമാവധി മൂന്ന് വര്‍ഷം വരെ തടവും പിഴയും ഏര്‍പ്പെടുത്തണമെന്നും കരട് ശുപാര്‍ശ ചെയ്യുന്നു.

വിദേശ രാജ്യങ്ങളില്‍ നിലവിലുള്ള പ്രായഭേദമനുസരിച്ചുള്ള സെൻസറിങും ബില്ലിലുണ്ട്. അതേസമയം ഐടി ചട്ടത്തിനെതിരെ പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കരട് ബില്ല് കൂടി എത്തുന്നത് സർക്കാരിനെതിരായ വിമർശനം ശക്തമാക്കും.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios