ഉമ്മൻ ചാണ്ടിയുടെ ബയോപിക് വന്നാൽ ആരൊക്കെ അഭിനയിക്കണം? ഉത്തരവുമായി ചാണ്ടി ഉമ്മൻ
ഉമ്മൻ ചാണ്ടിയുടെ ജീവിതം സിനിമ ആക്കിയാൽ ആരൊക്കെ അഭിനയിക്കണം എന്ന ചോദ്യത്തിന് ചാണ്ടി ഉമ്മന്‍റെ മറുപടി.

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി വിട പറഞ്ഞിട്ട് മൂന്ന് മാസം പിന്നിടുകയാണ്. അദ്ദേഹം മൺമറഞ്ഞെങ്കിലും ഉമ്മൻ ചാണ്ടിയുടെ ഓർമകളുമായി ഇപ്പോഴും നിരവധി പേരാണ് ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നത്. പുതുപ്പള്ളിയിൽ അദ്ദേഹത്തെ അടക്കിയ കല്ലറയ്ക്കൽ വന്ന് പ്രാർത്ഥിക്കുന്നവർ ഇപ്പോഴും നിരവധിയാണ്. ഈ അവസരത്തിൽ ഉമ്മൻ ചാണ്ടിയുടെ ജീവിതം സിനിമ ആക്കിയാൽ ആരൊക്കെ അഭിനയിക്കണം എന്ന ചോദ്യത്തിന് ചാണ്ടി ഉമ്മൻ നൽകിയ മറുപടിയാണ് ശ്രദ്ധനേടുന്നത്.
എഫ്റ്റിക്യു വിത്ത് രേഖ മേനോന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ചാണ്ടി ഉമ്മന്റെ തുറന്നു പറച്ചിൽ. അപ്പയുടെ ബയോപിക് വന്നാൽ ആരാണ് അഭിനയിക്കേണ്ടത് എന്ന ചോദ്യത്തിന് മുന്നും പിന്നും നോക്കാതെ മമ്മൂട്ടി എന്നാണ് ചാണ്ടി ഉമ്മൻ മറുപടി നൽകിയത്. ചിത്രത്തിൽ തന്റെ വേഷം ചെയ്യുന്നത് ദുൽഖർ ആയിരിക്കുമെന്നും ചാണ്ടി ഉമ്മൻ പറയുന്നു.
ഉമ്മൻ ചാണ്ടിയുമായി അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്ന ആളായിരുന്നു മമ്മൂട്ടി. ഉമ്മൻ ചാണ്ടിയുടെ പിറന്നാളിന് മിക്കപ്പോഴും അദ്ദേഹത്തിന്റെ വീട്ടിൽ എത്തിതന്നെ ആശംസകൾ അറിയിക്കാറുണ്ട്. കഴിഞ്ഞ വർഷത്തെ പിറന്നാളിനും മമ്മൂട്ടി ഉമ്മൻ ചാണ്ടിയെ കാണാൻ പോയിരുന്നു. ഇതിന്റെ വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുകയും ചെയ്തിരുന്നു. രാഷ്ട്രീയ വിശ്വാസങ്ങൾക്കും രാഷ്ട്രീയ അഭിപ്രായങ്ങൾക്കും അപ്പുറത്ത് തങ്ങൾ തമ്മിലൊരു സൗഹൃദം ഉണ്ടെന്ന് മുൻപ് മമ്മൂട്ടി പറഞ്ഞത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മമ്മൂട്ടി ആദ്യമായി പുണ്യാളൻ എന്ന് വിളിക്കുമ്പോൾ ഉമ്മൻ ചാണ്ടി ആരോപണങ്ങളുടെ മധ്യേ ആയിരുന്നുവെന്ന് പിആർഒ റോബർട്ട് പറഞ്ഞതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം, ടര്‍ബോ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.
വയസ് 42, 'ബാഹുബലി'യും 'ദേവസേന'യും ഒന്നിക്കുന്നോ, ഒടുവിൽ മൗനം വെടിഞ്ഞ് അനുഷ്ക ഷെട്ടി
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..