കോട്ടയം തലയോലപ്പറമ്പ് പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്. 

കോട്ടയം: നടന്‍ നിവിൻ പോളിക്കും സംവിധായകന്‍ എബ്രിഡ് ഷൈനിനും എതിരെ വഞ്ചനാ കുറ്റത്തിന് കേസ്. വഞ്ചനയിലൂടെ 1.90 കോടി രൂപ തട്ടിയെടുത്തുവെന്ന തലയോലപ്പറമ്പ് സ്വദേശി ഷംനാസിന്റെ പരാതിയിലാണ് കേസ്. കോട്ടയം തലയോലപ്പറമ്പ് പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്.

സിനിമാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കമാണ് കേസിന് ആധാരം. എബ്രിഡ് ഷൈനിന്‍റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായ മഹാവീര്യര്‍ എന്ന സിനിമയുടെ നിര്‍മ്മാതാക്കളില്‍ ഒരാളായിരുന്നു പരാതിക്കാരനായ ഷംനാസ്. ആ സിനിമയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 95 ലക്ഷം രൂപയോളം തനിക്ക് കിട്ടാനുണ്ടെന്നാണ് പരാതിക്കാരന്‍റെ അവകാശവാദം. ഇതിന് പിന്നാലെ എബ്രിഡ് ഷൈന്‍- നിവിന്‍ പോളി കൂട്ടുകെട്ടില്‍ വരാനിരിക്കുന്ന ചിത്രം ആക്ഷന്‍ ഹീറോ ബിജു 2 ല്‍ തന്നെ നിര്‍മ്മാണ പങ്കാളി ആക്കാമെന്ന് വാഗ്ദാനം ചെയ്ത് 1.90 കോടി രൂപ വീണ്ടും കൈപ്പറ്റിയെന്ന് ഷംനാസ് പരാതിയില്‍ പറയുന്നു. നിര്‍മ്മാണ പങ്കാളിത്തം സംബന്ധിച്ച കരാര്‍ തയ്യാറായതിന് ശേഷം മൂവര്‍ക്കുമിടയില്‍ അഭിപ്രായഭിന്നത ഉണ്ടായി. ഷംനാസിന്‍റെ നിര്‍മ്മാണ കമ്പനിയുമായുള്ള കരാര്‍ മറച്ചുവെച്ചുകൊണ്ട് ചിത്രത്തിന്‍റെ ഓവര്‍സീസ് അവകാശം വിറ്റുവെന്നും അങ്ങനെ 1.90 കോടി രൂപയുടെ നഷ്ടം തനിക്ക് ഉണ്ടായിയെന്നും ചൂണ്ടിക്കാട്ടിക്കൊണ്ടാണ് പരാതി. വൈക്കം കോടതിയിലേക്കാണ് ഷംനാസ് ആദ്യം പരാതിയുമായി പോയത്. കോടതിയുടെ നിര്‍ദേശപ്രകാരമാണ് തലയോലപ്പറമ്പ് പൊലീസ് എഫ്ഐആര്‍ ഇട്ടിരിക്കുന്നത്.

നിവിന് പോളിയെ ഒന്നാം പ്രതിയും എബ്രിഡ് ഷൈനിനെ രണ്ടാം പ്രതിയും ആക്കിയാണ് എഫ്ഐആര്‍. ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരമാണ് കേസ്. അന്വേഷണത്തിലേക്ക് കടന്നിട്ടില്ലെന്നാണ് പൊലീസില്‍ നിന്ന് ലഭ്യമാകുന്ന വിവരം. അതേസമയം തനിക്ക് കേസിന്റെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും എബ്രിഡ് ഷൈന്‍ പറഞ്ഞു. വിഷയത്തില്‍ പരസ്യ പ്രതികരണത്തിന് ഇല്ല എന്നും.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News