തല്ലു കൊള്ളുന്ന വില്ലൻ വേഷമാണോ?എന്നായിരുന്നു അടുത്ത ചോദ്യം. ‌‘ഏയ്, അങ്ങനെ തല്ലു കൊള്ളുന്ന വില്ലൻ വേഷത്തിൽ ഒന്നും നമ്മൾ പോയി തല വയ്ക്കില്ല.

കൊച്ചി: കമൽഹാസൻ (Kamal Haasan) നായകനാകുന്ന ലോകേഷ് കനകരാജ് മാസ്റ്ററിന് ശേഷം സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ‘വിക്ര’(Vikram) ത്തിൽ വില്ലൻ വേഷത്തിലാണ് മലയാളിയുടെ പ്രിയനടന്‍ ചെമ്പൻ വിനോദ് (Chemban Vinod Jose) എത്തുന്നത്. ‘വിക്ര’ത്തിലെ കഥാപാത്രത്തെക്കുറിച്ച് ചോദിച്ചപ്പോൾ ചെമ്പൻ പറഞ്ഞ രസകരമായ മറുപടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. 

പുതിയ ചിത്രം ‘ഭീമന്റെ വഴി’ (Bheemante Vazhi)യുടെ പ്രമോഷനിടെയായിരുന്നു ‘വിക്ര’ത്തിലെ വില്ലൻ വേഷത്തെ കുറിച്ച് ഒരു റിപ്പോർട്ടർ ചെമ്പൻ വിനോദിനോട് തിരക്കിയത്. അതൊരു വില്ലൻ വേഷമാണ്. അത്രയേ എനിക്ക് പറയാൻ സംവിധായകന്‍ അനുവദിച്ചിട്ടുള്ളൂ, എന്നായിരുന്നു ചെമ്പൻ വിനോദ് ആദ്യം പ്രതികരിച്ചത്.

തല്ലു കൊള്ളുന്ന വില്ലൻ വേഷമാണോ?എന്നായിരുന്നു അടുത്ത ചോദ്യം. ‌‘ഏയ്, അങ്ങനെ തല്ലു കൊള്ളുന്ന വില്ലൻ വേഷത്തിൽ ഒന്നും നമ്മൾ പോയി തല വയ്ക്കില്ല. ഇത്രനാള് കാത്തിരുന്നു കിട്ടിയതല്ലേ, ഇവിടെ നിന്ന് അവിടെ വരെ പോയി, വെറുതെ അടികൊണ്ടൊന്നും വരില്ല. എന്തേലും ഒരു സിഗ്നേച്ചർ അവിടെ കൊടുത്തിട്ടേ വരൂ. അടിയില്ല, എന്നെ എന്തോ വെടിവച്ചാണ് കൊല്ലുന്നത്. ’എന്നായിരുന്നു ചെമ്പന്റെ മറുപടി. വേദിയില്‍ ഇരിക്കുന്ന കുഞ്ചാക്കോ ബോബന്‍ അടക്കം ഇത് കേട്ട് ചിരിക്കുകയായിരുന്നു. 

YouTube video player

അതേ സമയം ചെമ്പന്‍ പ്രധാന വേഷത്തില്‍ എത്തിയ കുഞ്ചാക്കോ ബോബനെ നായകനാക്കി അഷ്റഫ് ഹംസ സംവിധാനം ചെയ്‍ത 'ഭീമന്‍റെ വഴി' തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. 'തമാശ' എന്ന വിജയചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ അഷ്റഫിന്‍റെ രണ്ടാം ചിത്രമാണിത്. ചെമ്പന്‍ വിനോദ് ജോസിന്‍റേത് തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ. ഒരു പ്രധാന കഥാപാത്രത്തെയും ചെമ്പന്‍ അവതരിപ്പിച്ചിട്ടുണ്ട്. 

കേരളത്തില്‍ 109 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്. മോഹന്‍ലാലിന്‍റെ ബിഗ് ബജറ്റ് ചിത്രം 'മരക്കാര്‍' എത്തിയതിനു തൊട്ടുപിറ്റേന്നാണ് മലയാളത്തില്‍ നിന്ന് അടുത്ത റിലീസ് എത്തുന്നത്. ചിന്നു ചാന്ദ്‍നിയാണ് ചിത്രത്തില്‍ നായിക. ജിനു ജോസഫ്, വിന്‍സി അലോഷ്യസ്, നിര്‍മ്മല്‍ പാലാഴി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.