ഭോപ്പാല്‍: ദീപിക പദുക്കോണ്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഛപാകി'ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിക്കുന്ന മധ്യപ്രദേശിലും ഛത്തീസ്ഗഢിലും നികുതിയില്ല. ജെഎന്‍യു ക്യാമ്പസിലെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന് പിന്നാലെ ദീപിക പദുക്കോണിനെതിരെ ട്വിറ്ററില്‍ ക്യാമ്പയിന്‍ നടക്കുകയും 'ഛപാക്' ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മധ്യപ്രദേശില്‍ 'ഛപാകി'നെ നികുതിയില്‍ നിന്ന് ഒഴിവാക്കിയത്.  ജനുവരി 10നാണ് ചിത്രം  റിലീസ് ചെയ്യുന്നത്. 

Read More: ബഹിഷ്‌കരണ ക്യാംപയ്‌നുകള്‍ തിരിച്ചടിച്ചു; ദീപികയുടെ ട്വിറ്റര്‍ ഫോളോവേഴ്‌സ് ഇരട്ടിയായി

മധ്യപ്രദേശ് സര്‍ക്കാരിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ ഛത്തീസ്ഗഡ് സര്‍ക്കാരും 'ഛപാകി'നെ നികുതിയില്‍ നിന്ന് ഒഴിവാക്കിയതായി വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം 'ഛപാക്' ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തതിന്റെ പിറ്റേ ദിവസം തന്നെ ട്വിറ്ററില്‍ ദീപികയെ ഫോളോ ചെയ്യുന്ന ആളുകളുടെ എണ്ണത്തില്‍ വമ്പന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. നാല്‍പ്പതിനായിരം ഫോളോവേഴ്സാണ് ഒറ്റ ദിവസം കൊണ്ട് ദീപകയ്ക്ക്  ലഭിച്ചത്. ദീപികയ്ക്ക് പിന്തുണയുമായി നിരവധി പ്രമുഖര്‍ രംഗത്തെത്തിയിട്ടുണ്ട്. കാര്‍ത്തിക് ആര്യന്‍, അനുരാഗ് കശ്യപ് തുടങ്ങി പ്രമുഖ താരങ്ങള്‍ ദീപികയെ പിന്തുണച്ച് രംഗത്ത് വന്നു.