ചലച്ചിത്ര സംവിധാനത്തെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ് പങ്കുവച്ച നിരീക്ഷണം പറഞ്ഞ് ചിദംബരം
വെറും മൂന്ന് സിനിമകളിലൂടെ മലയാള സിനിമയിലേക്കുള്ള തന്‍റെ ഗംഭീര വരവറിയിച്ച സംവിധായകനാണ് ചിദംബരം. ജാന്‍.എ.മന്‍, മഞ്ഞുമ്മല്‍ ബോയ്സ്, ഏറ്റവുമൊടുവില്‍ ബാലന്‍ എന്ന ചിത്രവും. ബാലന്‍ തിയറ്ററുകളില്‍ പ്രേക്ഷകപ്രീതി നേടി മുന്നേറുമ്പോള്‍ മേക്കിംഗിനെക്കുറിച്ചും ക്രാഫ്റ്റിനെക്കുറിച്ചുമുള്ള തന്‍റെ കാഴ്ചപ്പാടുകള്‍ പങ്കുവെക്കുകയാണ് ചിദംബരം. കൈയിലുള്ള കഥ എങ്ങനെ പറയും എന്നതിനുള്ള ഉപകരണം മാത്രമാണ് തന്നെ സംബന്ധിച്ച് ക്രാഫ്റ്റ് എന്ന് പറയുന്നു ചിദംബരം. വേറിട്ട ആസ്പെക്റ്റ് റേഷ്യോ അടക്കമുള്ള കാര്യങ്ങളെല്ലാം അതിനായി ഉപയോഗിക്കുന്നതാണെന്നും. ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ചിദംബരം ഇക്കാര്യത്തെക്കുറിച്ച് പറയുന്നത്. സന്തോഷ് പണ്ഡിറ്റ് പങ്കുവച്ചിട്ടുള്ള ഒരു നിരീക്ഷണത്തെക്കുറിച്ചും ചിദംബരം പറയുന്നുണ്ട്.
“മഞ്ഞുമ്മല്‍ ബോയ്സും ബാലനും ജാന്‍.എ.മന്നും ഒരേ ആസ്പെക്റ്റ് റേഷ്യോയില്‍ ആണ് ചെയ്തത്. ആത്യന്തികമായി ടിവിയിലേക്കാണ് ഈ സിനിമകള്‍ എത്തുകയെന്ന് എനിക്കറിയാം. പിന്നെ ഫ്ലാറ്റ് സ്ക്രീന്‍സ്. ഒരു ലാര്‍ജര്‍ ദാന്‍ ലൈഫ് ഫീല്‍ കിട്ടാന്‍ വേണ്ടിയാണ് ഞാന്‍ അങ്ങനെയുള്ള ആസ്പെക്റ്റ് റേഷ്യോ തെരഞ്ഞെടുക്കുന്നത്. ക്രാഫ്റ്റ് ഓട്ടോമാറ്റിക് ആണെന്ന് തോന്നുന്നു. ക്യാമറയിലും ഡയറക്ഷനിലും ഞാന്‍ മുന്‍പ് അസിസ്റ്റ് ചെയ്തിട്ടുണ്ട്. അപ്പോള്‍ അത് സ്വാഭാവികമായി വരും. കഥ പറയുന്നതിലാണ് എനിക്ക് ടെന്‍ഷന്‍. ക്രാഫ്റ്റ് അതിന്‍റെ ഉപോല്‍പന്നമാണ്. എങ്ങനെ ഫ്രെയിം വെക്കണം എന്നതൊക്കെ ഒരു ട്രെയ്നിംഗിന്‍റെ ഭാഗമായിത്തന്നെ വരുന്നതാണ്”, ചിദംബരം പറയുന്നു.
“ഒരു സിനിമ നമ്മള്‍ എങ്ങനെ ചെയ്യുന്നു എന്ന തീരുമാനത്തില്‍ നിന്നാണ് എല്ലാം. ഇപ്പോള്‍ നമ്മള്‍ സംസാരിക്കുന്ന ഈ സീന്‍. ഈ സീന്‍ എങ്ങനെ ചെയ്യാം, എവിടെ ക്യാമറ വെക്കാം എന്ന ചിന്ത. സന്തോഷ് പണ്ഡിറ്റ് ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യമുണ്ട്. ക്യാമറ 360 ഡിഗ്രിയില്‍ എവിടെയും വെക്കാം. ഇത് എവിടെ വച്ച് തുടങ്ങും എന്നുള്ള ചിന്ത. അത് ഭയങ്കര നല്ല ഒരു നിരീക്ഷണമായിട്ടാണ് എനിക്ക് തോന്നിയത്”, ചിദംബരം പറയുന്നു. സിനിമ ചെയ്യുന്ന എല്ലാവരും തന്‍റെ ഗുരുക്കന്മാരാണെന്നും ചിദംബരം പറയുന്നു. അതേസമയം കന്നഡത്തില്‍ നിന്നുള്ള നിര്‍മ്മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് ആണ് ബാലന്‍റെ നിര്‍മ്മാണം. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി പുതുമുഖങ്ങളാണ് ക്യാമറയ്ക്ക് മുന്നില്‍ എത്തിയിട്ടുള്ളത്. പോസിറ്റീവ് അഭിപ്രായങ്ങളാണ് ചിത്രം പ്രേക്ഷകരില്‍ നിന്ന് നേടിയത്.



