ടോളിവുഡില്‍ പ്രഖ്യാപിക്കപ്പെട്ട കൗതുകമുണര്‍ത്തുന്ന പ്രോജക്ടുകളില്‍ ഒന്നാണ് ചിരഞ്ജീവി നായകനാവുന്ന 'ലൂസിഫര്‍' റീമേക്ക്. താന്‍ നായകനായ ബിഗ് ബജറ്റ് ചിത്രം സെയ്‍റ നരസിംഹ റെഡ്ഡിയുടെ കേരള ലോഞ്ചിന് എത്തിയപ്പോഴാണ് 'ലൂസിഫറി'ന്‍റെ തെലുങ്ക് റീമേക്ക് അവകാശം വാങ്ങിയതിനെക്കുറിച്ച് ചിരഞ്ജീവി ആദ്യം പറയുന്നത്. എന്നാല്‍ ചിത്രം ആര് സംവിധാനം ചെയ്യും എന്നതിനെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ആദ്യം പുറത്തുവന്നിരുന്നില്ല. എന്നാല്‍ ഇക്കാലയളവിനുള്ളില്‍ മൂന്ന് സംവിധായകരുടെ പേര് ഇതിലേക്ക് പരാമര്‍ശിക്കപ്പെട്ട് റിപ്പോര്‍ട്ടുകളും എത്തി. എന്നാല്‍ ഇപ്പോഴിതാ 'ലൂസിഫര്‍' തെലുങ്ക് റീമേക്ക് ആര് സംവിധാനം ചെയ്യും എന്നതിനെക്കുറിച്ച് വ്യക്തത വന്നിരിക്കുകയാണ്.

തെലുങ്ക് ചിത്രങ്ങളുടെ തമിഴ് റീമേക്കുകളിലൂടെയടക്കം ശ്രദ്ധിക്കപ്പെട്ട സംവിധായകന്‍ മോഹന്‍ രാജയാണ് തെലുങ്ക് ലൂസിഫര്‍ ഒരുക്കുക. "#Chiru153 മെഗാസ്റ്റാറിനൊപ്പം രണ്ടാമതും ഒന്നിക്കുകയാണ് അഭിമാനത്തോടെ. എന്‍റെ അച്ഛന്‍ എഡിറ്റര്‍ മോഹനന്‍റെ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റ് 'ഹിറ്റ്ലറി'നു (1997) ശേഷം. മാതാപിതാക്കളുടെയും അഭ്യുദയകാംക്ഷികളുടെയും അനുഗ്രഹത്താല്‍ ജീവിതം എപ്പോഴുമെനിക്ക് കൂടുതല്‍ മികച്ചതാണ് സമ്മാനിച്ചുകൊണ്ടിരിക്കുന്നത്. ഇത്തവണ അത് മെഗാസ്റ്റാറിനൊപ്പം ഒരു മെഗാ പ്രോജക്ട് സംവിധാനം ചെയ്യാനുള്ള അവസരമാണ്. വലിയ സന്തോഷമുണ്ട്", ചിരഞ്ജീവിക്കൊപ്പം നില്‍ക്കുന്ന ചിത്രത്തിനൊപ്പം മോഹന്‍ രാജ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

2001ല്‍ പുറത്തെത്തിയ തെലുങ്ക് ചിത്രം ഹനുമാന്‍ ജംഗ്‍ഷന്‍ ആണ് മോഹന്‍ രാജയുടെ ആദ്യ ചിത്രം. പിന്നീട് ജയം, എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി, ഉനക്കും എനക്കും തുടങ്ങി തെലുങ്കില്‍ നിന്നും തമിഴിലേക്കുള്ള റീമേക്കുകളായി ആറ് ചിത്രങ്ങള്‍ സംവിധാനം ചെയ്തു. പക്ഷേ ജയം രവിയെ നായകനാക്കി ഒരുക്കിയ തനി ഒരുവനാണ് തമിഴില്‍ അദ്ദേഹത്തിന് ബ്രേക്ക് നേടിക്കൊടുത്തത്. 2015ലെ ഏറ്റവും വലിയ തമിഴ് ഹിറ്റുകളില്‍ ഒന്നായിരുന്നു അത്. ശിവകാര്‍ത്തികേയനും ഫഹദ് ഫാസിലും നയന്‍താരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'വേലൈക്കാരനാ'ണ് മോഹന്‍ രാജയുടേതായി ഒടുവില്‍ പുറത്തെത്തിയ ചിത്രം. ചിരഞ്ജീവിയെ നായകനാക്കി 1997ല്‍ എത്തിയ 'ഹിറ്റ്ലര്‍' (മലയാളം ഹിറ്റ്ലറിന്‍റെ റീമേക്ക്) നിര്‍മ്മിച്ചത് മോഹന്‍ രാജയുടെ അച്ഛന്‍ എഡിറ്റര്‍ മോഹന്‍ ആയിരുന്നു. ഈ ചിത്രത്തില്‍ മോഹന്‍ രാജ സഹസംവിധായകനായും പ്രവര്‍ത്തിച്ചിരുന്നു. 

 

ചിരഞ്ജീവിയുടെ 153-ാം ചിത്രം 'ലൂസിഫറി'ന്‍റെ തെലുങ്ക് റീമേക്ക് ആണെന്ന വിവരം നേരത്തെ പുറത്തെത്തിയ വിവരമായിരുന്നു. ​അതേസമയം മൂന്ന് സംവിധായകരുടെ പേരുകള്‍ വന്നുപോയതിനു ശേഷമാണ് മോഹന്‍ രാജയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. ചിത്രത്തിന്‍റെ സംവിധായകനായി ആദ്യം കേട്ടത് സുകുമാറിന്‍റെ പേരായിരുന്നു. രംഗസ്ഥലവും ആര്യയുമൊക്കെ ഒരുക്കിയ സംവിധായകന്‍. എന്നാല്‍ ഇത് സ്ഥിരീകരിച്ച വിവരമായിരുന്നില്ല. പിന്നീട് സാഹൊ ഒരുക്കിയ സുജീതിന്‍റെ പേരും ലൂസിഫര്‍ റീമേക്കിന്‍റെ സംവിധായകനായി കേട്ടു. എന്നാല്‍ സുജീത് നല്‍കിയ ഫൈനല്‍ ഡ്രാഫ്റ്റില്‍ തൃപ്തി പോരാഞ്ഞ് ചിരഞ്ജീവി അദ്ദേഹത്തെയും നീക്കിയെന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ആദി, ടാഗോര്‍, ബണ്ണി തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ വി വി വിനായകിന്‍റെ പേരും പിന്നീട് ഉയര്‍ന്നുകേട്ടിരുന്നു. ജനുവരി രണ്ടാം പകുതിയോടെയാവും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. മറ്റ് അഭിനേതാക്കളെയും സാങ്കേതിക പ്രവര്‍ത്തകരെയും തീരുമാനിച്ചു വരുന്നതേയുള്ളൂ.