Asianet News MalayalamAsianet News Malayalam

ഫോട്ടോ പോലും ഇല്ലാതിരുന്ന നരസിംഹ റെഡ്ഡിയായി മാറിയത് എങ്ങനെ- ചിരഞ്ജീവി പറയുന്നു

നരസിംഹ റെഡ്ഡി എന്ന കഥാപാത്രമായി മാറിയത് എങ്ങനെയെന്ന് ചിരഞ്ജീവി പറയുന്നു.

Chiranjeevi speaks about Narasimha Reddy
Author
Hyderabad, First Published Oct 11, 2019, 5:26 PM IST

ചിരഞ്ജീവി ഏറ്റവും ഒടുവില്‍ നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രം സെയ് റാ നരസിംഹ റെഡ്ഡിയാണ്. സ്വാതന്ത്ര്യസമര സേനാനിയായ നരസിംഹ റെഡ്ഡിയായിട്ടാണ് ചിരഞ്ജീവി അഭിനയിച്ചത്. ചിത്രത്തിന്റെ പോസ്റ്ററുകളും ട്രെയിലറുമൊക്കെ സാമൂഹ്യ മാധ്യമത്തില്‍ തരംഗമായിരുന്നു. ചിത്രം തിയേറ്ററിലും വൻ വിജയമാണ് നേടിയത്. ഇപ്പോഴിതാ താൻ എങ്ങനെയാണ് നരസിംഹ റെഡ്ഡി എന്ന കഥാപാത്രമായി മാറിയത് എന്ന് പറയുകയാണ് ചിരഞ്ജീവി.

ശരിയായ ഗെറ്റപ്പോ അല്ലെങ്കില്‍ ഏതെങ്കിലും രൂപത്തെയോ കുറിച്ച് പരാമർശങ്ങളില്ലാത്ത സെയ് റായുടെ കഥാപാത്രമായി എങ്ങനെയാണ് മാറിയതെന്ന് ചിരഞ്ജീവി വിശദീകരിച്ചു. എങ്ങനെ കഥാപാത്രമായി മാറണം എന്നതിനെ കുറിച്ച് ഒരു സൂചനയുമുണ്ടായിരുന്നില്ല. കഥാപാത്രമാകാൻ തയ്യാറെടുപ്പ് നടത്താൻ ഫോട്ടോകളൊന്നും ഉണ്ടായിരുന്നില്ല. നരസിംഹ റെഡ്ഡിയുടെ കുടുംബാംഗങ്ങളുടെ കയ്യില്‍ കാരിക്കേച്ചര്‍ സ്വഭാവത്തിലുള്ള ഒരു ഫോട്ടോയുണ്ടായിരുന്നു. അദ്ദേഹന്റെ ചെറുമകന്റെ ഫോട്ടോ ആയിരുന്നു അത്. മറ്റൊന്നും ഉണ്ടായിരുന്നില്ല. ഒരു ഗെറ്റപ്പുമായി മുന്നോട്ടുപോകാൻ വലിയ തയ്യാറെടുപ്പെടുകള്‍ വേണ്ടിവന്നു. ശരീരഭാഷയും സംഭാഷണ രീതിയൊക്കെ മനസ്സിലാക്കാൻ. വെള്ളം അതുള്ള പാത്രത്തിന്റെ രൂപത്തിലായിരിക്കും എന്ന് പറയാറില്ലേ. അതുപോലെ മാറുകയായിരുന്നുവെന്ന് വേണം പറയാൻ. കഥാപാത്രത്തിന് അനുസരിച്ചാണ് സ്റ്റൈല്‍ മാറ്റേണ്ടത്. ഒരു യഥാർത്ഥ നടന് സംവിധായകൻ നൽകിയ കഥാപാത്രമാകാൻ ഒരിക്കലും ബുദ്ധിമുട്ടുണ്ടാകില്ല, ബുദ്ധിമുട്ടുണ്ടാകാൻ പാടില്ല- ചിരഞ്ജീവി പറഞ്ഞു.

ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് ആയിരുന്നു. 160 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. നിരവധി യുദ്ധ രംഗങ്ങളും രക്തം ചീന്തുന്ന രംഗങ്ങളുമൊക്കെ ഉള്ളതുകൊണ്ടാണ് ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്.

ചിത്രത്തില്‍ ചിരഞ്ജീവിയുടെ കഥാപാത്രത്തിന്റെ ഗുരുവായ ഗോസായി വെങ്കണ്ണയായി അമിതാഭ് ബച്ചൻ എത്തുന്നു. ചരിത്ര സിനിമയായതിനാല്‍ വൻ ബജറ്റിലാണ് ചിത്രം ഒരുക്കുന്നത്. ആദ്യ ഘട്ടത്തില്‍ 200 കോടി ബജറ്റ് തീരുമാനിച്ചത് അവസാനം 250 കോടിയായി.

വലിയ മികവില്‍ ചിത്രം എത്തിക്കാനുള്ള അണിയറപ്രവര്‍ത്തകരുടെ ശ്രമം വിജയിച്ചിട്ടുണ്ട്. ചരിത്രസിനിമയായ സെയ് റാ നരസിംഹ റെഡ്ഡിയില്‍ ആക്ഷൻ രംഗങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. റാം- ലക്ഷ്‍മണ്‍, ഗ്രേഗ് പവല്‍ തുടങ്ങിയവരാണ് ആക്ഷൻ രംഗങ്ങള്‍ കൊറിയോഗ്രാഫി ചെയ്‍തത്. ചിത്രത്തിലെ യുദ്ധ രംഗത്തിനു മാത്രം 55 കോടി രൂപയാണ് ചെലവിട്ടതായാണ് റിപ്പോര്‍ട്ട്.

നയൻതാരയാണ് നായിക. ശ്രീവെന്നെല സീതാരാമ ശാസ്‍ത്രിയുടെ വരികള്‍ക്ക് അമിത് ത്രിവേദിയാണ് സംഗീതം പകര്‍ന്നത്.

Follow Us:
Download App:
  • android
  • ios