താന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന യശോദയുടെ ട്രെയ്‍ലറിന് ലഭിച്ച പ്രേക്ഷക സ്വീകാര്യതയില്‍ നന്ദി അറിയിച്ചുകൊണ്ടുള്ള കുറിപ്പിലാണ് രോഗവിവരവും സാമന്ത ആദ്യമായി വെളിപ്പെടുത്തിയത്

തെന്നിന്ത്യന്‍ സിനിമാതാരം സാമന്ത തന്‍റെ രോഗവിവരം ഇന്നലെയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തന്റെ തന്നെ ചിത്രത്തിനൊപ്പമാണ് തന്നെ ബാധിച്ചിരിക്കുന്ന മയോസൈറ്റിസ് രോഗത്തെക്കുറിച്ച് സാമന്ത ആദ്യമായി പറഞ്ഞത്. പ്രതീക്ഷിച്ചതിനേക്കാള്‍ സമയമെടുത്താണ് രോഗം ഭേദമാകുന്നതെന്നും അവര്‍ കുറിച്ചിരുന്നു. സഹപ്രവര്‍ത്തകരും ആരാധകരുമായി നിരവധി പേരാണ് സാമന്തയ്ക്ക് രോഗസൌഖ്യം ആശംസിച്ച് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. ഇപ്പോഴിതാ സാമന്തയ്ക്ക് ധൈര്യം പകര്‍ന്ന് എത്തിയിരിക്കുകയാണ് തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവി.

"പ്രിയ സാം, നമ്മുടെ ജീവിതങ്ങളിലേക്ക് പല കാലത്തായി നിരവധി വെല്ലുവിളികള്‍ കടന്നുവരും, ഒരുപക്ഷേ നമ്മുടെ ഉള്‍ക്കരുത്തിനെ സ്വയം കണ്ടെത്താനുള്ള അവസരം ഒരുക്കിക്കൊണ്ട്. ഉള്‍ബലമുള്ള, ഒരു ഗംഭീര പെണ്‍കുട്ടിയാണ് നീ. എനിക്കുറപ്പുണ്ട്, ഈ വെല്ലുവിളിയെയും നീ മറികടക്കുമെന്ന്, വളരെ പെട്ടെന്നുതന്നെ. ധൈര്യത്തോടെ മുന്നേറുക. ആ ശക്തി നിന്നോടൊപ്പം ഉണ്ടാവട്ടെ", ചിരഞ്ജീവി കുറിച്ചു.

ALSO READ : ഡാന്‍സ് ഫ്ലോറിനെ ത്രസിപ്പിക്കാന്‍ നിവിന്‍ പോളി; 'ചില്‍ മഗ' സോംഗ് ടീസര്‍

Scroll to load tweet…

താന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന യശോദയുടെ ട്രെയ്‍ലറിന് ലഭിച്ച പ്രേക്ഷക സ്വീകാര്യതയില്‍ നന്ദി അറിയിച്ചുകൊണ്ടുള്ള കുറിപ്പിലാണ് രോഗവിവരവും സാമന്ത ആദ്യമായി വെളിപ്പെടുത്തിയത്. "യശോദയുടെ ട്രെയ്‍ലറിന് നിങ്ങള്‍ നല്‍കിയ പിന്തുണ എന്നെ അമ്പരപ്പിക്കുന്നു. നിങ്ങള്‍ നല്‍കിയ സനേഹത്തിന് നന്ദി അറിയിക്കുകയാണ്. ഈ ശക്തിയാണ് ജീവിതത്തിൽ വരുന്ന പ്രതിസന്ധികളെ നേരിടാന്‍ എനിക്ക് സഹായകമാകുന്നത്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് നടത്തിയ പരിശോധനയില്‍ ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന 'മയോസൈറ്റിസ്' എന്ന രോഗം എന്നെ ബാധിച്ചതായി തിരിച്ചറിഞ്ഞു. ഇത് കുറഞ്ഞതിന് ശേഷം ഇക്കാര്യം നിങ്ങളെ അറിയിക്കാമെന്നാണ് കരുതിയത്. എന്നാൽ രോഗമുക്തി നേടാൻ ഞാൻ പ്രതീക്ഷിച്ചതിലും കൂടുതൽ സമയമെടുക്കുന്നു. എനിക്കുണ്ടായ ദൌര്‍ബല്യം അംഗീകരിക്കുക എന്നത് ഇപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ്. രോഗം പൂര്‍ണമായും ഭേദമാകുമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പ് നൽകിയിട്ടുണ്ട്. എനിക്ക് നല്ല ദിവസങ്ങളും ചീത്ത ദിനങ്ങളും ഉണ്ടായിരുന്നു... ശാരീരികമായും വൈകാരികമായും.... എനിക്ക് ഇനി ഒരു ദിവസം കൂടി താങ്ങാൻ കഴിയില്ലെന്ന് തോന്നുമ്പോൾ പോലും, എങ്ങനെയോ ആ നിമിഷവും കടന്നുപോകുന്നു. ഈ സമയവും കടന്നുപോകും", എന്നാണ് രോഗ വിവരം പങ്കുവച്ച് സാമന്ത കുറിച്ചത്.