മോഹൻലാല്‍ നായകനായി പ്രദര്‍ശനത്തിന് എത്തിയ ലൂസിഫര്‍ ആദ്യമായി 200 കോടി ക്ലബ്ബില്‍ ഇടം നേടിയ ചിത്രമാണ്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്‍ത ചിത്രം കൂടിയായിരുന്നു ലൂസിഫര്‍. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ചിത്രം തെലുങ്കിലേക്കും എത്തുകയാണ് എന്ന് അടുത്തിടെ വാര്‍ത്ത വന്നിരുന്നു. ചിരഞ്ജീവിയാണ് തെലുങ്കില്‍ നായകനാകുക. ചിത്രം സംവിധാനം ചെയ്യുക ആരായിരിക്കും എന്ന കാര്യവും പുറത്തുവിട്ടു.

ചിരഞ്ജീവി ലൂസിഫറിന്റെ തെലുങ്ക് പകര്‍പ്പവകാശം വാങ്ങിച്ചിരുന്നു. ചിത്രം സുകുമാര്‍ ആണ് സംവിധാനം ചെയ്യുക എന്നാണ് റിപ്പോര്‍ട്ട്. രാം ചരണിന്റെ രംഗസ്ഥലം എന്ന സൂപ്പര്‍ഹിറ്റ് ചിത്രം ഒരുക്കിയ സംവിധായകനാണ് സുകുമാര്‍. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ കുറിച്ചുള്ള വിവരം പുറത്തുവിട്ടിട്ടില്ല. അതേസമയം ചിരഞ്ജീവി നായകനായ പ്രദര്‍ശനത്തിന് എത്തിയ സെയ് റാ നരസിംഹ റെഡ്ഡി തിയേറ്ററില്‍ പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. സ്വാതന്ത്ര്യ സമര സേനാനിയായ നരസിംഹ റെഡ്ഡിയായിട്ടായിരുന്നു ചിത്രത്തില്‍ ചിരഞ്ജീവി അഭിനയിച്ചിരുന്നത്.