മീശപിരിച്ച് മുണ്ടുടുത്തുവരുന്ന മാസ്സ് കഥാപാത്രങ്ങളിൽ നിന്ന് തലയുടെ മാസ്സ് മോഹൻലാലിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കാത്തതായിരുന്നു. അതുതന്നെ സംവിധായകൻ വില്ലനിനും പരീക്ഷിച്ചു.

ചെകുത്താൻ ഭൂമിയിൽ കാലുറപ്പിച്ച് നിൽക്കും പോലൊരു ആകാദൃശൃശ്യമുണ്ട് ഛോട്ടാ മുംബൈയിൽ. പെരും മഴയത്ത് കറുത്ത ഷർട്ടും പാൻ്റുമിട്ട് മുറുക്കി ചുവപ്പിച്ച ചുണ്ടുകൾക്ക് മുകളിലേയ്ക്ക് കുട ഉയരുമ്പോൾ ക്രൗര്യമുള്ളൊരു മുഖം തെളിയും. ‘നിങ്ങൾ ഇപ്പോൾ വായിച്ച വേദപുസ്തകത്തിലെ ദുഷ്ടനും അധർമിയും ശത്രുവും ഞാൻ തന്നെയാ… പേര് നടേശൻ. ഇത് 2 കുപ്പി കള്ളിന്റെ പുറത്ത് കൊച്ചീലെ ചില ലോക്കൽ ഗുണ്ടകൾ പറയുന്ന വാക്കല്ല, കൊല്ലുമെന്ന് പറഞ്ഞാൽ നടേശൻ കൊന്നിരിക്കും’ എന്ന ഡയലോഗ് പറയുമ്പോൾ പ്രേക്ഷകനറിയാം അയാളത് ചെയ്യുമെന്ന്. ഛോട്ടാ മുംബൈ റീ റിലീസിൽ സിഐ നടേശനെ തലയ്ക്കൊപ്പം ആഘോഷമാക്കുകയാണ് പ്രേക്ഷകർ.

തലയ്ക്കൊപ്പം ആഘോഷിക്കുന്ന സി ഐ നടേശൻ| Chotta Mumbai| Kalabhavan Mani

കലാഭവൻ മണിയുടെ പ്രകടനമാണ് നടേശനെന്ന കഥാപാത്രത്തെ മലയാള സിനിമയിലെ മികച്ച വില്ലന്മാരിൽ ഒരാളാക്കി മാറ്റിയത്. മണിച്ചേട്ടൻ്റെ ഗൗരവമാണ് വേണ്ടതെന്നായിരുന്നു സംവിധായകൻ അൻവർ റഷീദിൻ്റെ ആവശ്യം, മറ്റെല്ലാം താൻ പറയും പോലെ ചെയ്താൽ മതി. പൊലീസ് യൂണിഫോമിൽ വിലസിയിരുന്ന ക്രിമിനൽ നേതാവ്. ബെന്നി പി നായരമ്പലം എഴുതി അൻവർ വാർത്തെടുത്ത മണിയുടെ കരിയറിലെ വില്ലൻ വേഷങ്ങളിൽ തന്നെ ലക്ഷണമൊത്ത നടേശൻ.

രാജമാണിക്യത്തിൽ രഞ്ജിത് അവതരിപ്പിച്ച സൈമൺ നാടാരാകാനാണ് അൻവർ ആദ്യം മണിയെ വിളിക്കുന്നത്. ഷൂട്ടിങ് തിരക്കുകളിൽ അതു നടക്കാതെ പോയപ്പോൾ മണി അൻവറിന് കൊടുത്ത വാക്കാണ് അടുത്ത സിനിമയിൽ പറയുന്ന റോളിൽ അഭിനയിച്ചുകൊള്ളാമെന്ന്. അൻവർ ഛോട്ടാ മുംബൈയിലേയ്ക്ക് വിളിച്ചു. പതിഞ്ഞ താളത്തിലാണ് നടേശൻ നടക്കുക, ശബ്ദമുയർത്തി അയാൾ ആങ്ങനെ സംസാരിക്കുന്നതേയില്ല. സട്ടിലായാണ് അയാളുടെ എക്സ്പ്രഷനുകളെല്ലാം. പക്ഷേ പേടിതോന്നും, അയാൾ പറയുന്നത് ചെയ്ത് കളയുമെന്ന തോന്നൽ പ്രേക്ഷകനുണ്ടാകും.

മീശപിരിച്ച് മുണ്ടുടുത്തുവരുന്ന മാസ്സ് കഥാപാത്രങ്ങളിൽ നിന്ന് തലയുടെ മാസ്സ് മോഹൻലാലിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കാത്തതായിരുന്നു. അതുതന്നെ സംവിധായകൻ വില്ലനിനും പരീക്ഷിച്ചു. മണി ഛോട്ടാ മുംബൈക്ക് തൊട്ടു മുൻപ് ചെയ്ത സിനിമകളെല്ലാം നായക വേഷത്തിലാണ്. ‘ചാക്കോ രണ്ടാമൻ’, ‘റെഡ് സല്യൂട്ട്’, ‘അബ്രഹാം ആൻഡ് ലിങ്കൺ’, ‘രക്ഷകൻ’, ‘പായും പുലി’, ‘നന്മ’, ‘ഇന്ദ്രജിത്ത്’, ‘നഗരം’ പോലെ തുടർച്ചയായി നായക വേഷങ്ങൾ. ‘നസ്രാണി’യിൽ മമ്മൂട്ടിയ്ക്കൊപ്പം സുഹൃത്തിൻ്റെ റോൾ. അങ്ങനെയിരിക്കെയാണ് സിഐ നടേശൻ്റെ വരവ്. പ്രേക്ഷകന് അതിലൊരു ഔട്ട് ആൻഡ് ഔട്ട് പുതുമ തോന്നി. അതുവരെ കാണാത്തൊരു വില്ലൻ. മോഹൻലാലിൻ്റെ തലയ്ക്കും കുടുംബത്തിനും എതിരാകുന്ന സിഐ നടേശൻ.

ലൗഡ് ആയ പെർഫോമറാണ് കലാഭവൻ മണി. എന്നാൽ നടേശൻ്റെ മീറ്റർ അങ്ങനെയല്ല. മോഹൻലാലിൻ്റെ വാസ്കോയ്ക്കോ വില്ലൻ നടേശനോ ലെങ്തി ഡയലോഗുകളില്ല. അവർ തമ്മിൽ കഥാന്ത്യത്തോളം കണ്ടുമുട്ടുന്നുപോലുമില്ല. വാസ്കോയും ഗാങ്ങും ഡോമിനേറ്റ് ചെയ്ത് പോകുന്ന കഥയെ നടേശൻ എന്ന ഒറ്റൊരാളെ എതിർവശത്ത് നിർത്തിക്കൊണ്ട് മുന്നോട്ട് കൊണ്ടുപോകണമെങ്കിൽ അത് കലാഭവൻ മണി എന്ന പെർഫോമറിനു മേൽ സംവിധായകനുണ്ടായ വിശ്വാസംകൊണ്ടാണ്. നടേശൻ അത്രമാത്രം പവർഫുൾ ആയതുകൊണ്ടാണ്.

തുടരും സിനിമയിലെ വില്ലൻ ജോർജ് സാറിനെക്കുറിച്ച് വാതോരാതെ പറയുകയായിരുന്നു ഒരാഴ്ച മുമ്പ് വരെ മലയാള സിനിമ പ്രേക്ഷകർ. നടേശനെ വെല്ലാൻ ജോർജ് സാറും പോരാ... നടേശന് തുല്യം നടേശൻ മാത്രം, എന്നവിധത്തിലാണ് ഛോട്ടാ മുംബൈ തിയേറ്ററിലുണ്ടാക്കുന്ന സ്വീകാര്യത.