ഒരാഴ്ചത്തെ ഇടവേളയില്‍ റിലീസ് ചെയ്യപ്പെട്ട സിനിമകള്‍
റീ റിലീസുകളില്‍ ഇത്രത്തോളം ആവേശമുണ്ടാക്കിയ മറ്റൊരു മലയാള ചിത്രം ഛോട്ടാ മുംബൈ പോലെ ഇല്ല. തിയറ്ററുകളില്‍ ചിത്രത്തിലെ ഗാനരംഗങ്ങള്‍ക്കൊപ്പം ചുവട് വച്ചാണ് യുവപ്രേക്ഷകര്‍ ഛോട്ടാ മുംബൈയെ വരവേറ്റത്. മികച്ച കളക്ഷനും രണ്ടാം വരവില്‍ ചിത്രം നേടി. ഇപ്പോഴിതാ ചിത്രത്തിന്‍റെ ചിത്രീകരണ സമയത്തെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. മോഹന്‍ലാലും ബിജുക്കുട്ടനും അടക്കമുള്ളവര്‍ വീഡിയോയില്‍ ഉണ്ട്. ഛോട്ടാ മുംബൈയില്‍ അഭിനയിച്ചിട്ടില്ലാത്ത ഒരു നടനെയും ഈ വീഡിയോയില്‍ കാണാം. മനോജ് കെ ജയന്‍ ആണ് അത്.
2007 ഏപ്രിലില്‍ ഒരാഴ്ചത്തെ വ്യത്യാസത്തില്‍ തിയറ്ററുകളില്‍ എത്തിയ ചിത്രങ്ങളായിരുന്നു ഛോട്ടാ മുംബൈയും മമ്മൂട്ടി നായകനായ ബിഗ് ബിയും. ഒരേ സമയത്ത് തിയറ്ററുകളില്‍ എത്തിയ ചിത്രങ്ങളുടെ ചിത്രീകരണവും ഒരേ സമയത്ത് ആയിരുന്നു. കൂടാതെ ഏകദേശം ഒരേ സ്ഥലത്തും. ഫോര്‍ട്ട് കൊച്ചിയിലാണ് പ്രധാനമായും ഈ സിനിമകള്‍ ഒരേ സമയത്ത് ചിത്രീകരിച്ചത്. ബിഗ് ബിയുടെ ലൊക്കേഷനില്‍ നിന്നാണ് മനോജ് കെ ജയന്‍ ഛോട്ടാ മുംബൈയുടെ ലൊക്കേഷനിലേക്ക് എത്തിയത്. വാസ്കോ ഡ ഗാമയായി ക്യാമറയ്ക്ക് മുന്നിലേക്ക് എത്താനിരിക്കുന്ന മോഹന്‍ലാലുമായി സൗഹൃദം പുതുക്കുന്ന മനോജ് കെ ജയനെ പുറത്തെത്തിയ വീഡിയോയില്‍ കാണാം.
മലയാള സിനിമയില്‍ ദൃശ്യപരമായി നിരവധി പുതുമകളുമായി എത്തിയ ചിത്രമായിരുന്നു ബിഗ് ബി. അമല്‍ നീരദിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു അത്. എന്നാല്‍ റിലീസ് സമയത്ത് ഇപ്പോള്‍ ലഭിക്കുന്ന മട്ടിലുള്ള കൈയടികള്‍ ചിത്രത്തിന് ലഭിച്ചിരുന്നില്ല.
അതേസമയം മോഹന്‍ലാലിനെ നായകനാക്കി അന്‍വര്‍ റഷീദ് ഒരേയൊരു ചിത്രം മാത്രമേ ഒരുക്കിയിട്ടുള്ളൂ. എന്നാല്‍ അത് അത്രയും എന്‍റര്‍ടെയ്ന്‍മെന്‍റ് വാല്യു ഉള്ള ഒന്നായിരുന്നു. ബെന്നി പി നായരമ്പലമായിരുന്നു ചിത്രത്തിന്‍റെ രചയിതാവ്. മിഴിവുറ്റ കഥാപാത്രങ്ങളും രസകരമായ കഥാസന്ദര്‍ഭങ്ങളും ചിത്രത്തില്‍ ആവോളം ഉണ്ടായിരുന്നു. മോഹന്‍ലാലിനൊപ്പം വലിയൊരു താരനിരയും ചിത്രത്തില്‍ എത്തി. മോഹന്‍ലാല്‍ തല എന്ന് കൂട്ടുകാര്‍ വിളിക്കുന്ന വാസ്കോ ഡ ഗാമ ആയപ്പോള്‍ നടേശന്‍ എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ചത് കലാഭവന്‍ മണി ആയിരുന്നു. ഭാവന ആയിരുന്നു നായിക. സിദ്ദിഖ്, ജഗതി ശ്രീകുമാര്‍, ഇന്ദ്രജിത്ത് സുകുമാരന്‍, മണിക്കുട്ടന്‍, ബിജുക്കുട്ടന്‍, സായ് കുമാര്‍, രാജന്‍ പി ദേവ്, വിനായകന്‍, മണിയന്‍പിള്ള രാജു, മല്ലിക സുകുമാരന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

