Asianet News MalayalamAsianet News Malayalam

'ലൂസിഫറി'നെതിരെ ക്രൈസ്തവ സംഘടന

'ജീവിതമൂല്യങ്ങൾ അവതരിപ്പിക്കുന്നതും നല്ല സന്ദേശങ്ങൾ നൽകുന്നതുമായ സിനിമകളെ ഉദ്ദേശിച്ചല്ല ഈ പോസ്റ്റ്‌. ലൂസിഫർ എന്നത് സാത്താന്റെ നാമമായാണ് ക്രൈസ്തവർ കരുതുന്നത്'

Christian body facebook post against mohanlal movie lucifer
Author
Kerala, First Published Mar 28, 2019, 7:49 PM IST

കൊച്ചി: മോഹന്‍ലാല്‍ ചിത്രം ലൂസിഫറിനെതിരെ കേരള ക്രിസ്ത്യന്‍ ഡമോക്രാറ്റിക്ക് മൂവ്മെന്‍റ് രംഗത്ത്. സഭയെയും ക്രിസ്തീയമൂല്യങ്ങളെയും പരിശുദ്ധ കൂദാശകളെയും അപമാനിച്ച ശേഷം സാത്താനും അവന്റെ നാമത്തിനും കയ്യടിയും ആർപ്പുവിളിയും വാങ്ങിക്കൊടുക്കുകയാണ് മലയാള സിനിമാവ്യവസായം എന്നാണ് ഇവരുടെ ആരോപണം. മറഞ്ഞിരിക്കുന്ന വലിയ വിപത്തിനെ തിരിച്ചറിയാനുള്ള വിവേകം നല്ല തമ്പുരാൻ നമുക്ക് നൽകട്ടെ എന്നും ഇവരുടെ പേരിലെ ഫേസ്ബുക്ക് പോസ്റ്റ് പറയുന്നു.

'മൃഗത്തിന്‍റെ നാമമോ നാമത്തിന്‍റെ സംഖ്യയോ മുദ്രയടിക്കപ്പെടാത്തവര്‍ക്കു കൊടുക്കല്‍ വാങ്ങല്‍ അസാധ്യമാക്കാന്‍ വേണ്ടിയായിരുന്നു അത്‌. ഇവിടെയാണ്‌ ജ്‌ഞാനം ആവശ്യമായിരിക്കുന്നത്‌. ബുദ്‌ധിയുള്ളവന്‍ മൃഗത്തിന്‍റെ സംഖ്യ കണക്കുകൂട്ടട്ടെ. അത്‌ ഒരു മനുഷ്യന്‍റെ സംഖ്യയാണ്‌. ആ സംഖ്യ അറുനൂറ്റി അറുപത്തിയാറ്‌.

ജീവിതമൂല്യങ്ങൾ അവതരിപ്പിക്കുന്നതും നല്ല സന്ദേശങ്ങൾ നൽകുന്നതുമായ സിനിമകളെ ഉദ്ദേശിച്ചല്ല ഈ പോസ്റ്റ്‌. ലൂസിഫർ എന്നത് സാത്താന്റെ നാമമായാണ് ക്രൈസ്തവർ കരുതുന്നത്. അത് സകല തലമുറയ്ക്കും ശപിക്കപ്പെട്ട നാമമായിരിക്കും' - ഇവരുടെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫര്‍ രാഷ്ട്രീയം പശ്ചാത്തലമാവുന്ന ചിത്രമാണ്. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനാണ് മോഹന്‍ലാലിന്റെ കഥാപാത്രം. 

Follow Us:
Download App:
  • android
  • ios