പൊലീസ് വേഷത്തിലാണ് നന്ദകുമാര്‍ അഭിനയിക്കുന്നത്
ആറാട്ട് എന്ന ചിത്രത്തിന്‍റെ തിയറ്റര്‍ റെസ്പോണ്‍സ് പറഞ്ഞ് വൈറല്‍ ആയ ആളാണ് സന്തോഷ് വര്‍ക്കി. ആറാട്ട് അണ്ണന്‍ എന്ന പേരിലാണ് സന്തോഷ് വര്‍ക്കി പിന്നീട് അറിയപ്പെട്ടത്. അടുത്തിടെ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ക്രിസ്റ്റഫര്‍ കളിക്കുന്ന തിയറ്ററിനു മുന്നില്‍ സ്വന്തം അഭിപ്രായം പറഞ്ഞ് മറ്റൊരാളും ഇത്തരത്തില്‍ വൈറല്‍ ആയിരുന്നു. നന്ദകുമാര്‍ എന്നയാളിന് ക്രിസ്റ്റഫര്‍ അണ്ണന്‍ എന്ന പേരാണ് ട്രോളന്മാര്‍ ചാര്‍ത്തി നല്‍കിയത്. ഇപ്പോഴിതാ തന്‍റെ സിനിമാ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് നന്ദകുമാര്‍.
റോഷന്റെ ആദ്യ പെണ്ണ് കാണൽ എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നതും നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നതും നന്ദകുമാര്‍ ആണ്. പൊലീസ് വേഷത്തിലാണ് നന്ദകുമാര്‍ അഭിനയിക്കുന്നത്. ഒരു വാര്‍ത്തയുടെ നിജസ്ഥിതി അന്വേഷിച്ച് പോകുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് നന്ദകുമാറിന്റെ കഥാപാത്രം. കാണാതായ ഒരു കുട്ടിയുടെ മൃതദേഹം മൂന്നാം ദിവസം കണ്ടെത്തുന്നു. എന്നാല്‍ മരണത്തിന്‍റെ കാരണം അവ്യക്തമായി തുടരുന്നു. തുടര്‍ന്ന് നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്‍റെ കാതല്‍.

പ്രൊമോഷന്റെ ഭാഗമായി കൂവുന്നവർക്ക് കൂവാം. കളിയാക്കുന്നവർക്ക് കളിയാക്കും. നല്ലതായാലും ചീത്തയായാലും സിനിമ ഇറങ്ങുമ്പോൾ കണ്ടിട്ട് അഭിപ്രായം പറയൂയെന്നാണ് നന്ദകുമാർ ആവശ്യപ്പെടുന്നത്. പാർത്ഥിവ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രേയിദ, ബിനോയ് കെ മാത്യു റാന്നി എന്നിവർക്കൊപ്പം നന്ദകുമാറിന്റെ ഉടമസ്ഥതിലുള്ള എൻ പടവും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് റോഷന്റെ ആദ്യ പെണ്ണ് കാണൽ. ഛായാഗ്രഹണം മനുലാൽ നിർവ്വഹിക്കുന്നു. സംവിധാനം നന്ദകുമാർ, മ്യൂസിക് ടീം മ്യൂസിക് കൊച്ചി. ചിത്രത്തിന്‍റെ ടീസർ, ടൈറ്റിൽ സോങ് എന്നിവ ഇതിനകം പുറത്തെത്തിയിട്ടുണ്ട്. ചിത്രത്തിന്റെ പ്രദർശനം ഉടൻ ഉണ്ടായിരിക്കും. പി ആർ ഒ- എ എസ് ദിനേശ്.
ALSO READ : മനോഹരം ഈ ചുവടുകള്‍; മറ്റൊരു വൈറല്‍ ഡാന്‍സ് വീഡിയോയുമായി ദില്‍ഷയും റംസാനും
