Asianet News MalayalamAsianet News Malayalam

അഡ്വാന്‍സ് ബുക്കിംഗില്‍ ആമിറിനെയും അക്ഷയ്‍യെയും മറികടന്ന് ദുല്‍ഖര്‍; 1.25 ലക്ഷം ടിക്കറ്റുകള്‍ വിറ്റ് 'ഛുപ്'

ഓഡിയന്‍സ് സ്പെഷല്‍ പ്രിവ്യൂവില്‍ വന്‍ അഭിപ്രായം നേടിയ ചിത്രം

chup advance booking crosses 1.25 lakhs beats laal singh chaddha samrat prithviraj
Author
First Published Sep 22, 2022, 8:18 PM IST

കൊവിഡ് കാലത്തിനു ശേഷമുള്ള തുടര്‍ പരാജയങ്ങള്‍ക്കു പിന്നാലെ ബ്രഹ്‍മാസ്ത്ര നല്‍കിയ വിജയത്തിന്‍റെ ആശ്വാസത്തിലാണ് ബോളിവുഡ്. അതേസമയം ഈ വിജയം തുടരുക എന്നത് ഒരു വ്യവസായം എന്ന നിലയ്ക്ക് ബോളിവുഡിനെ സംബന്ധിച്ച് ഏറെ പ്രധാനവുമാണ്. ബോളിവുഡില്‍ നിന്നുള്ള അടുത്ത പ്രധാന റിലീസ് നാളെ പുറത്തിറങ്ങുന്ന ഛുപ്: റിവെഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റ് എന്ന ചിത്രമാണ്. ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം എന്നത് മലയാളികളെ സംബന്ധിച്ചും ആവേശം പകരുന്ന ഒന്നാണ്. സണ്ണി ഡിയോളാണ് ദുല്‍ഖറിനൊപ്പം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അണിയറക്കാര്‍ സംഘടിപ്പിച്ച ഓഡിയന്‍സ് പ്രിവ്യൂസിനു ശേഷം വന്‍ അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രത്തെക്കുറിച്ച് ഉയര്‍ന്നത്. ആ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി ബോക്സ് ഓഫീസിലും പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറക്കാര്‍. ആ പ്രതീക്ഷയെ ഇരട്ടിപ്പിക്കുന്ന പുതിയൊരു അപ്ഡേറ്റ് ഇപ്പോള്‍ പുറത്തെത്തിയിട്ടുണ്ട്. ചിത്രത്തിന് ലഭിക്കുന്ന അഡ്വാന്‍സ് ബുക്കിംഗിനെക്കുറിച്ചാണ് അത്.

1.25 ലക്ഷം ടിക്കറ്റുകളാണ് റിലീസിനു മുന്‍പായി ചിത്രത്തിന്‍റേതായി വിറ്റുപോയിട്ടുള്ളത്. വൈകിട്ട് പുറത്തെത്തിയ കണക്കാണ് ഇത്. ആദ്യ ഷോകള്‍ക്കു മുന്‍പ് എത്തുന്ന കണക്കുകള്‍ ഇതിലും വലുതായിരിക്കും. സമീപകാല ബോളിവുഡില്‍ അപൂര്‍വ്വം ചിത്രങ്ങള്‍ക്കു മാത്രമേ അഡ്വാന്‍സ് ബുക്കിംഗില്‍ ഈ തരത്തിലുള്ള പ്രതികരണം ലഭിച്ചിട്ടുള്ളൂ. അടുത്തിടെ റിലീസ് ചെയ്യപ്പെട്ട ആമിര്‍ ഖാന്‍റെ ലാല്‍ സിംഗ് ഛദ്ദ, 
ആലിയ ഭട്ടിന്‍റെ ഗംഗുഭായി കത്തിയവാഡി, രണ്‍ബീര്‍ കപൂറിന്‍റെ ഷംഷേര, അക്ഷയ് കുമാറിന്‍റെ സാമ്രാട്ട് പൃഥ്രിരാജ് തുടങ്ങിയ ചിത്രങ്ങളെയാണ് ദുല്‍ഖര്‍ സല്‍മാന്റെ ഛുപ് കടത്തിവെട്ടിയത്. 

ALSO READ : 'ജൂനിയര്‍ ഗന്ധര്‍വ്വ'നാവാന്‍ ഉണ്ണി മുകുന്ദന്‍; പിറന്നാള്‍ ദിനത്തില്‍ പ്രഖ്യാപനം

സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ സണ്ണി ഡിയോള്‍ ആണ് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആര്‍ ബല്‍കിയാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും. ചീനി കം, പാ, ഷമിതാഭ്, കി ആന്‍ഡ് ക, പാഡ് മാന്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആര്‍ ബല്‍കി. ഒരു ത്രില്ലര്‍ ചിത്രം ബല്‍കി ആദ്യമായാണ് സംവിധാനം ചെയ്യുന്നത്. പ്രമുഖ ബോളിവുഡ് സംവിധായകനും നടനുമൊക്കെയായിരുന്ന ഗുരു ദത്തിനുള്ള ആദരം എന്ന നിലയ്ക്കാണ് ചിത്രം ഒരുക്കുന്നതെന്ന് സംവിധായകന്‍ നേരത്തെ പറഞ്ഞിരുന്നു. ഗുരു ദത്തിന്‍റെ ചരമ വാര്‍ഷികത്തിലായിരുന്നു ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപിച്ചത്. 

വിശാല്‍ സിന്‍ഹ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് അമിത് ത്രിവേദിയാണ്. എഡിറ്റിംഗ് നയന്‍ എച്ച് കെ ഭദ്ര. സംവിധായകനൊപ്പം രാജ സെന്‍, റിഷി വിര്‍മാനി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്ദീപ് ഷറദ് റവാഡെ, സൌണ്ട് ഡിസൈനിംഗ് ദേബഷിഷ് മിശ്ര, വരികള്‍ സ്വാനന്ദ് കിര്‍കിറെ, വസ്ത്രാലങ്കാരം അയ്ഷ മര്‍ച്ചന്‍റ്, സംഘട്ടനം വിക്രം ദഹിയ. ഗൌരി ഷിന്‍ഡെ, ആര്‍ ബല്‍കി, രാകേഷ് ജുന്‍ജുന്‍വാല എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. 

ദുല്‍ഖര്‍ സല്‍മാന്‍റെ മൂന്നാമത് ബോളിവുഡ് ചിത്രമാണിത്. ഇര്‍ഫാന്‍ ഖാനൊപ്പം എത്തിയ റോഡ് കോമഡി ഡ്രാമ ചിത്രം 'കര്‍വാന്‍' (2018) ആയിരുന്നു ദുല്‍ഖറിന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം. തൊട്ടടുത്ത വര്‍ഷം അഭിഷേക് ശര്‍മ്മയുടെ സംവിധാനത്തില്‍ ദുല്‍ഖര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ 'നിഖില്‍ ഖോഡ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച 'ദി സോയ ഫാക്ടറും' എത്തി.  

Follow Us:
Download App:
  • android
  • ios