Asianet News MalayalamAsianet News Malayalam

Churuli : 'ഒടിടിയില്‍ കാണിക്കുന്ന 'ചുരുളി' സെൻസര്‍ ചെയ്‍ത പതിപ്പല്ല', വിശദീകരണവുമായി സെൻസര്‍ ബോര്‍ഡ്

ഒടിടിയില്‍ കാണിക്കുന്ന സിനിമ സെൻസര്‍ ചെയ്‍ത പതിപ്പല്ലെന്ന വിശദീകരണവുമായി സെൻസര്‍ ബോര്‍ഡ്.

Churuli shown in the OTT is not a censored Censor board clarifies
Author
Kochi, First Published Nov 23, 2021, 1:47 PM IST


ലിജോ ജോസ് പെല്ലിശ്ശേരി (Lijo Jose Pellissery) ചിത്രം 'ചുരുളി' (Churuli) അടുത്തിടെയാണ് പ്രദര്‍ശനത്തിന് എത്തിയത്.  'ചുരുളി'  എന്ന ചിത്രം ഒടിടി റിലീസായിട്ടാണ് ചുരുളി എത്തിയത്. ചുരുളിയിലെ സംഭാഷണങ്ങളില്‍ അസഭ്യ പദങ്ങള്‍  ഉപയോഗിച്ചതിന്റെ പേരില്‍ വിമര്‍ശനവുമുണ്ടായി. ഒടിടിയില്‍ കാണിക്കുന്ന സിനിമ സെൻസര്‍ ചെയ്‍ത പതിപ്പല്ലെന്ന വിശദീകരണവുമായി ഇപോള്‍ സെൻസര്‍ ബോര്‍ഡ് രംഗത്ത് എത്തിയിരിക്കുകയാണ്.

ഒടിടിയില്‍ കാണിക്കുന്ന സിനിമ സെൻസര്‍ ചെയ്‍ത പതിപ്പല്ല. ചുരുളി മലയാളം  സിനിമയ്‍ക്ക് സിനിമാട്ടോഗ്രാഫ് ആക്ട് 1952, സിനിമാട്ടോഗ്രാഫ് സര്‍ട്ടിഫിക്കേഷന്‍ റൂള്‍സ് -1983, ഇന്ത്യാ ഗവണ്‍മെന്റ്  പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നിവക്ക് അനുസൃതമായി സിബിഎഫ്സി മുതിര്‍ന്നവര്‍ക്കുള്ള എ സര്‍ട്ടിഫിക്കറ്റ് തന്നെയാണ് ലഭ്യമാക്കിയിട്ടുള്ളത്. 2021 നവംബര്‍ 18നാണ് സര്‍ട്ടിഫിക്കറ്റ് നമ്പര്‍  DIL/3/6/2021-THI പ്രകാരം അനുയോജ്യമായ മാറ്റങ്ങളോടെ മുതിര്‍ന്നവര്‍ക്കുള്ള 'എ' സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയത്. മാധ്യമങ്ങളിലും, വിശേഷിച്ച് സമൂഹ മാധ്യമങ്ങളിലും ചുരുളി  സര്‍ട്ടിഫിക്കേഷനെ സംബന്ധിച്ച് ഊഹാപോഹങ്ങളും വസ്‍തുതാപരമായി തെറ്റായ റിപ്പോര്‍ട്ടുകളും വ്യാപകമാവുന്നതായി പൊതുജനങ്ങളില്‍ നിന്നും ലഭിച്ച പരാതികളിലൂടെ ബോധ്യപ്പെട്ടതായും സിബിഎഫ്‍സി റീജിയണല്‍ ഓഫീസര്‍ അറിയിച്ചു.

ജല്ലിക്കട്ടിനു ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്‍ത ചിത്രമാണ് ചുരുളി. കഴിഞ്ഞ ഐഎഫ്എഫ്‍കയില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ഡയറക്ട് ഒടിടി റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തി. ഒരുവിഭാഗം ആള്‍ക്കാര്‍ ചിത്രത്തെ ഏറ്റെടുത്തപ്പോള്‍ മറുവിഭാഗം സംഭാഷണങ്ങളില്‍ അസഭ്യ വാക്കുകള്‍ ചൂണ്ടിക്കാട്ടി രൂക്ഷമായി വിമര്‍ശിച്ചു. ചുരുളിഎന്ന ചിത്രത്തിലെ അസഭ്യം കലര്‍ന്ന ഭാഷയ്ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് എം എസ് നുസൂര്‍ അടക്കമുള്ളവര്‍ രംഗത്ത് എത്തിയിരുന്നു. 

കാടിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്. എസ് ഹരീഷാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയത്. സോണി ലൈവിലൂടെയാണ് ചിത്രം റിലീസ് ചെയ്‍തത്. വിനയ് ഫോർട്ട്, ജോജു ജോർജ്,  ചെമ്പൻ വിനോദ്,  തുടങ്ങിയവരാണ്  പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം എന്ന അറിയിപ്പോടെ പ്രദര്‍ശനത്തിനെത്തിയ ചുരുളിയിലെ പ്രധാനതാരങ്ങൾ.

Follow Us:
Download App:
  • android
  • ios