കോഴിക്കോട്: സമ്മര്‍ ഇന്‍ ബത്‌ലഹേമിനുശേഷം രഞ്‍ജിത്തും സിബി മലയിലും ഒന്നിക്കുന്ന പുതിയ സിനിമ അടുത്തിടെയാണ് പ്രഖ്യാപിച്ചത്. സിബി മലയിലിന്റെ സംവിധാനത്തില്‍ ആസിഫ് അലി നായകനാകുന്ന സിനിമ ഗോള്‍ഡ് കോയിൻ മോഷൻ പിക്ചേഴ്‍സിന്റെ ബാനറില്‍ രഞ്‍ജിത്തും വി എം ശശിധരനും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

അയ്യപ്പനും കോശിക്കും ശേഷം ഗോള്‍ഡ് കോയിൻ മോഷൻ പിക്ചേഴ്‍സ് നിര്‍മിക്കുന്ന സിനിമയില്‍ അഭിനയിക്കാൻ പുതുമുഖങ്ങള്‍ക്കും അവസരമുണ്ട്. സിനാക്റ്റ് ആക്റ്റിംഗ് സ്റ്റാര്‍ മത്സരത്തില്‍ വിജയികളാകുന്നവര്‍ക്കായിരിക്കും രഞ്‍ജിത്- സിബി മലയില്‍ ചിത്രത്തില്‍ അഭിനയിക്കാൻ അവസരം ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cinact.in സന്ദര്‍ശിക്കുക.

നവാഗതനായ ഹേമന്ത് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. പ്രശാന്ത് രവീന്ദ്രനാണ് ക്യാമറ. 22 വര്‍ഷം മുമ്പ് രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത സമ്മര്‍ ഇന്‍ ബത്‌ലഹേം ഇന്നും ആരാധകരുടെ ഇഷ്ടചിത്രമാണ്. 2015ല്‍ റിലീസ് ചെയ്ത സൈഗാള്‍ പാടുകയാണ് ആയിരുന്നു സിബി മലയില്‍ സംവിധാനം ചെയ്ത അവസാന ചിത്രം.