തിരുവനന്തപുരം: സംസ്ഥാനത്ത് മറ്റന്നാൾ സിനിമാ ബന്ദിന് ആഹ്വാനം. സിനിമ ടിക്കറ്റുകൾക്ക് മുകളിൽ അധിക വിനോദ നികുതി ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഷൂട്ടിംഗ് അടക്കം നിർത്തിവച്ചായിരിക്കും സമരം.

സിനിമാ ടിക്കറ്റുകൾക്ക് വിനോദ നികുതി ഈടാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ കേരള ഫിലിം ചേമ്പർ ഓഫ് കൊമേഴ്സ് നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. ജിഎസ്ടിക്കു പുറമേ വിനോദ നികുതി കൂടി ഈടാക്കുന്നത് സിനിമ മേഖലയെ തകർക്കുമെന്നാണ് അവർ പറഞ്ഞത്. 

സിനിമ ടിക്കറ്റിനുമേലുണ്ടായിരുന്ന ജിഎസ്ടി നിരക്കുകൾ കുറച്ചതോടെ തദ്ദേശസ്ഥാപനങ്ങൾക്ക് ലഭിച്ചുകൊണ്ടിരുന്ന വിനോദ നികുതി സർക്കാർ പുനഃസ്ഥാപിച്ചിരുന്നു. സെപ്തംബർ ഒന്നു മുതൽ വിനോദ നികുതി ഈടാക്കാനാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയ നിർദ്ദേശം. എന്നാൽ ജിഎസ്ടിക്കും പ്രളയ സെസ്സിനും പുറമേ വിനോദ നികുതി കൂടി അധികമായി ഈടാക്കുന്നത് സിനിമ മേഖലയെ പ്രതിസന്ധിയിലാക്കുമെന്നാണ് കേരള ഫിലിം ചേമ്പർ ഓഫ് കൊമേഴ്സിന്റെ നിലപാട്.

ടിക്കറ്റുകൾക്ക് വിനോദ നികുതി ഏർപ്പെടുത്താനുള്ള തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തെന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നെങ്കിലും സർക്കാർ ഇത് നിഷേധിച്ചിരുന്നു. ചിറ്റൂരും ചേർത്തലയിലുമുള്ള സർക്കാർ തിയറ്ററുകളിൽ ഇതിനകം നികുതി ഈടാക്കിത്തുടങ്ങിയിട്ടുണ്ട്. നൂറ് രൂപ വരെയുള്ള ടിക്കറ്റിന് അഞ്ച് ശതമാനവും നൂറിന് മുകളിലുള്ള ടിക്കറ്റിന് 8.5 ശതമാനവുമാണ് വിനോദ നികുതി. വിനോദ നികുതി കൂടി ഈടാക്കുന്നതോടെ ടിക്കറ്റ് നിരക്കിൽ പത്ത് രൂപയോളം വർദ്ധനവുണ്ടാകും.

സിനിമാ ടിക്കറ്റിന് മുകളിൽ ചുമത്തുന്ന വിനോദ നികുതി പിന്‍വലിക്കാനാവില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക് നിലപാടെടുത്തു. സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ നികുതിയിളവ് നല്‍കാനാവില്ലെന്നും അഞ്ചു ശതമാനം നികുതിക്കുമേല്‍ ജി എസ് ടി ഏര്‍പ്പെടുത്താനുള്ള തീരുമാനം ജി എസ് ടി കൗണ്‍സില്‍ അംഗീകരിച്ചിരുന്നുവെന്നും, ആകെ നികുതി 18 ശതമാനത്തിനു മുകളില്‍ പോകില്ലെന്നും മന്ത്രി വ്യക്തമാക്കി. പാലാ എംഎൽഎ മാണി സി കാപ്പൻ നിയമസഭയിൽ ഉന്നയിച്ച സബ്മിഷന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.