തിരുവനന്തപുരം: മലയാളികളുടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ 69ാം ജന്മദിനമായ ഇന്ന് താരത്തിന് ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ അനിഷേധ്യമായ സ്ഥാനമാണ് മമ്മൂട്ടിക്കുള്ളതെന്ന് പിറന്നാള്‍ ആശംസ നേര്‍ന്ന് മുഖ്യമന്ത്രി പറഞ്ഞു. 

മുഖ്യമന്ത്രിയുടെ ആശംസാക്കുറിപ്പ് ഇങ്ങനെ

മലയാള സിനിമയിലെ ഉജ്ജ്വല പ്രതിഭ മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍. അദ്ദേഹത്തെ നേരിട്ട് വിളിച്ച് ആശംസ അറിയിച്ചു. കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ അനിഷേധ്യമായ സ്ഥാനമാണ് മമ്മൂട്ടിക്കുള്ളത്. സിനിമാ മേഖലയില്‍ അദ്ദേഹം കൈവരിച്ച നേട്ടങ്ങളും നല്‍കിയ സംഭാവനകളും രാജ്യം കണ്ട എക്കാലത്തേയും മികച്ച കലകാരന്‍മാരുടെ നിരയില്‍ അദ്ദേഹത്തിന്റെ സ്ഥാനമുറപ്പിക്കുന്നു. കേരളത്തിന്റെ ദൃശ്യമാധ്യമ രംഗത്തും നേതൃപരമായ സംഭാവനകള്‍ അദ്ദേഹത്തിന്റേതായുണ്ട്. ഇനിയും കൂടുതല്‍ ഉയരങ്ങളിലേയ്ക്ക് തന്റെ കലാ ജീവിതത്തെ നയിക്കാന്‍ അദ്ദേഹത്തിനു സാധിക്കട്ടെ. എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു. ഹാര്‍ദ്ദമായ ജന്മദിനാശംസകള്‍.