കൊവിഡ് പശ്ചാത്തലത്തില്‍ സിനിമാമേഖല നിശ്ചലമായതിനൊപ്പം റിലീസ് നീട്ടിയ സിനിമകളുടെ കൂട്ടത്തില്‍ മലയാളത്തിലെ ഏറ്റവും വലിയ മുതല്‍മുടക്കിലൊരുങ്ങിയ സിനിമയുമുണ്ട്. പ്രിയദര്‍ശന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച 'മരക്കാര്‍: അറബിക്കടലിന്‍റെ സിംഹ'മാണ് ആ സിനിമ. മലയാളത്തില്‍ ഇതുവരെയുള്ള ഏറ്റവുമുയര്‍ന്ന ബജറ്റ് ആയ 100 കോടിയിലാണ് ചിത്രത്തിന്‍റെ ജോലികള്‍ പൂര്‍ത്തിയായത്. മലയാളമുള്‍പ്പെടെ അഞ്ച് ഭാഷകളില്‍ മാര്‍ച്ച് 26ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ എത്താനിരിക്കെയാണ് കൊവിഡ് മഹാമാരി എത്തിയത്. നിലവില്‍ അനിശ്ചിതമായി റിലീസ് നീട്ടിയിരിക്കുന്ന ചിത്രത്തിന് നിശ്ചയിച്ചിരുന്ന റിലീസ് തീയ്യതി പാലിക്കാനാവാതിരുന്നതില്‍ ദു:ഖവും അതേസമയം സന്തോഷവുമുണ്ടെന്ന് പറയുകയാണ് ചിത്രത്തിന്‍റെ സഹനിര്‍മ്മാതാവ് ആയ റോയ് സി ജെ. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ സഹനിര്‍മ്മാതാവാണ് കോണ്‍ഫിഡന്‍ഡ് ഗ്രൂപ്പ് ഉടമ റോയ് സി ജെ.

"ഇതിനെ ഭാഗ്യമെന്നോ യാദൃശ്ചികതയെന്നോ വിളിക്കാം. മോഹന്‍ലാലിന്‍റെ ബിഗ് ബജറ്റ് ചിത്രത്തിന്‍റെ നിര്‍മ്മാണത്തില്‍ ആന്‍റണി പെരുമ്പാവൂരിനൊപ്പം ഞാന്‍ കൂടി ഭാഗഭാക്കാണ്. ജോലികളെല്ലാം പൂര്‍ത്തിയായിരുന്ന ചിത്രം നിശ്ചയിച്ചതുപ്രകാരം മാര്‍ച്ച് 26നു റിലീസ് ചെയ്യാന്‍ കഴിയാതെവന്നതില്‍ എനിക്കു ദു:ഖമുണ്ട്. അതേസമയം സന്തോഷവുമുണ്ട്. കാരണം കൊവിഡ് പശ്ചാത്തലത്തില്‍ തീയേറ്ററുകള്‍ വൈകാതെ പൂട്ടിയിരുന്നു. ഇതിനെയാണ് ഒരേസമയം സന്തോഷത്തിലും ദു:ഖത്തിലുമെന്ന് പറയുക", റോയ് സി ജെ ഫേസ്ബുക്കില്‍ കുറിച്ചു.

 

മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാരായി എത്തുന്ന ചിത്രം പ്രഖ്യാപന സമയത്തുതന്നെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്‍റെ ഓവര്‍സീസ് റൈറ്റ്സ് റെക്കോര്‍ഡ് തുകയ്ക്കാണ് നേരത്തെ വിറ്റുപോയിരുന്നത്. പ്രണവ് മോഹന്‍ലാല്‍, അര്‍ജ്ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്‍റ് തുടങ്ങി വലിയ താരനിരയും അണിനിരക്കുന്ന ചിത്രമാണിത്.