ചലച്ചിത്ര സംവിധായകനെന്ന നിലയില്‍ ആദിത്യ ചോപ്രയുടെ അരങ്ങേറ്റമായിരുന്നു 'ഡിഡിഎല്‍ജെ'യെങ്കില്‍ ഇത് നാടക സംവിധായകനെന്ന നിലയിലെ അദ്ദേഹത്തിന്‍റെ അരങ്ങേറ്റമാണ്

ഇന്ത്യന്‍ മുഖ്യധാരാ സിനിമയ്ക്ക് മറക്കാനാവാത്ത ടൈറ്റിലുകളിലൊന്നാണ് 'ഡിഡിഎല്‍ജെ' അഥവാ ദില്‍വാലെ ദുല്‍ഹനിയാ ലേ ജായേംഗെ (Dilwale Dulhania Le Jayenge/ DDLJ). 1995ല്‍ ആദിത്യ ചോപ്രയുടെ (Aditya Chopra) സംവിധാനത്തില്‍ റിലീസ് ചെയ്യപ്പെട്ട്, ബിഗ് സ്ക്രീനില്‍ അത്‍ഭുതം കാട്ടിയ വിസ്‍മയ ചിത്രം. ഷാരൂഖ് ഖാനും (Shahrukh Khan) കജോളും (Kajol) കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ലോകത്തുതന്നെ ഏറ്റവും കൂടുതല്‍ കാലം തിയറ്ററില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങളില്‍ ഒന്നുമാണ്. ഇപ്പോഴിതാ പുറത്തിറങ്ങി 26 വര്‍ഷത്തിനുശേഷം മറ്റൊരു രൂപത്തില്‍ പുതിയൊരു വിഭാഗം പ്രേക്ഷകരിലേക്ക് എത്താനൊരുങ്ങുകയാണ് ഡിഡിഎല്‍ജെ. നാടകരൂപത്തിലേക്കാണ് ചിത്രത്തിന്‍റെ രൂപപരിണാമം.

സംഗീത നാടകത്തിന്‍റെ രൂപത്തിലെത്തുമ്പോള്‍ ഡിഡിഎല്‍ജെയുടെ പേര് 'കം ഫോള്‍ ഇന്‍ ലവ്' (Come Fall In Love) എന്നാണ്. ദില്‍വാലെ പോസ്റ്ററുകളില്‍ ഉപയോഗിച്ച ടാഗ് ലൈന്‍ ആയിരുന്നു ഇത്. ചലച്ചിത്ര സംവിധായകനെന്ന നിലയില്‍ ആദിത്യ ചോപ്രയുടെ അരങ്ങേറ്റമായിരുന്നു ഡിഡിഎല്‍ജെയെങ്കില്‍ ഇത് നാടക സംവിധായകനെന്ന നിലയിലെ അദ്ദേഹത്തിന്‍റെ അരങ്ങേറ്റമാണ്. തന്‍റെ ജീവിതം മാറ്റിമറിച്ച സിനിമ ഒരു ബ്രോഡ്‍വേ പ്രൊഡക്ഷനായി അരങ്ങിലെത്തിക്കുന്നതിന്‍റെ ആവേശം സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം പങ്കുവച്ചു.

Scroll to load tweet…

1985ലാണ് ആദ്യമായി ഒരു ബ്രോഡ്‍വേ നാടകം കണ്ടതെന്നും അതു തന്നെ വിസ്‍മയിപ്പിച്ചിരുന്നെന്നും ആദിത്യ ചോപ്ര പറയുന്നു. "ആദ്യ ബ്രോഡ്‍വേ അനുഭവം എനിക്ക് 14 വയസ്സുള്ളപ്പോഴായിരുന്നു. മ്യൂസിക്കല്‍ തിയറ്ററിന് ഇന്ത്യന്‍ സിനിമയുമായുള്ള സാമ്യം എന്നെ അത്ഭുതപ്പെടുത്തി. ഡിഡിഎല്‍ജെയെക്കുറിച്ച് പറയാനുള്ള ഒരു പ്രധാന കാര്യം അത് ഹിന്ദി ചിത്രമായി ചെയ്യാനല്ല ഞാന്‍ അക്കാലത്ത് ഉദ്ദേശിച്ചിരുന്നത് എന്നതാണ്. ഒന്നുരണ്ട് ഹിന്ദി ചിത്രങ്ങള്‍ സംവിധാനം ചെയ്‍ത ശേഷം ഡിഡിഎല്‍ജെ ഹോളിവുഡില്‍ ഒരുക്കാം എന്നായിരുന്നു എന്‍റെ അക്കാലത്തെ ചിന്ത. ടോം ക്രൂസിനെയാണ് നായകനായി ഉദ്ദേശിച്ചിരുന്നത്. പക്ഷേ അത് നടക്കാതെപോയി. 26 വര്‍ഷത്തിനുശേഷം ഡിഡിഎല്‍ജെയുടെ ആദ്യ ആശയത്തിലേക്ക് മടങ്ങിപ്പോവുകയാണ് ഞാന്‍. ഒരു അമേരിക്കന്‍ പയ്യനും ഇന്ത്യന്‍ പെണ്‍കുട്ടിക്കുമിടയിലുണ്ടാവുന്ന പ്രണയം. രണ്ട് സംസ്‍കാരങ്ങള്‍, രണ്ട് ലോകങ്ങള്‍... ഡിഡിഎല്‍ജെ ഒരു ബ്രോഡ്‍വേ മ്യൂസിക്കലായി (Broadway Musical) ഒരുക്കുന്നതില്‍ ഏറെ ആവേശഭരിതനാണ് ഞാന്‍, ഒപ്പം പരിഭ്രമവുമുണ്ട്. പക്ഷേ വീണ്ടും 23-ാം വയസ്സിലേക്ക് മടങ്ങിപ്പോയതുപോലെ തോന്നുന്നു", ആദിത്യ ചോപ്ര പറയുന്നു.

കാലിഫോര്‍ണിയ, സാന്‍ ഡിയാഗോയിലെ ഓള്‍ഡ് ഗ്ലോബ് തിയറ്ററില്‍ ആയിരിക്കും നാടകത്തിന്‍റെ അരങ്ങേറ്റം. പിന്നാലെ 2022-23 സീസണില്‍ ബ്രോഡ്‍വേയില്‍ അവതരിപ്പിക്കും.