ബിഗ് ബോസ് താരങ്ങൾ ഉൾപ്പെടെ മറ്റ് നിരവധി പ്രമുഖരും ഷോയുടെ ഭാഗമാകുന്നുണ്ട്
ടെലിവിഷന്‍ ഷോയുമായി മലയാളികളുടെ പ്രിയതാരം ഭാവന. ഏഷ്യാനെറ്റിലും ഒടിടി പ്ലാറ്റ്‍ഫോം ആയ ജിയോ ഹോട്ട്സ്റ്റാറിലുമായി ആരംഭിക്കുന്ന കോമഡി കുക്ക്സ് എന്ന ഷോയില്‍ അവതാരകയായാണ് ഭാവന എത്തുന്നത്. ഈ ഷോയെക്കുറിച്ച് നേരത്തെ അറിയിച്ചിരുന്നെങ്കില്‍ ഇപ്പോഴിതാ അതിന്‍റെ ടീസറും പുറത്തെത്തിയിരിക്കുകയാണ്. ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലുമായി മലയാളികളുടെ ശ്രദ്ധ പലകുറി നേടിയിട്ടുള്ള ഭാവന ഒടിടി സ്പേസിലേക്ക് ആദ്യമായാണ് എത്തുന്നത്. അത് പാചകവും കോമഡിയും ഇടകലരുന്ന ഒരിടത്തേക്കാണ് എന്നത് കൂടുതല്‍ കൌതുകം പകരുന്നുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച കുക്കിംഗ് ഷോ എന്ന വിശേഷണത്തോടെയാണ് ജിയോ ഹോട്ട്സ്റ്റാര്‍ കോമഡി കുക്ക്സ് ലോഞ്ച് ചെയ്യുന്നത്.
പാചകത്തില്‍ ഒട്ടും ഗ്രാഹ്യമില്ലാത്ത എട്ട് പൂക്കീസും എട്ട് പരിചയസമ്പന്നരായ പാചക വിദഗ്ധരും ഷോയില്‍ ഉണ്ടാവലുമെന്ന് ടീസറില്‍ പറയുന്നു. ബിഗ് ബോസ് താരം ജിസേല്‍ പാന്‍ട്രി ഇന്‍ ചാര്‍ജ് ആയാണ് ഷോയില്‍ എത്തുന്നത്. സൂപ്പര്‍ ജഡ്ജ് ആയി ഷെഫ് നളനും ട്വിങ്കിളും അടക്കമുള്ളവര്‍ ഷോയില്‍ ഭാവനയ്ക്ക് ഒപ്പം ഉണ്ടാവും. മുന്‍ ബിഗ് ബോസ് താരങ്ങളായ അനുമോൾ, സാബുമോന്‍, നെവിൻ, സുചിത്ര എന്നിവര്‍ക്കൊപ്പം ശ്രീവിദ്യ മുല്ലച്ചേരി, അശ്വിൻ, ശബരീഷ് വർമ തുടങ്ങി നിരവധി പേരും ഷോയുടെ ഭാഗമായി എത്തുന്നുണ്ട്.
തമിഴിൽ പ്രചുര പ്രചാരം നേടിയ കുക്ക് വിത്ത് കോമളി എന്ന ഷോയുടെ മലയാളം വെർഷനാണ് കോമഡി കുക്ക് എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പാചകം ചെയ്യാൻ താല്പര്യമുള്ളവരാണ് കുക്ക് വിത്ത് കോമാളിയിലെ മത്സരാർത്ഥികൾ. ഇവരെയും ഷോയേയും എന്റർടെയ്ൻ ചെയ്യിക്കാൻ ഒരുകൂട്ടം കോമഡി താരങ്ങളും ഉണ്ടാകും. ഇവരെ കോമാളി എന്നാണ് വിളിക്കുന്നത്. ഇവരാകും കുക്കിങ്ങിന് വേണ്ട സാധനങ്ങൾ എത്തിക്കുന്നതും അവരെ സഹായിക്കുന്നതും. എന്നാൽ കോമാളികൾ ആയതു കൊണ്ട് തന്നെ ഇവർ വികൃതികളും ആയിരിക്കും. ഇടയിൽ ചില ടഫ് ടാസ്കുകളും ഉണ്ടാകും. ഇതെല്ലം തരണം ചെയ്ത് അവസാനം വരെ ഷോയിൽ നിൽക്കുന്നവർ വിജയികളാകും. ഇതുപോലെ ആണോ കോമഡി കുക്ക് എന്നത് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു. ഏപ്രില്‍ 18 മുതല്‍ ജിയോ ഹോട്ട്സ്റ്റാറിലും ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 9 മണിക്ക് ഏഷ്യാനെറ്റിലും കോമഡി കുക്ക്സ് കാണാം.

