രാഷ്ട്രീയ അടിച്ചമർത്തലുകൾക്കെതിരെയുള്ള ചെറുത്തുനിൽപ്പുകളും സെൻസർഷിപ്പും ആധുനിക സാങ്കേതികവിദ്യയുടെ ഭീഷണികളുമാണ് സംവിധായകർ പ്രധാനമായും പങ്കുവെച്ചത്

പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളുടെ ജീവിതവും ചരിത്രത്തിൽ നിന്ന് മറഞ്ഞുപോകാൻ സാധ്യതയുള്ള സാധാരണക്കാരുടെ അനുഭവങ്ങൾ രേഖപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും ചൂണ്ടിക്കാട്ടി 18-ാമത് കേരള അന്താരാഷ്ട്ര ഡോക്യുമെന്ററി- ഹ്രസ്വചലച്ചിത്ര മേളയിലെ 'മീറ്റ് ദി ഡയറക്ടർ' സംവാദം. ഡോക്യുമെന്ററി സംവിധായകനും മാധ്യമപ്രവർത്തകനുമായ രാംദാസ് കടവല്ലൂർ മോഡറേറ്ററായ ചടങ്ങിൽ സംവിധായകരായ സഹദേബ് ദാസ്, സംസ്കാർ ദേശായി, ഡോ. സന്തോഷ് പദാരെ, ഹണി ആർ.കെ, ശ്രീജൻ സിൻഹ, ഗൗതം, ജെമിനി സാം പൗലോസ്, ഷാൻ സെബാസ്റ്റ്യൻ, സുഗന്ധി ഗദാധർ, ശങ്കരനാരായണൻ കൃഷ്ണൻ, അനാമോയ് ബേൺ, സാഗർ മഷാൽക്കർ എന്നിവർ തങ്ങളുടെ ചലച്ചിത്ര അനുഭവങ്ങൾ പങ്കുവെച്ചു.

രാഷ്ട്രീയ അടിച്ചമർത്തലുകൾക്കെതിരെയുള്ള ചെറുത്തുനിൽപ്പുകളാണ് മേളയിലെ പല ചിത്രങ്ങളുടെയും പ്രമേയം. 1980-കളിൽ ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് തീരദേശ മീൻപിടുത്തക്കാർ നടത്തിയ പോരാട്ടങ്ങളുടെ ചരിത്രം പറയുന്ന ചിത്രമാണ് സാൾട്ട് ഓഫ് റെസിസ്റ്റൻസ്. മുഖ്യധാരയിൽ നിന്ന് മറവിയിലാണ്ടുപോകുന്ന ചരിത്രം വീണ്ടെടുക്കാനുള്ള ശ്രമമാണ് ഈ ചിത്രമെന്ന് ഇതിന്റെ സംവിധായകൻ ഷാൻ സെബാസ്റ്റ്യൻ പറഞ്ഞു.

ആധുനിക സാങ്കേതികവിദ്യ സൃഷ്ടിക്കുന്ന ഭീഷണികളും സെൻസർഷിപ്പും സംവാദത്തിൽ ചർച്ചയായി. കടുത്ത നിയന്ത്രണങ്ങൾക്കിടയിലും പ്രതീകാത്മകമായ ചലച്ചിത്രഭാഷയിലൂടെ ചെറുത്തുനിൽപ്പ് നടത്തുന്ന ഇറാനിയൻ സിനിമകളെക്കുറിച്ചും ചർച്ച നടന്നു.

Asianet News Live | Malayalam Live News | Kerala News Updates| Breaking News |HD Live 24x7 Streaming