മുംബൈ: കൊവിഡ് 19 ബാധിച്ച് മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന് വേണ്ടി പ്രാര്‍ത്ഥനയോടെ ട്വിറ്റര്‍. ശനിയാഴ്ച ട്വിറ്ററിലൂടെയാണ് അദ്ദേഹം തനിക്ക് കൊവിഡ് സ്ഥിരീകരിച്ച വിവരം സമൂഹത്തെ അറിയിച്ചത്. മകനും നടനുമായ അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവിസ്, ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സുരേഷ് റെയ്‌ന, വ്യവസായി ആനന്ദ് മഹീന്ദ്ര, നടി സോനം കപൂര്‍ അഹൂജ, നടന്‍ ധനുഷ് തുടങ്ങി വലിയ താരനിര തന്നെയാണ് അദ്ദേഹത്തിന് പെട്ടന്ന് സുഖം പ്രാപിക്കട്ടെ എന്ന് ട്വീറ്റ് ചെയ്തത്. 

നടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവരും ട്വീറ്റ് ചെയ്തു.

കൊവിഡ് സ്ഥിരീകരിച്ചതോടെഅമിതാഭ് ബച്ചനെയുംഅഭിഷേക് ബച്ചനെയുംജുഹുവിലെ വീട്ടില്‍ നിന്ന് അടുത്തുള്ള നാനാവതി ആശുപത്രിയിലേക്ക് മാറ്റി.ഇരുവര്‍ക്കും എവിടെ നിന്നാണ് രോഗബാധയുണ്ടായതെന്ന് വ്യക്തമല്ല. ഇരുവര്‍ക്കും കാര്യമായ രോഗലക്ഷണങ്ങളില്ലെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപ്പെ അറിയിച്ചു. മറ്റ് കുടുംബാംഗങ്ങളും ഉദ്യോഗസ്ഥരുമടക്കം കൊവിഡ് പരിശോധനയ്ക്ക് വിധേയരാവും.

മാര്‍ച്ച് 25 മുതല്‍ ജുഹുവിലെ വീട്ടില്‍ തന്നെയായിരുന്നു അമിതാഭ് ബച്ചന്‍. കോന്‍ ബനേഗാ കരോട്പതി അടക്കം തന്റെ ചില ടെലിവിഷന്‍ ഷോയുടെ പ്രചാരണ വീഡിയോകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ബച്ചന്‍ ഷൂട്ട് ചെയ്തിരുന്നു. ചാനല്‍ സംഘാംഗങ്ങള്‍ വീട്ടിലെത്തിയായിരുന്നു ഷൂട്ടിംഗ്. ഇവരില്‍ നിന്നാവാം രോഗബാധയുണ്ടായതെന്നാണ് സൂചന. അതിനിടെ സുരക്ഷാ ഉദ്യോഗസ്ഥന്കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടി രേഖയുടെ മുംബൈയിലെ ബംഗ്ലാവ് കോര്‍പ്പറേഷന്‍ സീല്‍ ചെയ്തിട്ടുണ്ട്.