കൊവിഡ് 19നെ പ്രതിരോധിക്കാനുള്ള തീവ്രശ്രമത്തിലാണ് രാജ്യവും ലോകവും. കൊവിഡ് രോഗം വ്യാപിക്കാതിരിക്കാൻ ലോകം ചെയ്യുന്ന ഒരുകാര്യം പരമാവധി സാമൂഹിക സമ്പര്‍ക്കം കുറയ്‍ക്കുക എന്നതാണ്. അധികൃതരുടെ നിര്‍ദ്ദേശം വകവയ്‍ക്കാത്തവരാണ് ആശങ്കയുണ്ടാക്കുന്നതും. സാമൂഹിക സമ്പര്‍ക്കം കുറക്കുമ്പോള്‍ നിത്യവരുമാനക്കാരെ ബാധിക്കുമെന്ന പ്രതിസന്ധിയുമുണ്ട്. സിനിമ മേഖലയിലെ ദിവസ വേതനക്കാരെ സഹായിക്കാൻ ഇപ്പോള്‍ രജനികാന്തും രംഗത്ത് എത്തിയിരിക്കുകയാണ്.

ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യയുടെ പ്രസിഡന്റ് ആര്‍ കെ ശെല്‍വമണി ദിവസവേതനക്കാര്‍ക്ക് വേണ്ടി സഹായമഭ്യര്‍ത്ഥിച്ചിരുന്നു. തുടര്‍ന്നാണ് രജനികാന്ത് സഹായവുമായി എത്തിയത്. 50 ലക്ഷം രൂപയാണ് രജനികാന്ത് നല്‍കിയിരിക്കുന്നത്. സിനിമ മേഖലയില്‍ ഒപ്പം ജോലി ചെയ്യുന്ന ദിവസ വേതനക്കാരെ സഹായിക്കാൻ എത്തിയ രജനികാന്തിനെ അഭിനന്ദിച്ച് ആരാധകരും രംഗത്ത് എത്തി. കേരളത്തിനു പുറമെ തമിഴ്‍നാടും കൊവിഡിനെ തടയാൻ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.