മറ്റ് മേഖലകള്‍ക്കൊപ്പം കൊവിഡ് 19 വലിയ തോതില്‍ ബാധിച്ച ഒന്നാണ് സിനിമാ വ്യവസായം. പ്രധാനമന്ത്രി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുന്‍പു തന്നെ ഇന്ത്യയിലെ സിനിമാ, സീരിയല്‍ ഷൂട്ടിംഗുകള്‍ നിര്‍ത്തിവച്ചിരുന്നു. തീയേറ്ററുകള്‍ അടച്ചിട്ടതോടെ മലയാളസിനിമയ്ക്ക് നഷ്‍ടമായത് ഒരു പ്രധാന സീസണായ വിഷു-വേനലവധിക്കാലമാണ്. ഒട്ടേറെ റിലീസുകള്‍ മുടങ്ങിക്കിടപ്പുള്ളതിനാല്‍ പുതുതായി തുടങ്ങാനിരിക്കുന്ന ചിത്രങ്ങളുടെയൊക്കെ റിലീസ് വൈകുമെന്ന് ഉറപ്പാണ്. ഇപ്പോഴിതാ മമ്മൂട്ടിയെ നായകനാക്കി പുതുതായി ആരംഭിക്കാനിരുന്ന സിനിമ സംബന്ധിച്ച ആസൂത്രണമെല്ലാം കൊവിഡ് 19 തകര്‍ത്തതിനെക്കുറിച്ച് പറയുകയാണ് സത്യന്‍ അന്തിക്കാട്. മാതൃഭൂമി വാരാന്തപ്പതിപ്പിലാണ് സത്യന്‍ അന്തിക്കാട് ഇതേക്കുറിച്ച് പറയുന്നത്.

ഫഹദിനെ നായകനാക്കി ഒരുക്കിയ ഞാന്‍ പ്രകാശന് ശേഷം ഇക്ബാല്‍ കുറ്റിപ്പുറത്തിന്‍റെ തിരക്കഥയില്‍ മമ്മൂട്ടി നായകനാവുന്ന ചിത്രമാണ് അടുത്തതെന്ന് സത്യന്‍ അന്തിക്കാട് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ചിത്രം ഈ മാസം പത്തിനു തന്നെ ആരംഭിക്കണമെന്ന് മമ്മൂട്ടിയോട് താന്‍ വാശി പിടിച്ചിരുന്നുവെന്നും എന്നാല്‍ എല്ലാ പ്ലാനിംഗും വൈറസ് തെറ്റിച്ചെന്നും അദ്ദേഹം പറയുന്നു. 

"പുതിയ സിനിമ ഏപ്രില്‍ പത്തിന് തുടങ്ങാനാണ് ഞാന്‍ പദ്ധതിയിട്ടത്. പക്ഷേ പത്താം തീയ്യതി പറ്റില്ലെന്നും അതിനുമുന്‍പ് തുടങ്ങുന്ന സിനിമ തീരില്ലെന്നും ഫ്രീ ആകാന്‍ മെയ് പകുതിയെങ്കിലുമാകുമെന്നും മമ്മൂട്ടി പറഞ്ഞു. അതു പറ്റില്ലെന്നും അടുത്ത ഓണത്തിന് തീയേറ്ററുകളൊക്കെ ബുക്ക് ചെയ്‍തു കഴിഞ്ഞെന്നും ഏപ്രില്‍ പതിനഞ്ചിനെങ്കിലും സെറ്റിലെത്തണമെന്നും എന്‍റെ പിടിവാശി. അവസാനം മമ്മൂട്ടി ആന്‍റോ ജോസഫുമായി കൂടിയാലോചിക്കുന്നു. ഇലയ്ക്കും മുള്ളിലും കേടില്ലാത്ത ഫോര്‍മുല തയ്യാറാകുന്നു. ആദ്യത്തെ പടം ഒരു ഷെഡ്യൂള്‍ ഷൂട്ട് ചെയ്‍ത്, നിര്‍ത്തിവെക്കുക. അതിനുശേഷം എന്‍റെ സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിട്ട് അത് വീണ്ടും തുടങ്ങാം. എന്നാല്‍ നിമിഷനേരം കൊണ്ട് പവനായി ശവമായി. ഒരൊറ്റ വൈറസ് ലോകത്തിന്‍റെ മുഴുവന്‍ താളം തെറ്റിച്ചു", സത്യന്‍ അന്തിക്കാട് പറയുന്നു