മഹാമാരിയെ കേരളം ഒറ്റക്കെട്ടായി നേരിടുകയാണ്. ഏത് വാര്‍ത്ത വെച്ചാലും കേരള മോഡല്‍ എന്നൊക്കെയാണ് കേള്‍ക്കുന്നത്. മഹാമാരിക്കു മുന്നില്‍ ലോകം മുട്ടുകുത്തുമ്പോള്‍ കൊച്ചുകേരളം നിവര്‍ന്നുനില്‍ക്കുന്നതില്‍ നമുക്ക് അഭിമാനിക്കാം. സര്‍ക്കാരിന്റെയും ആരോഗ്യപ്രവര്‍ത്തകരുടെയും പ്രവര്‍ത്തനങ്ങള്‍ അത്തരത്തിലുള്ളതാണ്. സര്‍ക്കാര്‍ പറയുമ്പോള്‍ അതിന്റെ ഗൗരവം മനസ്സിലാക്കുന്ന ഒരു ജനത കൂടിയാണ് നമ്മള്‍ എന്നതും മറക്കാനാകില്ല. സര്‍ക്കാരിന്റെ കൃത്യതയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ജനങ്ങളുടെ കാര്യഗൗരവുമാണ് നമ്മുടെ നാടിന്റെ മുന്നേറ്റം സാധ്യമാക്കുന്നത്.

ഇന്ന് എല്ലാവരുടെയും അവസ്ഥ ഒരുപോലെയാണ്. ആരോഗ്യപ്രവര്‍ത്തകരും അധികൃതരും മാത്രം പുറത്തിറങ്ങുന്നു. സിനിമ നടൻ എന്നൊന്നും ഇല്ല. ഞാനും നിങ്ങളും എല്ലാം അകത്തിരിക്കുന്നു. ആരോഗ്യപ്രവര്‍ത്തകരൊക്കെ പുറത്തിറങ്ങി ആത്മാര്‍ഥമായി ജോലി ചെയ്യുന്നതുകൊണ്ട് നമുക്ക് അകത്തിരിക്കാം. 

എങ്ങനെ ലോക്ക് ഡൗണ്‍ കാലം വിനിയോഗിക്കും?. ബോറടിക്കില്ലേ എന്നൊക്കെയുള്ള ചോദ്യങ്ങളായിരുന്നു പലരുടെയും മനസ്സില്‍ തുടക്കത്തില്‍ ഉണ്ടായിരുന്നിരിക്കുക. ഇപ്പോള്‍ പക്ഷേ എല്ലാവരും അതുമായി താദാത്മ്യപ്പെട്ടിരിക്കുന്നുവെന്നു തോന്നുന്നു. ഞാനും.

കുറേയേറെ തിരക്കഥകള്‍ വായിക്കാനുണ്ടായിരുന്നു. അതൊക്കെ ഇപ്പോള്‍ വായിക്കുകയാണ്.  മുമ്പ് ചെയ്യാൻ ആഗ്രഹിച്ചിരുന്ന കാര്യങ്ങളൊക്കെ ഇപ്പോള്‍ ചെയ്യുന്നു. പഴയതും പുതിയതുമായ ഒട്ടേറെ സിനിമകള്‍  കാണുന്നു. നിലവിലെ അഭിനേതാക്കളുടെയും പഴയ ആള്‍ക്കാരുടെയുമൊക്കെ. എല്ലാവരുടെയും രീതികള്‍  മനസ്സിലാക്കിയാലേ നമുക്കും മെച്ചപ്പെടാനാകൂ. സിനിമകള്‍ക്ക് പുറമേ വീട്ടിലിരിപ്പ് കാലത്ത് ചെയ്യുന്നത് ഭക്ഷണം പാചകം ചെയ്യലും പാത്രം കഴുകലുമൊക്കെയാണ്.

വീട്ടിലിരിക്കുമ്പോള്‍ സ്‍ത്രീകള്‍ക്കും സഹായം ആകാമല്ലോ. മുഖ്യമന്ത്രി പറഞ്ഞതുപോലെ പലരും അങ്ങനെ ചെയ്യുന്നുണ്ട്. പലതരം പാചക പരീക്ഷണങ്ങളാണ് ഞാൻ ചെയ്യുന്നത്. നമുക്ക് വിഭവങ്ങള്‍ കുറവായതിനാല്‍ ലഭ്യമായവ വെച്ചുള്ള പരീക്ഷണങ്ങള്‍. മാത്രവുമല്ല നമ്മള്‍ മുമ്പ് ചെയ്യാത്ത കാര്യങ്ങളിലും ചെറിയ പരീക്ഷണങ്ങള്‍ നടത്തുന്നു. സാധാരണ സ്‍ത്രീകളൊക്കെ ബ്യൂട്ടിപാര്‍ലറില്‍ പോയി ആണല്ലോ പുരികം ത്രഡ് ചെയ്യുന്നതൊക്കെ. ഞാൻ അതും ഒന്നു പരീക്ഷിച്ചുനോക്കി. ഭാര്യ യൂട്യൂബില്‍ നോക്കി ചെയ്യാൻ നോക്കിയപ്പോള്‍ സഹായിക്കാൻ പോയതാണ്. വലിയൊരു കാര്യമൊന്നുമല്ല. പ്രൊഫഷണലായിട്ടല്ലെങ്കിലും ചെയ്യാൻ കഴിഞ്ഞു. 

കുറെക്കാലമായി എല്ലാവരും ഓട്ടത്തില്‍ ആയിരുന്നു. ഒരു ഓര്‍മ്മപ്പെടുത്തലാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.. രണ്ട് തവണ പ്രളയം വന്നു. ഇപ്പോള്‍ മഹാമാരിയും. എല്ലാവരും ഭൂമിയില്‍ ഒരുമിച്ച് ജീവിക്കേണ്ടവരാണ്. ഭൂമി ഉപയോഗിക്കുന്നതില്‍ മിതത്വം പാലിക്കുക. ഇപ്പോള്‍ പ്രകൃതി തന്നെ ഒരു സര്‍വീസ് ചെയ്യുകയാണ്. ഭൂമിയും. നമ്മളും അതെ. സാധാരണ പോലെ പുറത്തുള്ള ഭക്ഷണം അല്ലല്ലോ കഴിക്കുന്നത്. നല്ല രീതിയില്‍ പാചകം ചെയ്‍ത ഭക്ഷണമൊക്കെ അല്ലേ കഴിക്കുന്നത്. ആരോഗ്യവും മെച്ചപ്പെടും. 

നഴ്‍സുമാരോട് നമ്മള്‍ എങ്ങനെയാണ് നന്ദി പറയുക. ഏത് വാക്കുകളാണ് ഉപയോഗിക്കുക. വിശേഷണങ്ങള്‍ എത്ര ചാര്‍ത്തിയാലും ഒട്ടും അധികമാകാത്ത വിധമുള്ള പ്രവര്‍ത്തികളാല്‍ അവര്‍ നമ്മളെ കാക്കുകയാണ്. നമ്മളുടെ സുരക്ഷിതത്വം അവരുടെ കയ്യിലാണ്. നഴ്‍സുമാര്‍ക്ക് കേരളത്തില്‍ വേതനം കുറവാണ്. അതുകൊണ്ടാണ് കേരളത്തിലെ നഴ്‍സുമാര്‍ പുറത്തുപോകുന്നത്.  കേരളത്തിലെ നഴ്‍‌സുമാര്‍ വിദ്യാസമ്പന്നരാണ്. നിലവാരമുള്ള വിദ്യാഭ്യാസമാണ് അവര്‍ക്ക് ലഭിക്കുന്നത്. ഒരു ഡോക്ടര്‍ ചെയ്യുന്ന കാര്യങ്ങള്‍ പോലും ചെയ്യാൻ കഴിയുന്നവര്‍.  നഴ്‍സുമാര്‍ ജോലിയില്‍  കൃത്യത കാട്ടുന്നതുകൊണ്ടാണല്ലോ നമുക്ക് വീട്ടില്‍ ഇരുന്ന് പാചകം ചെയ്യാനും വായിക്കാനും ഒക്കെ പറ്റുന്നത്.

ഞാനും നഴ്‍സിംഗ് പഠിച്ചതാണ്. ബിഎസ്‍സി നഴ്‍സിംഗ് കഴിഞ്ഞിരുന്നു. അവരുടെ ബുദ്ധിമുട്ടുകള്‍ അറിയാം. കോളേജ് സുഹൃത്തുക്കളുടെ ഗ്രൂപ്പില്‍ ഞാനുമുണ്ട്. വിവിധ രാജ്യങ്ങളില്‍ ജോലി ചെയ്യുവര്‍ ഗ്രൂപ്പിലുണ്ട്. ഓരോ രാജ്യത്തെയും അവസ്ഥകളെക്കുറിച്ചും അവര്‍ പറഞ്ഞറിഞ്ഞ് കാര്യങ്ങള്‍ അറിയാനാകുന്നുണ്ട്. അവരില്‍ ചിലര്‍ക്ക് വീട്ടില്‍ പോകാൻ പറ്റില്ല. അഥവാ വീട്ടില്‍ പോയാല്‍ തന്നെ ഒരു മുറിയിലേക്ക് മാത്രമാണ് പോകാനാകുക. കുഞ്ഞുങ്ങളെ കാണാനാകില്ല. ഭക്ഷണം ഒക്കെ പുറത്തുവച്ചിട്ടുപോകും. പക്ഷേ മഹാമാരിയെ തടയാൻ അവര്‍ ജോലി തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അങ്ങനെയൊക്കെ ചെയ്‍താല്‍ അല്ലേ നാളെയൊരു ലോകം ബാക്കി ഉണ്ടാകുക.

കൂടെ പഠിച്ചവര്‍ നഴ്‍സിംഗ് മേഖലയില്‍ ഉണ്ടെന്നത് എനിക്ക് അഭിമാനമാണ്. അവരാണ് ഇപ്പോഴത്തെ സൂപ്പര്‍ ഹീറോകള്‍. നിന്റെ ഒപ്പം പഠിച്ചതാണ് എന്ന് പറയാലോ എന്ന് മുമ്പ് സുഹൃത്തുക്കള്‍ പറയാറുണ്ട്. ഞാൻ സിനിമയില്‍ അഭിനയിച്ചതിനാലാണ് അങ്ങനെ പറയുന്നത്. ഇപ്പോള്‍ എനിക്കും പറയാലോ, അഭിമാനിക്കാലോ; ഞാനും നിങ്ങള്‍ക്കൊപ്പം പഠിച്ചതല്ലേ?


Photo courtesy- Roopal Lakshman click