ഇറ്റലിയിലുള്ള പള്ളിലച്ചൻ പറഞ്ഞത് തൊട്ടടുത്തുള്ള മുറിയിൽ നിന്ന് വരെ ഞാൻ ചുമ കേൾക്കുന്നുവെന്നാണ് എന്ന് ടിനി ടോം.

അതിജീവനത്തിനായുള്ള പോരാട്ടത്തിൽ സർക്കാർ സംവിധാനങ്ങൾ നൽകുന്ന നിർദേശങ്ങൾ അനുസരിക്കാൻ ഒരു പൗരൻ എന്ന നിലയിൽ നമ്മൾ തയ്യാറാവണം. കഴിഞ്ഞ ദിവസം ആലുവയിൽ നിന്ന് എറണാകുളം വരെ അത്യാവശ്യമായ പോവണ്ട കാര്യം എനിക്കുണ്ടായിരുന്നു. പോവുന്ന വഴിക്ക് പൊലീസ് ഉദ്യോഗസ്ഥർ കാര്യം അറിയാൻ എന്റെ വണ്ടി നിർത്തിച്ചു. അവരോട് സംസാരിച്ചു കൊണ്ടിരുന്നപ്പോൾ ഞാൻ ചോദിച്ചു ഈസ്റ്ററും വിഷു ആഘോഷങ്ങൾ എല്ലാം എങ്ങനെയാണെന്ന്. അവരുടെ മറുപടി എന്റെ കണ്ണ് നിറപ്പിച്ചു. നമ്മുടെ ഈസ്റ്ററും വിഷുവുമെല്ലാം വെയിലത്താണെന്ന് അവര്‍ പറഞ്ഞു. എല്ലാ ആഘോഷങ്ങളും സന്തോഷങ്ങളും നമ്മൾക്ക് വേണ്ടി കളഞ്ഞിട്ടാണ് അവർ ഓരോരുത്തരും പ്രവർത്തിക്കുനത്. അതിനെ ബഹുമാനത്തോടെയും ആദരവോടെയും നമ്മൾ കാണണം. ഒരു ജനാധിപത്യ രാജ്യത്താണ് നമ്മൾ ജീവിക്കുന്നത്. പ്രതിരോധ പോരാട്ടത്തിൽ ഒന്നിച്ച് നിൽക്കുകയെന്നതാണ് നമ്മൾ ഓരോരുത്തരുടെയും കർത്തവ്യം. പക്ഷെ അത് മനസിലാക്കാതെ പ്രവർത്തിക്കുന്നവർ നമ്മുടെ ചുറ്റം ഉണ്ടെന്നുള്ളതാണ് കഷ്‍ടം.

പൊലീസിനെ പേടിച്ച് ഞാൻ വഴിയിലേയ്ക്ക് ഇറങ്ങുകയില്ല എന്നുള്ള ചിന്തയല്ല നമുക്ക് വേണ്ടത്. ഇത് നമ്മുടെ ഉത്തരവാദിത്തമാണെന്നുള്ള ധാരണ ഒരോരുത്തർക്കും ഉണ്ടാവണം. കുടുംബ ബന്ധങ്ങൾക്ക് വലിയ ആദരവ് കൊടുക്കുന്ന സംസ്‍കാരമാണ് നമ്മുടെത്. അത് ഭാരത സംസ്‍കാരമാണ്. നിരവധി തവണ പല സ്റ്റേജ് ഷോകൾക്കുമായി വിദേശത്ത് പോകുന്നയാളാണ് ഞാൻ. പലപ്പോഴും അവിടെത്തെ ആളുകളുടെയും ചെറുപ്പക്കാരുടെയും പെരുമാറ്റം കാണുമ്പോൾ തോന്നും ഇതാണ് സ്വാതന്ത്യമെന്ന് . പക്ഷെ അനുസരണമില്ലാത്ത ഒരു തലമുറയെയാണ് അവർ വാർത്തെടുക്കുന്നത്. പക്ഷെ നമ്മൾ അങ്ങനെയല്ല. നമ്മുടെ മാതാപിതാക്കൾ നമ്മളെ പഠിപ്പിച്ചിരിക്കുന്നത് അനുസരണയുടെ പാഠങ്ങളാണ്. അത് പാലിക്കാൻ നമ്മൾ തയ്യാറാവണം.

ലോക്ക് ഡൗണ്‍ ശരിക്കും എനിക്ക് സമയമില്ലാത്ത അവസ്ഥയാണ്. ഓരോ പീരിഡ് പോലെയാണ് ഞാനിപ്പോൾ സമയത്തെ ക്രമീകരിച്ചിരിക്കുന്നത് നമ്മുടെ കുടുംബത്തോടൊപ്പം ചിലവിടാൻ കിട്ടിയ സമയമാണിത്. അത് നല്ല രീതിയിൽ പ്രയോജനപ്പെടുത്താൻ കഴിയണം. പുസ്‍തകങ്ങൾ വായിച്ചും, സിനിമകൾ കണ്ടും, വീട്ടുകാരെ സഹായിച്ചും ദിനങ്ങൾ മികച്ചതാക്കാൻ കഴിയും. രാവിലെ തന്നെ യോഗക്കായി കൂടുതൽ സമയം ഞാൻ ചിലവഴിക്കും. പിന്നെ അവാർഡ് സിനിമകൾ കാണുന്നു. തിരക്കിനിടയിൽ കാണാൻ സാധിക്കാതെ പോയ പല ഭാഷയിലുള്ള ചിത്രങ്ങളുണ്ട് അതെല്ലാം ഇപ്പോൾ കാണുവാൻ സാധിക്കുന്നുണ്ട്. വീടിന് മുമ്പിൽ ആലുവ പുഴയാണ് അവിടെ പോയി കുറെ നേരം കാറ്റു കൊണ്ടിരിക്കും. മാനസികമായും ശാരീരികമായും എല്ലാം സന്തോഷം നൽക്കുന്ന നിമിഷങ്ങളാണത്. ആറ് മണിക്കുള്ള വാര്‍ത്ത ഞാൻ സ്ഥിരമായി കാണും. സന്ധ്യാ സമയത്തെ പ്രാര്‍ത്ഥനകൂടികഴിയുമ്പോൾ ഒരു ദിവസം പെട്ടന്ന് തീരുന്നതായാണ് എനിക്ക് തോന്നുന്നത് പക്ഷേ സമയം ഒന്നും തന്നെ എനിക്ക് നഷ്‍ടപ്പെടുന്നില്ല. സമയത്തെ നന്നായി വിനിയോഗിക്കാൻ സാധിക്കുന്നുണ്ട്. ചിട്ടയായ ഒരു ദിനചര്യ ലോക്ക് ഡൗണ്‍ സമയത്ത് ഉള്ളത് കൊണ്ട് തന്നെ ഒരിക്കലും ബോറടിയായി എനിക്ക് തോന്നുന്നില്ല. സർക്കാർ സംവിധാനങ്ങളിൽ നിന്നും പഞ്ചായത്ത് തലത്തിൽ നിന്നും ബോധവത്‍കരണ വീഡിയോകൾക്കായി എന്നെ വിളിക്കാറുണ്ട് പലരും. എല്ലാം തന്നെ ഞാൻ ചെയ്‍തു കൊടുക്കാറുമുണ്ട്. അത് കണ്ടിട്ട് ഒരാൾക്ക് ലോക്ക് ഡൗണ്‍ നിയമങ്ങൾ പാലിക്കാൻ തോന്നിയാൽ അത് വലിയ കാര്യമായാണ് ഞാൻ കാണുന്നത്
ഡൽഹിയിലും മുബൈയിലുമുള്ള ജനങ്ങളുടെ പലായനമെല്ലാം വീഡിയോകളിൽ കാണുമ്പോൾ തോന്നും നമ്മളൊക്കെ എത്ര ഭാഗ്യവാൻമാരാണ് എന്ന്. കേരളത്തിൽ എത്രത്തോളം സുരക്ഷിതരാണ് നമ്മൾ. കോവിഡ് കാലത്ത് ലോകം മുഴുവൻ ഉറ്റു നോക്കുന്നത് നമ്മളെയാണ്. അത് നല്ലൊരു സമൂഹമുള്ളതുകൊണ്ടും നല്ല ഭരണകൂടം ഉള്ളതുകൊണ്ടുമാണ്. രാഷ്‍ട്രീയത്തിനുമപ്പുറം ഒരു കൂട്ടായ്‍മ ചുറ്റം കാണാൻ സാധിക്കും. സ്‍നേഹത്തിന് വിലകൊടുക്കുന്നവരാണ് മലയാളികൾ. അത് കൊണ്ട് തന്നെയാണ് ഇവിടുത്തെ ആരോഗ്യപ്രവർത്തകരുടെ നിർദേശങ്ങൾ എല്ലാവരും പാലിക്കുന്നത്.
എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ വിദേശത്തുള്ള കൂട്ടുക്കാരുമായി ഞാൻ വീഡിയോ കോൾ ചെയ്യാറുണ്ട്. അതിൽ ഒരു പള്ളിലച്ചനുണ്ട് . ഇറ്റലിയിലുള്ള അദ്ദേഹം എന്നോട് പറഞ്ഞത് ' തൊട്ടടുത്തുള്ള മുറിയിൽ നിന്ന് വരെ ഞാൻ ചുമ കേൾക്കുന്നു. എന്തായാലും എനിക്ക് രോഗം വരാൻ സാധ്യതയുണ്ട്. പക്ഷെ നല്ല ചികിത്സ സംവിധാനങ്ങൾ അവിടെ ഇപ്പോൾ ലഭ്യമല്ല എന്നാണ്. എന്തിനേറെ പറയുന്നു ലണ്ടൻ പ്രധാനമന്ത്രിക്ക് പോലും കോവിഡ് വന്നിരിക്കുന്നു. 70 വയസ് കഴിഞ്ഞ രോഗിയാണെങ്കിൽ ആശുപത്രിയിലേയ്ക്ക് കൊണ്ടുവരണ്ടയെന്നാണ് അവിടെയെല്ലാം പറയുന്നത്. അവിടുത്തെ മാതാപിതാക്കളുടെ അവസ്ഥയെന്താണ്?. ഇറ്റലിയിലെ ഭരണകൂടം പറയുന്നത് കാര്യങ്ങൾ അവരുടെ കൈവിട്ട് പോയെന്നാണ്.
ഇങ്ങനെയൊരു അവസ്ഥയാണ് നമ്മുടെ നാട്ടിലെങ്കിലോ? നമ്മുടെ പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ഇങ്ങനെ പറഞ്ഞാൽ നമ്മുടെ അവസ്ഥ എന്താവും? ഉത്തരവാദിത്തമുള്ള നല്ല ഭരണകർത്താക്കളെയാണ് നമുക്ക് ലഭിച്ചത്. പ്രധാനമന്ത്രിയായാലും മുഖ്യമന്ത്രിയായാലും മുഴുവൻ സമയവും ജനങ്ങൾക്കൊപ്പമാണ്. എല്ലാ കാര്യങ്ങളിലും കേന്ദ്ര-കേരള സർക്കാരുകൾ മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നത്. ഒപ്പം നമ്മുടെ ആരോഗ്യ പ്രവർത്തകരും പൊലീസും. രാഷ്‍ട്രീയമായ ഇടപെടലില്ലെങ്കിൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച പൊലീസായി എനിക്ക് തോന്നിയത് കേരള പൊലീസിനെയാണ്. ഫയർ ഫോഴ്‍സും മികച്ച സേവനമാണ് ജനങ്ങൾക്കായി കാഴ്‍ചവയ്ക്കുന്നത്. സിനിമാ അവാർഡ് ചടങ്ങുകളിലും അവാര്‍ഡ് ചടങ്ങുകളിലും ഇങ്ങനെയുള്ളവരെകൂടി ആദരിക്കാൻ നമ്മൾ സമയം കണ്ടെത്തണമെന്നാണ് എനിക്ക് പറയാനുള്ളത്. അതിനായുള്ള പരിപാടികൾ പ്ലാൻ ചെയ്യാൻ ഞാനും തയ്യാറാണ് . അവരാണ് നമ്മൾക്ക് മുമ്പിലെ സൂപ്പർ ഹീറോകള്‍. വീടുകളിലെത്തുമ്പോൾ അവർക്കാണ് കൈയടി കൊടുക്കേണ്ടത്. അവർക്ക് വേണ്ടിയുള്ള പ്രാത്ഥനകളാണ് ഏറ്റവും വലിയ സന്തോഷം തരുന്ന കാര്യം.

പക്ഷെ ഇങ്ങനെയൊരു അവസ്ഥയിലും ചില കാര്യങ്ങൾ പറയാതിരിക്കാൻ വയ്യ. ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് മനുഷ്യത്വം എന്ന കാര്യം ഉടലെടുക്കുന്നത്. വിഷയങ്ങള്‍ കഴിയുമ്പോൾ മനുഷ്യൻ പഴയപടിയാകുകയും ചെയ്യും. അവിടെയും ജാതിയുടെയും മതത്തെയും കൂട്ടുപിടിച്ച് വിഷയമുണ്ടാക്കാൻ ശ്രമിക്കുന്നവരെയും കാണാം. തമ്മിലുള്ള കരുതല്‍ എല്ലാ കാലത്തും നമുക്ക് ഉണ്ടാകണം. അല്ലാതെ ദുരന്തങ്ങൾ ഉണ്ടാകാൻ വേണ്ടി നമ്മൾ കാത്തിരിക്കരുത്. പ്രകൃതിയെ നമ്മൾ കരുതലോടെ കാണുകയെന്നതാണ് ഏറ്റവും വലിയ പാഠം. അതിനെ പരിപാലിക്കാനും നമ്മുക്ക് കഴിയണം. ഗ്രന്ഥങ്ങളിൽ പോലും എഴുതിവച്ചിട്ടുണ്ട് പത്ത് മനുഷ്യന് തുല്യമാണ് ഒരു മരമെന്ന്. ഒരു മരത്തെ നമ്മൾ ശ്രദ്ധിക്കു, അത് വെയിൽ കൊള്ളുന്നു, മഴ നനയുന്നു, നമുക്ക് തണലും പഴങ്ങളും തരുന്നു, കിളികൾക്ക് കൂട് ഒരുക്കുന്നു. പക്ഷെ മനുഷ്യനെന്താണ് അവസാനം ചെയ്യുക അത് വെട്ടിക്കളയുന്നു. ഇത് പോലെയാണ് ചുറ്റുമുള്ള പല മനുഷ്യരും. ഒരിക്കലും ജാതിയുടെയോ, മതത്തിന്റെയോ നിറം നോക്കാതെ പരസ്‍പരം സഹായിച്ചും വേണം നമ്മൾ കഴിയാൻ. വളർന്ന് വരുന്ന പുതിയ തലമുറയെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാൻ നമ്മൾ പഠിക്കണം. നമ്മുടെ സഹോദരങ്ങളെ കരുതലോടെ കാണാൻ നമ്മൾക്കാവണം.
