ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണി കഴിഞ്ഞ ദിവസമാണ് അന്താരാഷ്‍ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. ധോണി വിരമിച്ചതിനാല്‍ തനിക്ക് ഇനി ക്രിക്കറ്റ് ഒരിക്കലും പഴയതുപോലെ ആകില്ല എന്നാണ് നടൻ മാധവൻ പറയുന്നത്.

സഹോദരാ നിങ്ങളെന്നും  സ്റ്റൈലിഷും വിനയമുള്ളവനുമാണ്. ഞാനെന്നും നിങ്ങളെ ആരാധിച്ചിരുന്നു.  വിടവാങ്ങൽ  ശൈലി എന്റെ ഹൃദയത്തെ വല്ലാതെ തൊട്ടു. എത്ര ഉചിതമായതാണ് നിങ്ങൾ തിരഞ്ഞെടുത്തത്. ഞാൻ ഒരേസമയം കരയുകയും ചിരിക്കുകയുമായിരുന്നു. നിങ്ങളുടെ ജീവിതത്തിലെ അടുത്ത ഘട്ടത്തിന് ദൈവം അനു ഗ്രഹിക്കട്ടെ.  പക്ഷേ ഇത് കനത്ത പ്രഹരമായി. ക്രിക്കറ്റ് എനിക്കിനി ഒരിക്കലും പഴയത് പോലാകില്ല എന്ന് മാധവൻ പറയുന്നു. ധോണിക്കും ഒപ്പം വിരമിച്ച സുരേഷ് റെയ്‍നക്കും ഒപ്പമുള്ള ചിത്രവും മാധവൻ പങ്കുവെച്ചു.  2004ല്‍ ആയിരുന്നു ധോണി അന്താരാഷ്‍ട്ര ക്രിക്കറ്റില്‍ എത്തിയത്. 2007ല്‍ ഇന്ത്യയുടെ നായകനുമായി. ക്രിക്കറ്റില്‍ ഇന്ത്യയുടെ ലോക വിജയങ്ങളിലേക്കുള്ള തുടക്കവുമായിരുന്നു അത്.  നായകനായ അതേവര്‍ഷം ഇന്ത്യക്ക് ടി20 ലോകകപ്പ് സമ്മാനിച്ചു. 2011ല്‍ ഏകദിന ലോകകപ്പും, 2013ല്‍ ചാമ്പ്യൻസ് കിരീടവും സമ്മാനിച്ചു. രാജ്യാന്തര കരിയറില്‍ ഇതുവരെ 90 ടെസ്റ്റുകളിലാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‍സ്‍മാൻ മാറ്റുരച്ചത്.  348 ഏകദിനങ്ങളിലും 98 ട്വന്റി 20 മത്സരങ്ങളിലും. ടെസ്റ്റില്‍ നിന്ന് 2014ല്‍ തന്നെ വിരമിച്ചിരുന്നു.