'ജീവിതത്തിലും ക്രിക്കറ്റിലും പോരാളി': യുവരാജ് സിംഗിന്‍റെ ജീവിതം സിനിമയാകുന്നു
ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിങ്ങിന്റെ ജീവിതകഥ സിനിമയാകുന്നു. ഭൂഷൺ കുമാറും രവി ഭാഗ്ചന്ദ്കയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരം യുവരാജ് സിംഗിന്‍റെ ജീവിതം സിനിമയാകുന്നു. വെറൈറ്റിയുടെ റിപ്പോർട്ട് അനുസരിച്ച്, ടി-സീരീസിലെ ഭൂഷൺ കുമാറും 200 നോട്ട് ഔട്ട് സിനിമയുടെ രവി ഭാഗ്ചന്ദ്കയും ഈ പ്രോജക്റ്റ് നിര്‍മ്മിക്കും. ബയോപിക്കിൻ്റെ സംവിധായകനെയും അഭിനേതാക്കളെയും ഇതുവരെ തീരുമാനിച്ചിട്ടില്ല.
ഭൂഷൺ കുമാർ യുവരാജിന്‍റെ ബയോപിക് വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട് “യുവരാജ് സിങ്ങിൻ്റെ ജീവിതം തന്നെ ഒരു പ്രചോദിപ്പിക്കുന്ന കഥയാണ്. ഒരു ക്രിക്കറ്ററിൽ നിന്ന് ക്രിക്കറ്റ് ഹീറോയിലേക്കുള്ള അദ്ദേഹത്തിൻ്റെ യാത്ര, യഥാർത്ഥ ജീവിതത്തിൽ ഒരു നായകനിലേക്കുള്ള യാത്ര ശരിക്കും പ്രചോദനകരമാണ്. പറയേണ്ടതും കേൾക്കേണ്ടതുമായ ഒരു കഥ ബിഗ് സ്‌ക്രീനിലൂടെ കൊണ്ടുവരുന്നതിലും അദ്ദേഹത്തിൻ്റെ അസാധാരണ നേട്ടങ്ങൾ ആഘോഷിക്കുന്നതിലും ഞാൻ ത്രില്ലിലാണ്" ഭൂഷന്‍ കുമാര്‍ പറഞ്ഞു.
എല്ലാ അർത്ഥത്തിലും ഒരു യഥാർത്ഥ ഇതിഹാസമാണ് യുവരാജ് സിങ്ങിനെ രവി ഭാഗ്ചന്ദ്ക വിശേഷിപ്പിച്ചത്. "യുവരാജ് വർഷങ്ങളായി പ്രിയ സുഹൃത്താണ്. അദ്ദേഹത്തിൻ്റെ അവിശ്വസനീയമായ ക്രിക്കറ്റ് യാത്ര ഒരു സിനിമാറ്റിക് അനുഭവമാക്കി മാറ്റാൻ കഴിയുന്നതില്‍ അഭിമാനമുണ്ട്. യുവി ഒരു ലോക ചാമ്പ്യൻ മാത്രമല്ല, എല്ലാ അർത്ഥത്തിലും ഒരു യഥാർത്ഥ ഇതിഹാസമാണ്," അദ്ദേഹം പറഞ്ഞു.
സ്വന്തം വെല്ലുവിളികളെ അതിജീവിക്കാൻ സിനിമ മറ്റുള്ളവരെ പ്രചോദിപ്പിക്കണമെന്ന് യുവരാജ് സിംഗ് പറഞ്ഞു. “ഭൂഷൺ ജിയും രവിയും ചേർന്ന് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് എൻ്റെ ആരാധകർക്ക് എൻ്റെ കഥ സിനിമയായി എടുക്കുന്നതില്‍ ഞാൻ അഭിമാനിക്കുന്നു. എല്ലാ ഉയർച്ചയിലും താഴ്ചയിലും ക്രിക്കറ്റാണ് എൻ്റെ ഏറ്റവും വലിയ സ്നേഹവും ശക്തിയുടെ ഉറവിടവും. സ്വന്തം വെല്ലുവിളികളെ അതിജീവിക്കാനും അവരുടെ സ്വപ്നങ്ങൾ അചഞ്ചലമായ അഭിനിവേശത്തോടെ പിന്തുടരാനും ഈ സിനിമ മറ്റുള്ളവരെ പ്രചോദിപ്പിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” യുവരാജ് പറഞ്ഞു.
പതിമൂന്നാം വയസ്സിൽ പഞ്ചാബിൻ്റെ അണ്ടർ 16 ക്രിക്കറ്റ് ടീമിൽ കളിച്ചാണ് യുവരാജ് സിംഗ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. 2007ലെ ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിൻ്റെ സ്റ്റുവർട്ട് ബ്രോഡിനെതിരെ ഒരോവറിൽ ആറ് സിക്‌സറുകൾ പറത്തി യുവരാജ് ചരിത്രമെഴുതി. 2011 ലോകകപ്പ് ഇന്ത്യ ഉയര്‍ത്തിയപ്പോള്‍ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്‍റും യുവി ആയിരുന്ന. പിന്നീട് ക്യാന്‍സറിനോട് പോരാടി യുവി കളിക്കളത്തിലേക്ക് തിരിച്ചുവന്നു. 2019ലാണ് യുവരാജ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്.