സോണിയ അഗര്‍വാള്‍ വീണ്ടും മലയാളത്തില്‍; 'കര്‍ട്ടന്‍' ഫസ്റ്റ് ലുക്ക്
ജിനു ഇ തോമസ്, മെറീന മൈക്കിൾ എന്നിവരും അഭിനയിക്കുന്നു

തെലുങ്കിലും കന്നഡത്തിലും ഓരോ ചിത്രങ്ങളില്‍ അഭിനയിച്ചുകൊണ്ടാണ് സിനിമാജീവിതം ആരംഭിച്ചതെങ്കിലും സോണിയ അഗര്‍വാളിന് കരിയര്‍ ബ്രേക്ക് നേടിക്കൊടുത്തത് സെല്‍വരാഘവന്‍ സംവിധാനം ചെയ്‍ത തമിഴ് ചിത്രം കാതല്‍ കൊണ്ടേന്‍ ആയിരുന്നു. ധനുഷ് നായകനായ ചിത്രം പുറത്തെത്തിയത് 2003 ല്‍ ആയിരുന്നു. മുകേഷ് നായകനായ 2012 ചിത്രം ഗൃഗനാഥനിലൂടെ മലയാളത്തിലേക്കും സോണിയ എത്തിയിരുന്നു. ഇപ്പോഴിതാ മറ്റൊരു മലയാള ചിത്രത്തിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് അവര്‍.
അമന്‍ റാഫി സംവിധാനം ചെയ്യുന്ന ചിത്രത്തിന് കര്‍ട്ടന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. സോണിയ അഗര്‍വാളിനെക്കൂടാതെ ജിനു ഇ തോമസ്, മെറീന മൈക്കിൾ എന്നിവരാണ് ചിത്രത്തിലെ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. പ്രശസ്ത താരം വിജയ് സേതുപതിയാണ് പോസ്റ്റര്‍ തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കിയത്. പാവക്കുട്ടി ക്രിയേഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ശിവജി ഗുരുവായൂർ, വി കെ ബൈജു, ശിവദാസൻ, സിജോ, സൂര്യ, അമൻ റാഫി, അമ്പിളി സുനിൽ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഛായാഗ്രഹണം സന്ദീപ് ശങ്കർ, തിരക്കഥ ഷിജ ജിനു, അസോസിയേറ്റ് ഡയറക്ടർ വൈശാഖ് എം സുകുമാരൻ, അസിസ്റ്റന്റ് ഡയറക്ടർ സനൂപ് ഷാ, രജീന്ദ്രൻ മതിലകത്ത്, സുജിത എസ്, പരസ്യകല മനു ഡാവിഞ്ചി, പ്രൊഡക്ഷൻ കൺട്രോളർ ഷൗക്കത്ത് മന്നലംകുന്ന്, പി ആർ ഒ എ എസ് ദിനേശ്.
ALSO READ : വിജയ് ചിത്രം വിജയമോ? 'വാരിസ്' കളക്ഷന്‍ ആദ്യമായി വെളിപ്പെടുത്തി നിര്‍മ്മാതാക്കള്‍
സോണിയ അഗര്‍വാള്‍ അഭിനയിക്കുന്ന അഞ്ചാമത്തെ മലയാള ചിത്രമാണ് ഇത്. ഗൃഹനാഥന്‍ കൂടാതെ ജംന പ്യാരി, തീറ്റ റപ്പായി, കഴിഞ്ഞ വര്‍ഷം എത്തിയ കൈപ്പക്ക എന്നിവയാണ് അവര്‍ അഭിനയിച്ച മലയാള സിനിമകള്‍.