Asianet News MalayalamAsianet News Malayalam

സിരുത്തൈ ശിവ- രജനി ചിത്രം, സംഗീതമൊരുക്കാൻ ഡി ഇമ്മൻ

സിരുത്തൈ ശിവ- രജനികാന്ത് ചിത്രത്തിന് സംഗീതമൊരുക്കാൻ ഡി ഇമ്മൻ.

D Imman to compose music for Sirutha Siva- Rajinikanths film
Author
Chennai, First Published Oct 14, 2019, 4:55 PM IST

രജനികാന്തിന്റേതായി ഉടൻ പ്രദര്‍ശനത്തിന് എത്താനുള്ള ചിത്രം ദര്‍ബാര്‍ ആണ്. തമിഴകത്തിന്റെ ഹിറ്റ് സംവിധായകൻ എ ആര്‍ മുരുഗദോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകള്‍ ഓണ്‍‌ലൈനില്‍ തരംഗമായിരുന്നു. ദര്‍ബാറിന് ശേഷം രജനികാന്ത് അഭിനയിക്കുന്നത് ഒട്ടനവധി ഹിറ്റുകള്‍ ഒരുക്കിയ സിരുത്തൈ ശിവയുടെ ചിത്രത്തിലാണ്. ചിത്രത്തിന്റെ സംഗീതത്തെ കുറിച്ചാണ് പുതിയ വാര്‍ത്ത.

ഹിറ്റ് ഗാനങ്ങള്‍ ഒരുക്കിയ ഡി ഇമ്മനായിരിക്കും സിരുത്തൈ ശിവ- രജനികാന്ത് ചിത്രത്തിനും സംഗീതം പകരുക. രജനികാന്ത് ചിത്രങ്ങളില്‍ ഇൻട്രൊഡക്ഷൻ സോംഗ് ആരാധകര്‍ ആവേശത്തോടെ കേള്‍ക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ രജനികാന്ത് ചിത്രത്തിലെ സംഗീത സംവിധാനം ആര്‍ക്കും വെല്ലുവിളിയാണ്. അതേസമയം സിരുത്തൈ ശിവയുടെ സംവിധാനത്തില്‍ രജനികാന്തിന്റെ കഥാപാത്രം എന്തായിരിക്കും എന്നറിയാനുള്ള ആകാംക്ഷയിലുമാണ് ആരാധകര്‍. തമിഴകത്തിന്റെ തല, അജിത്തിനെ നായകനാക്കിയായിരുന്നു സിരുത്തൈ ശിവ ഏറ്റവും ഒടുവില്‍ ചിത്രം ഒരുക്കിയത്. വിശ്വാസം എന്ന ചിത്രം വലിയ ഹിറ്റുമായിരുന്നു. ഗ്രാമീണ പശ്ചാത്തലത്തിലും നഗര പശ്ചാത്തലത്തിലുമായാണ് ചിത്രത്തിന്റെ കഥ പറഞ്ഞത്. രജനികാന്തിനെ നായകനാക്കിയും സിരുത്തൈ ശിവ ആലോചിക്കുന്നത് ഗ്രാമീണ പശ്ചാത്തലം കൂടി പ്രമേയമാകുന്ന കഥയാണെന്നാണ് റിപ്പോര്‍ട്ട്. ഒരു  ഫാമിലി എന്റര്‍ടെയ്‍നറായിരിക്കും ചിത്രം. മുരുഗദോസ് ചിത്രം ആരാധകരെ ആവേശം കൊള്ളിക്കുന്ന തരത്തിലുള്ളതായിരിക്കും എന്നാണ് റിപ്പോര്‍ട്ട്.

ഏറെക്കാലത്തിനു ശേഷം രജനികാന്ത് പൊലീസ് വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയോടെയാണ് ദര്‍ബാര്‍ വരുന്നത്.

ഇരുപത്തിയേഴ് വര്‍ഷത്തിനു ശേഷമാണ് രജനികാന്ത് പൊലീസ് വേഷത്തിലെത്തുന്നത്.   1992ല്‍ പ്രദര്‍ശനത്തിന് എത്തിയ പാണ്ഡ്യനിലാണ് രജനികാന്ത് ഇതിനു മുമ്പ് പൊലീസ് വേഷത്തിലെത്തിയത്. എ ആര്‍ മുരുഗദോസിന്റെ സംവിധാനത്തില്‍ രജനികാന്ത് വീണ്ടും പൊലീസ് ആകുമ്പോള്‍ അത് ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള വകയുണ്ടാകുന്നതായിരിക്കും. പൊലീസ് ഉദ്യോഗസ്ഥനായിട്ടുള്ള രജനികാന്തിന്റെ ലുക്ക് എ ആര്‍ മുരുഗദോസ് പുറത്തുവിട്ടിരുന്നു.  ഒരു ആക്ഷൻ ചിത്രമായിരിക്കും ദര്‍ബാര്‍.  

എ ആര്‍ മുരുഗദോസ് ചിത്രത്തിലെ ഇൻട്രൊഡക്ഷൻ ഗാനം ആലപിക്കുന്നത് ഇതിഹാസ ഗായകൻ എസ് പി ബാലസുബ്രഹ്‍മണ്യം ആണ്. രജനികാന്തിന്റെ കഥാപാത്രത്തെ കുറിച്ചുള്ള കാര്യങ്ങള്‍ തന്നെയാകും ഇൻട്രൊഡക്ഷൻ സോംഗിലുണ്ടാകുക.  രജനികാന്ത് സിനിമയില്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ കുറിച്ചായിരിക്കും ഗാനത്തിലെന്ന് എസ് പി ബാലസുബ്രഹ്‍മണ്യം പറയുന്നു. പൊലീസ് ഡ്രസ് ഒഴിവാക്കിയാല്‍ സാധാരണ ജനങ്ങളെപ്പോലെയാണ് താനെന്ന് രജനികാന്ത് പറയുന്നുണ്ട്. ഗാനരംഗം നല്ല രീതിയില്‍ വന്നിട്ടുണ്ട്. അനിരുദ്ധ് രവിചന്ദറിനും ടീമിനും നന്ദി- എസ് പി ബാലസുബ്രഹ്‍മണ്യം പറയുന്നു.

നിരവധി ആക്ഷൻ രംഗങ്ങളുള്ള ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ദര്‍ബാര്‍. മുംബൈയിലെ ഒരു കോളേജിലാണ് പൊലീസ് ഇൻവെസ്റ്റിഗേഷൻ  റൂം  തയ്യാറാക്കിയത്. മുംബൈ ഛത്രപതി ശിവജി മഹാരാജ ടെര്‍മിനസ്, റോയല്‍ പാംസ്, ഫിലിം സിറ്റി തുടങ്ങിയവിടങ്ങളിലായിരുന്നു ചിത്രീകരണം.

അതേസമയം വെറും കുറ്റാന്വേഷണ കഥ മാത്രമായിട്ടില്ല ദര്‍ബാര്‍ ഒരുക്കുന്നത്. അടുത്തിടെ ഹിറ്റായ സിരുത്തൈ ശിവ- അജിത് കൂട്ടുകെട്ടിലെ വിശ്വാസത്തിലേതു പോലെ കുടുംബ ബന്ധത്തിനും പ്രധാന്യമുള്ള സിനിമയായിരിക്കും ദര്‍ബാര്‍. നിവേത രജനികാന്തിന്റെ മകളായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുക. നയൻതാരയാണ് നായിക.  

കോടതി എന്ന അര്‍ത്ഥത്തിലാണ് ദര്‍ബാര്‍ എന്ന പേര് എന്നാണ് സൂചന. സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എ ആര്‍ മുരുഗദോസ് ഇതിനു മുമ്പ് സംവിധാനം ചെയ്‍ത സര്‍ക്കാര്‍ വൻ വിജയം നേടിയിരുന്നു.

Follow Us:
Download App:
  • android
  • ios