ദുര്‍ഗ പ്രേംജിത്ത് എന്ന് കേട്ടാല്‍ തിരിച്ചറിയാത്ത ആളുകളും പുലിമുരുകന്‍റെ മകള്‍ എന്ന് കേട്ടാല്‍ തിരിച്ചറിയും

സോഷ്യല്‍ മീഡിയയില്‍, വിശേഷിച്ചും ഇന്‍സ്റ്റഗ്രാമില്‍ ഉണ്ടാവുന്ന ചില ട്രെന്‍ഡുകള്‍ ഉണ്ട്. ഒരാള്‍ ഇടുന്ന ഒരു റീലില്‍ നിന്നോ പോസ്റ്റില്‍ നിന്നോ ആരംഭിക്കുന്ന ആ ട്രെന്‍ഡ് പിന്നീടുള്ള ദിവസങ്ങളില്‍ കത്തിപ്പടരുകയാവും ചെയ്യുക. ഇപ്പോഴിതാ അത്തരത്തിലുള്ള ജനപ്രീതിയിലേക്ക് എത്തിയിരിക്കുകയാണ് ഒരാള്‍. ബാലതാരമായി മലയാള സിനിമയില്‍ ശ്രദ്ധ നേടിയിരുന്ന ദുര്‍ഗ പ്രേംജിത്തിന്‍റെ പുതിയ റീലുകളാണ് വൈറല്‍ ആയിരിക്കുന്നത്.

ദുര്‍ഗ പ്രേംജിത്ത് എന്ന് കേട്ടാല്‍ തിരിച്ചറിയാത്ത ആളുകളും പുലിമുരുകന്‍റെ മകള്‍ എന്ന് കേട്ടാല്‍ തിരിച്ചറിയും. മോഹന്‍ലാലിന്‍റെ 2016 ല്‍ ഇറങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം പുലിമുരുകനില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ടൈറ്റില്‍ കഥാപാത്രത്തിന്‍റെ മകളായാണ് ദുര്‍ഗ എത്തിയത്. ഇന്‍സ്റ്റയില്‍ അത്ര ആക്റ്റീവ് അല്ലാതിരുന്ന ദുര്‍ഗ ഒരാഴ്ച മുന്‍പാണ് തന്‍റെ പുതിയൊരു റീല്‍ വീഡിയോ പങ്കുവച്ചത്. പുലിമുരുകനിലെ മോഹന്‍ലാലിനൊപ്പമുള്ള ചിത്രങ്ങള്‍ ഇതേ അക്കൗണ്ടില്‍ പിന്‍ ചെയ്ത് വച്ചിരുന്നതിനാല്‍ മറ്റുള്ളവര്‍ക്ക് വേ​ഗത്തില്‍ ആളെ മനസിലായി. പിന്നാലെ എക്സ് അടക്കമുള്ള മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകളിലും ഈ വീഡിയോ തരം​ഗമായി. ദുര്‍​ഗ പ്രേംജിത്ത് ഇട്ട രണ്ട് റീലുകളില്‍ ഒന്നിന് 29,000 ലൈക്കുകളും മറ്റൊന്നിന് 83,000 ലൈക്കുകളുമാണ് ഇതിനകം ലഭിച്ചിരിക്കുന്നത്. 

ചക്കി എന്നായിരുന്നു പുലിമുരുകനില്‍ ദുര്‍​ഗ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ പേര്. മലയാളത്തിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായിരുന്നു പുലിമുരുകന്‍. ഉദയകൃഷ്ണയുടെ രചനയില്‍ വൈശാഖ് സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചത് ടോമിച്ചന്‍ മുളകുപാടം ആയിരുന്നു. ഏറെക്കാലം റിലീസ് നീണ്ടുപോയതിന് ശേഷം 2016 ഒക്ടോബറിലാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. ആദ്യ ഷോ മുതല്‍ ലഭിച്ച പ്രേക്ഷകരുടെ പോസിറ്റീവ് അഭിപ്രായങ്ങളാല്‍ ചിത്രം ബോക്സ് ഓഫീസില്‍ തരം​ഗം തീര്‍ക്കുകയും ചെയ്തു. പിന്നീട് ഇങ്ങോട്ടുള്ള ബോക്സ് ഓഫീസ് ചര്‍ച്ചകളിലൊക്കെ സ്ഥിരമായി ഇടംപിടിക്കാറുള്ള ചിത്രമാണ് പുലിമുരുകന്‍.

Scroll to load tweet…

അതേസമയം തുടര്‍ച്ചയായി രണ്ട് 200 കോടി ക്ലബ്ബ് ചിത്രങ്ങളുടെ ഭാ​ഗമായി മാറിയിരിക്കുകയാണ് മോഹന്‍ലാല്‍. ഒരു മാസത്തെ ഇടവേളയില്‍ എത്തിയ എമ്പുരാന്‍, തുടരും എന്നീ ചിത്രങ്ങളാണ് ഈ നേട്ടം സ്വന്തമാക്കിയത്. മാര്‍ച്ച് 27 നാണ് ലൂസിഫര്‍ സീക്വല്‍ ആയ എമ്പുരാന്‍ തിയറ്ററുകളില്‍ എത്തിയത്. തുടരും ഏപ്രില്‍ 25 നും എത്തി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം