ലാൽ എന്റെ അളിയനാണെന്നാണ് കമൽഹാസൻ  പറഞ്ഞത്

മലയാളത്തിന്റെ നടനവിസ്മയം മോഹൻലാലിൻറെ 65മത് പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. ഇതേ ദിവസം മണിരത്നം- കമൽ ഹാസൻ കൂട്ടുക്കെട്ടിന്റെ തഗ് ലൈഫിന്റെ പ്രൊമോഷനോട് സംബന്ധിച്ച് കമൽ ഹാസൻ, അശോക് സെൽവൻ, അഭിരാമി തുടങ്ങിയവർ കൊച്ചിയിലെത്തിയിരുന്നു. തമിഴ് സിനിമകൾക്ക് കേരളത്തിൽ വലിയ സ്വീകാര്യത ഉണ്ടായത് കൊണ്ട് തന്നെ മിക്ക തമിഴ് സിനിമകളുടെ പ്രൊമോഷനുകളും കേരളത്തിൽ നടക്കാറുണ്ട്. ലാലേട്ടനുമായുള്ള സൗഹൃദം അറിയാം, ഇന്ന് അദ്ദേഹത്തിന്റെ പിറന്നാളാണ് എന്താണ് ഞങ്ങളുടെ ലാലേട്ടനെ കുറിച്ച് പറയാനുള്ളതെന്ന മാധ്യമ പ്രവർത്തകയുടെ ചോദ്യത്തിന്, ലാൽ എന്റെ അളിയനാണെന്നാണ് കമൽഹാസൻ പറഞ്ഞത്. 


'ഞാൻ ഇങ്ങോട്ട് വരുന്നതിന് മുൻപ് എന്റെ അളിയനെ വിളിച്ചിരുന്നു. അദ്ദേഹവുമായി സംസാരിച്ചിരുന്നു. പിറന്നാൾ ആശംസിക്കുകയും ചെയ്തു, ഞാൻ അളിയൻ എന്നാണ് ഏറെ സന്തോഷത്തോടെ വിളിച്ചത്. അദ്ദേഹം എന്റെ അളിയൻ ആയിരുന്നെന്നു അറിയില്ലായിരുന്നു. നിങ്ങളുടെ മോഹൻലാൽ എന്റെ സഹോദരനെ പോലെയാണ്, അളിയനായി പോയല്ലോയെന്ന് എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. പിറന്നാൾ ആശംസകളും നേർന്നു.'-കമൽഹാസന്റെ വാക്കുകൾ. 


മലയാളത്തിന്റെ മോഹൻലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം തന്റെ പേരും ചേർത്ത് വയ്ക്കുന്നതിൽ അഭിമാനമുണ്ടെന്ന് കമൽ ഹാസൻ കൂട്ടിച്ചേർത്തിരുന്നു. തങ്ങൾ ഒരു ജോലി ചെയ്യുന്നുവെന്നതാണ് തങ്ങളെ ചേർത്ത് വയ്ക്കുന്നതെന്നും, ഞങ്ങൾ കലാകാരന്മാരാണ്. അവരുടെ പേരിനൊപ്പം ചേർക്കുന്നതിൽ അഭിമാനമുണ്ടെന്നും കമൽ ഹാസൻ കൂട്ടിച്ചേർത്തു. 


നീണ്ട 37 വർഷങ്ങൾക്ക് ശേഷം മണിരത്നം- കമൽ ഹാസൻ ഒന്നിക്കുന്നു ചിത്രമാണ് തഗ് ലൈഫ്. ജോജു ജോർജ്, അഭിരാമി, ഐശ്വര്യാ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.