പോളി ജൂനിയര്‍ പിക്ചേഴ്സിന്‍റെ പുതിയ ചിത്രം

പോളി ജൂനിയര്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ നിവിന്‍ പോളി (Nivin Pauly) നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. ഡിയര്‍ സ്റ്റുഡന്‍റ്സ് (Dear Students) എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതരായ സന്ദീപ് കുമാര്‍, ജോര്‍ജ് ഫിലിപ്പ് റോയ് എന്നിവര്‍ ചേര്‍ന്നാണ്. പ്രേമം, ഞണ്ടുകളുടെ നാട്ടില് ഒരിടവേള തുടങ്ങിയ ചിത്രങ്ങളില്‍ അസിസ്റ്റ് ചെയ്‍തിട്ടുള്ളവരാണ് ഇരുവരും. സ്കൂള്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ രചനയും സംവിധായകരുടേതാണ്. ചിത്രത്തിന്‍റെ കാസ്റ്റിംഗ് കോള്‍ വീഡിയോ അണിയറക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്ററും പുറത്തെത്തിയിരുന്നു.

16 മുതല്‍ 22 വയസ് വരെ പ്രായമുള്ള യുവതീ യുവാക്കള്‍ക്കാണ് അവസരം. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു സെല്‍ഫ് ഇന്‍ട്രൊഡക്ഷന്‍ വീഡിയോയും മേക്കപ്പ് കൂടാതെയുള്ള ഫോട്ടോസും അടക്കം dsmovieauditions@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അപേക്ഷിക്കാം. പിആര്‍ഒ എ എസ് ദിനേശ്.

രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്‍റെ രചനയിലും സംവിധാനത്തിലും എത്തിയ കനകം കാമിനി കലഹം ആയിരുന്നു നിവിന്‍ പോളിയുടെ അവസാന റിലീസ്. നവംബര്‍ 12ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഡയറക്ട് ഒടിടി റിലീസ് ആയി എത്തിയ ചിത്രവും നിവിന്‍ അടക്കമുള്ളവരുടെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. പോയ വാരാന്ത്യത്തില്‍ ഏഷ്യാനെറ്റിലൂടെ ചിത്രത്തിന്റെ ടെലിവിഷന്‍ പ്രീമിയറും നടന്നിരുന്നു. 

അതേസമയം നിരവധി ശ്രദ്ധേയ പ്രോജക്റ്റുകളാണ് നിവിന്‍ പോളിയുടേതായി നിര്‍മ്മാണത്തിന്‍റെ വിവിധ ഘട്ടങ്ങളില്‍ ഉള്ളത്. രാജീവ് രവിയുടെ സംവിധാനത്തിലെത്തുന്ന തുറമുഖം, എബ്രിഡ് ഷൈനിന്‍റെ മഹാവീര്യര്‍, നവാഗതനായ ലിജു കൃഷ്ണയുടെ പടവെട്ട്, റാമിന്‍റെ സംവിധാനത്തിലെത്തുന്ന തമിഴ് ചിത്രം എന്നിവയാണ് അവ. 

അന്‍പതുകളില്‍ കൊച്ചി തുറമുഖത്ത് നിലനിന്നിരുന്ന ചാപ്പ സമ്പ്രദായത്തിനെതിരെ തൊഴിലാളികള്‍ നടത്തിയ മുന്നേറ്റം പശ്ചാത്തലമാക്കുന്ന ചിത്രമാണ് തുറമുഖം. കെ എം ചിദംബരത്തിന്‍റെ നാടകത്തെ ആസ്‍പദമാക്കി ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് മകന്‍ ഗോപന്‍ ചിദംബരമാണ്. നിവിന്‍ പോളിക്കൊപ്പം നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി എന്നിങ്ങനെ വലിയ താരനിര അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.

 പ്രശസ്‍ത സാഹിത്യകാരൻ എം മുകുന്ദന്‍റെ കഥയുടെ ചലച്ചിത്രരൂപമാണ് മഹാവീര്യര്‍. ആസിഫ് അലിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പോളി ജൂനിയർ പിക്ചേഴ്സിന്‍റെ ബാനറിൽ നിവിൻ പോളിയും ഇന്ത്യൻ മൂവി മേക്കേഴ്സിന്‍റെ ബാനറിൽ പി എസ് ഷംനാസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഫാന്‍റസിയും ടൈം ട്രാവലും നിയമപുസ്തകങ്ങളും നിയമനടപടികളും പ്രമേയമാക്കിയിരിക്കുന്ന ചിത്രമാണിത്. വലിയ ക്യാൻവാസിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ചലച്ചിത്രം പുതിയ കാഴ്ചകൾ സമ്മാനിക്കുന്ന കാമ്പുള്ള ഒന്നായിരിക്കും എന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു. വര്‍ഷങ്ങൾക്കു ശേഷമാണ് നിവിന്‍ പോളിയും ആസിഫ് അലിയും ഒരുമിച്ച് അഭിനയിക്കുന്നത്.