ചിത്രത്തിന്റെ ഷൂട്ട് എപ്പോൾ മുതൽ ആരംഭിക്കുന്നതിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ല. ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് മോഹൻലാൽ ഇപ്പോൾ(Empuraan Movie).

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'എമ്പുരാൻ'(Empuraan). പൃഥ്വിരാജിന്റെ(Prithviraj) സംവിധാനത്തിൽ മോഹൻലാൽ(mohanlal) നായകനായി എത്തിയ ലൂസിഫറിന്റെ(Lucifer) രണ്ടാം ഭാ​ഗമാണ് ഈ ചിത്രം. ലൂസിഫറിനേക്കാള്‍ വലിയ കാന്‍വാസ് ആവശ്യംവേണ്ട ചിത്രമാണ് എമ്പുരാനെന്നും ആദ്യഭാഗം വിജയിച്ചതുകൊണ്ടാണ് രണ്ടാംഭാഗം ആലോചിച്ചതെന്നും പ്രഖ്യാപനവേളയില്‍ പൃഥ്വിരാജ് പറഞ്ഞിരുന്നു. സിനിമയുടെ ചിത്രീകരണം ഈ വർഷം ഉണ്ടാകുമെന്നാണ് നേരത്തെ തിരക്കഥാകൃത്തും നടനുമായ മുരളി ​ഗോപി പറഞ്ഞത്. ആദ്യഭാഗത്തില്‍ തന്നെ രണ്ടാം ഭാഗത്തിലേക്കുള്ള സൂചനകള്‍ നല്‍കിയിരുന്നു. അതിലൊന്നാണ് എമ്പുരാന്‍ എന്ന പാട്ട്. ഇപ്പോഴിതാ ഈ പാട്ടിന് പിന്നിലെ കഥ പറയുകയാണ് സം​ഗീത സംവിധായകൻ ദീപക് ദേവ്. 

‘രണ്ടാം ഭാഗം കൂടി പ്ലാന്‍ ചെയ്തല്ല ലൂസിഫര്‍ ചെയ്തത്. ചിത്രത്തിന്റെ അവസാനമുള്ള പാട്ടിന്റെ വിഷ്വല്‍സ് എന്താണെന്ന് പൃഥ്വിരാജിനോട് ചോദിച്ചപ്പോള്‍ ന്യൂസ് പേപ്പര്‍ കട്ടിംഗ്‌സ് കാണിക്കുകയാണെന്നാണ് പറഞ്ഞത്. ഇത്രയും നാള്‍ നമ്മള്‍ നിചാരിച്ചു വെച്ചിരുന്ന ഒരു വ്യക്തി, ആ വിചാരിച്ച് വെച്ചതിനെക്കാള്‍ വളരെ വലിയ ആളാണെന്ന് തിരിച്ചറിയുന്ന, അദ്ദേഹത്തെ ആഘോഷിക്കുന്ന ഒരു പാട്ടാണ്. അത് മനസില്‍ വെച്ച് ഒരു പാട്ട് ഉണ്ടാക്കാം. ഇപ്പോള്‍ അതില്‍ ടെന്‍ഷനടിക്കണ്ട. പടം കഴിയട്ടെ,’ എന്നാണ് പൃഥ്വിരാജ് പറഞ്ഞത്. പടം ഇറങ്ങാന്‍ മൂന്നാഴ്ച ഉള്ളപ്പോഴാണ് അവസാനത്തെ പാട്ടിനെ പറ്റി ചിന്തിക്കുന്നത്,’ ദീപക് ദേവ് പറഞ്ഞു. മൂവിമാന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ലൂസിഫര്‍ ഷൂട്ട് കഴിഞ്ഞ് ആ പാട്ടിനായിട്ടാണ് ഞാനും പൃഥ്വിയും മുരളി ഗോപിയും കൂടി ആദ്യമായി ഒന്നിച്ച് ഇരുന്നത്. ബാക്കി പാട്ടുകള്‍ വാട്ട്‌സാപ്പ് വഴി അയക്കുകയായിരുന്നു. ഷൂട്ടിംഗ് തിരക്കുകള്‍ കാരണം ഞങ്ങള്‍ പരസ്പരം കണ്ടിരുന്നില്ല.ഇവരുടെ രണ്ട് പേരുടെയും മനസില്‍ പടം ഹിറ്റാവുകയാണെങ്കില്‍ അടുത്ത പടത്തിന്റെ പേര് എമ്പുരാന്‍ എന്നിടണമെന്നായിരുന്നു. പക്ഷേ മറ്റാരോടും ഇവരിത് ചര്‍ച്ച ചെയ്തിട്ടുമില്ല. അവസാനത്തെ പാട്ടിന്റെ ടൂണ്‍ ഞാന്‍ കേള്‍പ്പിച്ച് കഴിഞ്ഞപ്പോള്‍ മറ്റേ വാക്ക് ഇതിലേക്ക് ഇട്ടാലോ എന്ന് മുരളി ഗോപി പറഞ്ഞു. എന്നിട്ട് പാട്ടില്‍ എമ്പുരാനേ എന്ന് ചേര്‍ത്ത് പാടാന്‍ പറഞ്ഞു. അത് ഇവിടെ എന്തിനാണ് എന്ന് ഞാന്‍ ചോദിച്ചു. ഈ സിനിമ ഹിറ്റാവുകയാണെങ്കില്‍ അടുത്ത സിനിമക്കായി കാത്തുവെച്ച് പേരാണ്. പക്ഷേ പടം കണ്ടിട്ട് പോസിറ്റീവ് വൈബാണ്. ഹിറ്റാവുമെന്നാണ് തോന്നുന്നത്. അതുകൊണ്ട് രണ്ടാം ഭാഗത്തിന്റെ പേര് അവസാനത്തെ പാട്ടിലിടാമെന്ന് അവര്‍ പറഞ്ഞു. അങ്ങനെയാണ് എമ്പുരാനുണ്ടാവുന്നത്,’ എന്നും ദീപക് വ്യക്തമാക്കുന്നു.

അതേസമയം, ചിത്രത്തിന്റെ ഷൂട്ട് എപ്പോൾ മുതൽ ആരംഭിക്കുന്നതിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ല. ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് മോഹൻലാൽ ഇപ്പോൾ. ആറാട്ട് എന്ന ചിത്രമാണ് താരത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. കടുവയുമായി ബന്ധപ്പെട്ട തിരക്കിലാണ് പൃഥ്വിരാജിപ്പോൾ. ബ്രോ ഡാഡിയാണ് പൃഥ്വിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഇതിൽ മോഹൻലാലും അഭിനയിച്ചിരുന്നു.