മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് രൂക്ഷമായ ഭാഷയിലായിരുന്നു ദീപിക പദുക്കോണിന്റെ മറുപടി.

ദീപിക പദുക്കോണ്‍ നായികയാകുന്ന പുതിയ സിനിമയാണ് ഛപാക്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്‍മി അഗര്‍വാളിന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിലെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ദീപികയുടെ കരിയറിലെ മികച്ച വേഷമാകുമെന്നാണ് കരുതുന്നത്. അതേസമയം ചിത്രത്തെ കുറിച്ചുള്ള, ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ദീപിക പദുക്കോണ്‍ നല്‍കിയ മറുപടിയാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.

ഛപാക് എന്ന സിനിമയുടെ നിര്‍മ്മാതാവ് കൂടിയാണ് ദീപിക പദുക്കോണ്‍. ഛപാക്കിന്റെ നിര്‍മ്മാണത്തില്‍ ദീപികയുടെ ഭര്‍ത്താവും നടനുമായ രണ്‍വീര്‍ സിംഗിന്റെയും പണമുണ്ടോയെന്നായിരുന്നു ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. അതിന് തക്ക മറുപടിയുമായി ദീപിക പദുക്കോണും രംഗത്ത് എത്തി. നിങ്ങളോട് ആരാണിത് പറഞ്ഞത്, ഇതെന്റെ സ്വന്തം പണമാണ് എന്നായിരുന്നു രൂക്ഷമായ ഭാഷയില്‍ ദീപിക പദുക്കോണിന്റെ മറുപടി. രണ്‍വീറും ചിത്രത്തിന്റെ നിര്‍മ്മാതാവാണ് എന്നത് തെറ്റായ ധാരണയാണെന്ന് സംവിധായിക മേഘ്‍ന ഗുല്‍സാറും പറഞ്ഞു. സിദ്ധാര്‍ഥ് മഹാദേവൻ ആണ് ചിത്രത്തിലെ ഗാനം പാടിയിരിക്കുന്നത്. ശങ്കര്‍ ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഗുല്‍സാര്‍ ആണ് ഗാന രചന നിര്‍വഹിച്ചിരിക്കുന്നത്. വിക്രാന്ത് മസ്സെയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. അതിക ചൊഹാനും മേഘ്‍ന ഗുല്‍സാറുമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.